മലപ്പുറം: ഐ ഫോൺ, വിലപിടിപ്പുള്ള വസ്തുക്കൾ, ലക്ഷക്കണക്കിന് വിദേശ കറൻസികൾ എന്നിവയെല്ലാം സമ്മാനമടിച്ചെന്ന് ആദ്യം വ്യാജ എസ്.എം.എസ് അയക്കും. സന്ദേശം വിശ്വസിച്ച് സമ്മാനം സ്വന്തമാക്കാൻ ശ്രമിക്കുന്നവരാകട്ടെ ഒടുവിൽ എത്തപ്പെടുന്നത് ചതിക്കുഴിയിലും. ഇത്തരത്തിൽ ഇന്റർനെറ്റ് വഴി ഓൺലൈൻ തട്ടിപ്പിലൂടെ ഒട്ടേറെ പേരിൽ നിന്ന് പണം തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ മലപ്പുറം പൊലീസ് സംഘം ഡൽഹിയിലെത്തി പിടികൂടി. ഡൽഹിയിൽ താമസിച്ച് വരികയായിരുന്ന നൈജീരിയക്കാരൻ ഇമ്മാനുവൽ ആർച്ചിബോംഗ് (23) ആണ് അറസ്റ്റിലായത്.

മോഹിപ്പിക്കുന്ന സമ്മാനവും പണവും നൽകാമെന്ന വ്യാജ എസ്.എം.എസ് ലഭിച്ച് വഞ്ചിതരാകുന്നവർ അത് ലഭിക്കുന്നതിനായി ഇമ്മാനുവലിനെ ബന്ധപ്പെടും. സെക്യൂരിറ്റി, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുന്നതാണ് ഇമ്മാനുവലിന്റെ രീതി. എന്നാൽ പണം അടച്ചവർക്ക് സമ്മാനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പിന്നീട് ഇയാളെ ബന്ധപ്പെടാനും സാധിക്കില്ല.

ഐ ഫോൺ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മലപ്പുറം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. അന്വേഷണത്തിൽ ഒട്ടേറെ പേരെ ഇന്റർനെറ്റ് മുഖേന വഞ്ചിച്ച് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തെ കേരളത്തിലെത്തിയിട്ടുള്ള ഇയാൾ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി ഡൽഹിയിലെത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.  മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹറയുടെ നിർദ്ദേശപ്രകാരം മഞ്ചേരി എസ്ഐ റിയാസ് ചാക്കീരിയുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.എ. മുഹമ്മദ് ഷാക്കിർ, എൻ.എം. അബ്ദുല്ല ബാബു, പി. മുഹമ്മദ് സലീം എന്നിവരാണ് ഡൽഹിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

ലക്ഷക്കണക്കിന് വിദേശ കറൻസി സമ്മാനമടിച്ചെന്ന് വ്യാജ എസ്.എം.എസ് അയക്കുകയും അത് ലഭിക്കുന്നതിനായി സെക്യൂരിറ്റി, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയും ചെയ്താണ് ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം വിശദമായി അന്വേഷിക്കുമെന്നും മറ്റു പരാതികൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.