- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കുകളുടേതിനു സമാനമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിക്കും; ടോൾ ഫ്രീ നമ്പറിന് സമാനമായ നമ്പറിൽ നിന്നുള്ള വിളികളെ കരുതുക; ഓൺലൈൻ തട്ടിപ്പിന് പുതിയ ചതിക്കുഴികൾ; മുന്നറിയിപ്പുമായി പൊലീസ്
കൊച്ചി: ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈൽ സർവീസ് ദാതാക്കളുടെയും മറ്റും പേരിൽ വ്യാജ ടോൾ ഫ്രീ നമ്പർ നിർമ്മിച്ച് നടത്തുന്ന തട്ടിപ്പിൽ ജാഗ്രത പുലർത്താൻ പൊലീസ് നിർദ്ദേശം. യഥാർഥ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള നമ്പർ സ്വന്തമാക്കിയാണ് തട്ടിപ്പ്. അതുകൊണ്ടു തന്നെ നിരവധി പേർ ചതിയിൽ അകപ്പെടുന്നുണ്ട്. ഒന്ന് എന്ന അക്കത്തിലാണ് ഇന്ത്യയിലെ ടോൾ ഫ്രീ നമ്പർ പൊതുവെ തുടങ്ങുന്നത്. ഈ നമ്പറിൽ തുടങ്ങുന്ന മൊബൈൽ നമ്പർ ലഭിക്കാത്തതിനാൽ ഒന്ന് കഴിഞ്ഞുള്ള നമ്പറുകൾ ഒരുപോലെയുള്ള മൊബൈൽ നമ്പർ സ്വന്തമാക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.
ബാങ്കുകളുടേതിനു സമാനമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. ഒട്ടേറെപ്പേരിൽനിന്ന് പണം നഷ്ടമായതോടെ ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈദ്യുതി ബോർഡിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ച് നടക്കുന്ന തട്ടിപ്പിൽ പലർക്കും ലക്ഷങ്ങൾ നഷ്ടമായതായി പൊലീസിന് പരാതിലഭിച്ചിട്ടുണ്ട്. വ്യാജ ടോൾ ഫ്രീ നമ്പർ സംഘടിപ്പിച്ചാണ് തട്ടിപ്പ്. ഈ നമ്പറുകൾ നിരവധി വെബ് സൈറ്റുകളിൽ ടോൾ ഫ്രീ നമ്പർ എന്ന പേരിൽ പോസ്റ്റ് ചെയ്യും. ഇതോടെ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നതും ഇത്തരം വ്യാജ ടോൾ ഫ്രീ നമ്പറുകളാകും.
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്‌ക്രീൻ പങ്കുെവക്കൽ ആപ്ലിക്കേഷനുകൾ. ഇതും വ്യാപകമായി തട്ടിപ്പിനായി ഉപയോഗിക്കുന്നു. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. സ്‌ക്രീൻ പങ്കുെവക്കൽ സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താൽ അവർക്ക് പണി കിട്ടും.
ട്രൂ കോളറിലടക്കം യഥാർത്ഥ സ്ഥാപനത്തിന്റെ ടോൾ ഫ്രീ നമ്പറെന്ന പേരിലാകും തട്ടിപ്പുകാർ രജിസ്റ്റർ ചെയ്തിരിക്കുക. മറ്റു സൈബർ തട്ടിപ്പുകളുടേതുപോലെ തന്നെ കോൾ സെന്റർ പോലുള്ള സംവിധാനം ഒരുക്കിയാണ് ഇവരും കാത്തിരിക്കുക. സാധാരണ കോൾ സെന്ററിലെ പോലെ തന്നെയാകും ഫോൺ എടുക്കുന്നവർ സംസാരിക്കുന്നതും. പ്രശ്‌നപരിഹാരങ്ങൾക്ക് സഹായം തേടി വിളിക്കുമ്പോൾ ലഭിക്കുന്ന നിർദേശങ്ങൾ അതു പോലെ തന്നെ അനുകരിക്കും. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ഒ.ടി.പി. നമ്പർ ചോദിച്ച് പണം തട്ടുന്നതാണ് രീതി.
കെ.വൈ.സി. അപ്ഡേഷന്റെ പേരുപറഞ്ഞ് ബാങ്കിന്റെയും മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെയും പേരിൽ തട്ടിപ്പുകാർ എസ്.എം.എസ്. അയയ്ക്കുന്നുണ്ട്. ഇതിൽ കാണുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുന്ന ആളുകൾക്ക് പണവും നഷ്ടമാകുന്നുണ്ടെന്നാണ് കൊച്ചി സൈബർ ക്രൈം പൊലീസ് പറയുന്നത്. ഇന്റർനെറ്റിൽ ടോൾ ഫ്രീ നമ്പറെന്ന് സെർച്ച് ചെയ്ത് ഏതെങ്കിലും സൈറ്റുകളിൽനിന്ന് ലഭിക്കുന്ന നമ്പറുകളിൽ വിളിച്ച് ചതിയിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴും നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴും ജാഗ്രത വേണമെന്നും പൊലീസ് പറയുന്നു. ജാഗ്രതക്കുറവ് പണം നഷ്ടപ്പെടാനിടയാക്കുമെന്നാണ് കേരള പൊലീസ് ഫെയ്സ് ബുക്ക് പേജിലൂടെയുള്ള മുന്നറിയിപ്പ്. ഈയിടെ നടന്ന ഒരു സംഭവമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