ആലപ്പുഴ: സൂക്ഷിക്കുക! എളുപ്പത്തിൽ തട്ടിപ്പിൽ വീഴുന്ന മലയാളിയെ ഉന്നംവച്ച് ആഗോളതലത്തിൽതന്നെ ഇന്റർനെറ്റ് തട്ടിപ്പ് വീരന്മാർ പതിയിരിക്കുന്നു. വിവിധ തരത്തിലാണ് നെറ്റ് തട്ടിപ്പ് വ്യാപകമാകുന്നതെങ്കിലും ഇപ്പോൾ ഓൺ ലൈൻ ബാങ്കിംഗിലാണ് തട്ടിപ്പുവീരന്മാർ നിലയുറപ്പിച്ചിട്ടുള്ളത്. ന്യൂജനറേഷൻ ബാങ്കുകളിലും ദേശാസാൽകൃത ബാങ്കുകളിലും നെറ്റ്‌സൗകര്യം വാഗ്ദാനം ചെയ്യുന്നതുകണ്ട് ഓൺ ലൈൻ അക്കൗണ്ട് തുടങ്ങുന്നവരാണ് സൂക്ഷിക്കേണ്ടത്.

മലയാളികളുടെ പണമുണ്ടാക്കാനുള്ള അതിരുകടന്ന മോഹം തന്നെയാണ് തട്ടിപ്പുകാർ മുതലാക്കുന്നത്. എ ടി എം കൗണ്ടറുകളിലൂടെ അന്യരുടെ അക്കൗണ്ടിൽനിന്നും പണം തട്ടുന്ന അതേ വിദ്യതന്നെയാണ് ഓൺ ലൈൻ ബാങ്കിംഗിലും നടക്കുന്നത്. ഇതിനായി പുതിയ സോഫ്റ്റ് വെയർ തന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നുത്. ഇത്തരത്തിൽ ഇന്റർനെറ്റ് ഓൺ ലൈൻ ബാങ്കിംഗിലൂടെ ലക്ഷം രൂപ നഷ്ടപ്പെട്ട ആളാണ് ചെങ്ങന്നൂർ കീഴ്‌ചേരിമേൽ കിഴക്കേഅറ്റത്ത് വീട്ടിൽ കെ.എസ് അരവിന്ദന്റെ മകൾ അർച്ചനാ അരവിന്ദ്. അർച്ചന ഓൺലൈൻ വഴി അക്കൗണ്ട് തുറന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു.

ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അർച്ചന ചെങ്ങന്നൂരിലെ ബാങ്ക് ശാഖയിൽ 30202260036 നമ്പരായുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽനിന്നും പണം എടുക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പുവിവരം അറിയുന്നത്. 1.5 ലക്ഷത്തോളം രൂപ നിക്ഷേപിക്കപ്പെട്ട അക്കൗണ്ടിൽ ഇപ്പോൾ 16 രൂപ മാത്രമാണ് ബാലൻസ്. തട്ടിപ്പ് ചൂണ്ടിക്കാട്ടി അർച്ചന നൽകിയ പരാതി ബാങ്ക് പരിശോധിച്ച് തട്ടിപ്പ് മനസിലാക്കിയെങ്കിലും അധികൃതർ കൈമലർത്തുകയായിരുന്നു. ഇപ്പോൾ ബാങ്കിനെതിരെ നിയമനടപടിക്കായി കോടതിയിൽ പോകാനൊരുങ്ങുകയാണ് അർച്ചന.

കൊൽക്കത്ത, പൂന എന്നിവിടങ്ങളിൽനിന്നുള്ളവരാകാം തട്ടിപ്പുകാരെന്നാണു ബാങ്ക്‌രേഖകൾ നൽകുന്ന സൂചന. തട്ടിപ്പുകാർ രണ്ട് അക്കൗണ്ട് നമ്പറുകളിലൂടെ രണ്ടു പ്രാവശ്യം 40,000 രൂപ വീതവും, 26,000 രൂപ ഒറ്റത്തവണയായുമാണ് പിൻവലിച്ചിട്ടുള്ളതെന്നു ബാങ്ക്‌രേഖകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ 1.06 ലക്ഷം രൂപയാണ് അർച്ചനയ്ക്ക് നഷ്ടമായത്. സംഭവത്തെതുടർന്ന് ബാങ്ക് അധികൃതർക്കും ഉന്നത പൊലീസ് അധികാരികൾക്കും അർച്ചന പരാതി നൽകിയെങ്കിലും പരിഹാരമായില്ല.

