തിരുവനന്തപുരം: തലസ്ഥാനത്ത് വൻകിട ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭം പൊടിപൊടിക്കുന്നു. വാട്‌സ് അപ്പിലൂടെ വളരെ സേഫ് ആയി നടത്തുന്ന ഓൺലൈൻ കച്ചവടത്തിൽ വാണിഭക്കാർ ലക്ഷ്യം വയ്ക്കുന്നവരിൽ ടെക്കികളും ഉൾപ്പെടുന്നു. നഗരത്തിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം ശക്തമാകുമ്പോൾ ഇരകളാകുന്നവരിൽ അധികവും മറ്റ് സ്ഥലങ്ങളിൽ നിന്നും നഗരത്തിലേക്ക് ചേക്കേറിയവരാണ്.

കഴിഞ്ഞ ദിവസം പൊലീസ് രഹസ്യാന്വേഷണ വിഭാഗം പുറത്ത് വിട്ട റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ അന്തർസംസ്ഥാന പെൺവാണിഭ സംഘം ഉൾപ്പെടെ നിരവധിപേർ പൊലീസിന്റെ വലയിലായി. ഇതോടെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘങ്ങൾക്കായി പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.

പൊലീസിനോ മറ്റുള്ളവർക്കോ യാതൊരു സംശയവും തോന്നാത്ത വിധമാണ് ഈ സംഘം ഓപ്പറേഷൻ നടത്തിപ്പോരുന്നത്. ഇടപാടുകൾക്ക് എല്ലാം വാട്‌സ് ആപ്പും പണം കൈമാറാൻ ബാങ്ക് അക്കൗണ്ടും കറങ്ങിയടിക്കാൻ ആഡംബര കാറുകളും വൻകിട ഫ്‌ളാറ്റുകളും ആയി എല്ലാം സേഫ് ആക്കിയാണ് ഈ സംഘം നഗരത്തെ പിടിമുറുക്കിയത്. ഓരോ ഇടപാടുകൾക്കും പതിനായിരങ്ങളാണ് ഇവർ ഈടാക്കുന്നത്.

തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥർക്കാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലായത് നിരവധി പെൺവാണിഭ സംഘങ്ങളാണ്. സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ മറ്റ് ചില കണ്ണികൾ പൊലീസ് നിരീക്ഷണത്തിലും ആണ്.

പെൺകുട്ടികളുടെ ചിത്രം വാട്സ് ആപ്പിലൂടെ കൈമാറുകയാണ് വാണിഭക്കാരുടെ ആദ്യപടി. ഇടപാടുകാർക്ക് ഫോട്ടോനോക്കി ഇഷ്ടപ്പെട്ട പെൺകുട്ടിയെ തിരഞ്ഞെടുക്കാം. ഇതിനുശേഷം ഇടപാടിന് തയ്യാറായി എത്തുന്നവർക്ക് പെൺകുട്ടികളുടെ റേറ്റും ആ തുക അടക്കേണ്ട ബാങ്കു അക്കൗണ്ട് നമ്പറുകളും കൈമാറും. എല്ലാം ഫിക്സ് ആയാൽ മാത്രം ഇടപാടുകാർ അവരുടെ സ്വന്തം വാഹനങ്ങളിൽ ആവശ്യക്കാരെയും പെൺകുട്ടികളെയുമായി ഒരുമിച്ച് ഫ്ളാറ്റുകളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യും. എല്ലാം സേഫ് ആണെന്ന് ഉറപ്പു വരുത്തിയ ശേഷം സംഘം സ്ഥലം വിടും.

പേരൂർക്കട, അമ്പലമുക്ക്, കഴക്കൂട്ടം, കാര്യവട്ടം, പേട്ട എന്നിവിടങ്ങളിലെ ചില ഫ് ളാറ്റുകളിലാണ് ഷാഡോ പൊലീസ് റെയ്ഡ് നടത്തിയത്. വഴുതക്കാട്ടുള്ള ഒരു ഫ് ളാറ്റും പൊലീസ് നീരീക്ഷണത്തിലാണ്. ആഡംബര ഫ്‌ളാറ്റുകൾ മോഹ വില നൽകിയാണ് ഈ സംഘം കരസ്ഥമാക്കുന്നത്. കയ്യിൽ നല്ല കാശു കിട്ടുമ്പോൾ എന്തിനാണെന്ന് പോലും അന്വേഷിക്കാതെ പലരും അടച്ചിട്ടിരിക്കുന്ന ഫ്‌ളാറ്റുകൾ ലാഭകരമാക്കാൻ ഒന്നും തിരക്കാതെ കൈമാറുകയും ചെയ്യും. ആരും സംശയിക്കുക ഇല്ല എന്നത് തന്നെയാണ് അനേകം പേർ താമസിക്കുന്ന ഇത്തരം ഫ്‌ളാറ്റുകൾ തിരഞ്ഞെടുക്കാൻ ഇടപാടുകാരെ പ്രേരിപ്പിക്കുന്നത്.

ഓരോ പെൺകുട്ടികൾക്കും ഓരോ റേറ്റ് ആണ് ഈടാക്കുന്നത്. പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ് പലരുടെയും വില. ഇങ്ങനെ ഓരോ ഇടപാടിലൂടെയും പെൺവാണിഭ സംഘങ്ങൾ കൊയ്യുന്നത് വൻതുകകൾ. ബാങ്ക് ഇടപാടുകൾ, ആഡംബര വാഹനങ്ങൾ, പരിശോധനകൾ കടന്ന് വരാത്ത ഫ്ളാറ്റുകൾ അങ്ങനെ എല്ലാം സെയ്ഫ് ആകുമെന്നാണ് പെൺവാണിഭക്കാർ കരുതിയിരിക്കുന്നതെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

വരും ദിവസങ്ങളിലും ഫ് ളാറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം. കാര്യങ്ങൾ തിരക്കാതെ വൻതുകയ്ക്ക് ഫ്‌ളാറ്റുകൾ വാടകയ്ക്ക് നൽകുന്ന ഉടമസ്ഥന്മാർക്കും പൊലീസ് നോട്ടീസ് നൽകും.