ഓൺലൈൻ തട്ടിപ്പുകൾ മലയാളികളെ ലക്ഷ്യംവച്ച് ഒട്ടേറെയുണ്ടാകുന്നുണ്ട്. ഈയിടെ മലപ്പുറത്ത് ഒരു അമ്മയും മകനും ഓൺലൈൻവഴി ലഭിച്ച സന്ദേശത്തെ തുടർന്ന് അജ്ഞാതന് അയച്ചുകൊടുത്തത് 36 ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ച വാഗ്ദാനം സ്വർണസാന്നിദ്ധ്യമുള്ള എൻജിൻ ഓയിൽ നൽകാമെന്നായിരുന്നു. ഒടുവിൽ അമ്മയും മകനും കൂടി ഓയിൽ എടുക്കാൻ വണ്ടിയും പിടിച്ച് ആരുമറിയാതെ ഡൽഹിയിലെത്തിയപ്പോഴാണ് ആടു കിടന്നിടത്ത് രോമം പോലുമില്ലെന്ന സ്ഥിതിയുണ്ടായത്. അജ്ഞാതൻ നൽകിയ മേൽവിലാസത്തിൽ അങ്ങനെ ഒരു കമ്പനി പോയിട്ട് ബോർഡുപോലുമില്ലായിരുന്നു.

കൊല്ലത്ത് ഇന്റർനെറ്റിലൂടെ ലഭിച്ച സന്ദേശത്തെ തുടർന്ന് യുവാവ് അയച്ചുകൊടുത്തത് ലക്ഷങ്ങൾ. ഇയാൾക്ക് ലഭിച്ചത് നൈജീരിയയിൽ അപ്പനും അമ്മയും വംശീയ കലാപത്തിൽ നഷ്ടപ്പെട്ട യുവതി ആശ്രിതരെ തേടുന്നുവെന്ന പതിവു തട്ടിപ്പുപരിപാടി തന്നെ. നിരവധിപേർ വലയിൽവീണിട്ടുള്ള ഈ തട്ടിപ്പിൽ കൊല്ലത്തെ യുവാവും വീഴുകയായിരുന്നു. യുവതിയുടെ അന്വേഷണത്തിൽ താങ്കളെ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇവരുടെ സ്വത്തുവകകൾ താങ്കളുടെ ബാങ്കിലേക്ക് മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് അറിയിപ്പ്.

രാജ്യാന്തര ബാങ്കിങ് ആയതുകൊണ്ടുതന്നെ നടപടികൾ എളുപ്പത്തിലാക്കാൻ ആവശ്യമായ തുക അയച്ചുതരണമെന്നാണ് ഏജൻസി ആവശ്യപ്പെട്ടത്. ഇതുകേട്ട് ആവേശം മൂത്ത യുവാവ് കൈയിലുള്ളതും കടം വാങ്ങിയും അജ്ഞാതൻ നൽകിയ അക്കൗണ്ടിൽ പണം ഇട്ടുകൊടുത്തു. വരാൻ പോകുന്ന ഭാരിച്ച സ്വത്തിനെ കുറിച്ച് ഓർത്ത് യുവാവ് നാളുകൾ കഴിച്ചെങ്കിലും ഒന്നും വന്നില്ല. ഇതിനിടെ സുന്ദരിയായ യുവതിയുടെ ചിത്രം അയച്ച് തട്ടിപ്പുകാർ യുവാവിനെ പ്രലോഭിപ്പിച്ചുകൊണ്ടുമിരുന്നു. യുവതിയെ നേരാംവണ്ണം സംരക്ഷിച്ചുകൊള്ളണമെന്ന നിർദ്ദേശവും സന്ദേശത്തിലുണ്ടായിരുന്നു. ഒരിക്കലും പാഠം പഠിക്കാത്ത ലോകമണ്ടന്മാരായിപ്പോയി ചില മലയാളികൾ.