- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1500 രൂപ മുടക്കി സിഡി വാങ്ങിയാൽ പ്രതിമാസം 30,000 രൂപ ശമ്പളം..! 10 രൂപയുടെ സിഡി അയച്ച് തലസ്ഥാനത്തെ യുവാക്കളുടെ നേതൃത്വത്തിൽ തട്ടിപ്പ്; കൈനനയാതെ മീൻപിടിക്കാൻ ഇറങ്ങി തട്ടിപ്പിൽ കുടുങ്ങിയവർ നിരവധി
കൊച്ചി: കേവലം 1500 രൂപ മാത്രം മുടക്കിയാൽ വീട്ടിലിരുന്ന് പ്രതിമാസം മുപ്പതിനായിരം രൂപ വരെ സമ്പാദിക്കാമെന്നു കേൾക്കുമ്പോൾ ഒരുമാതിരിപ്പെട്ട മലയാളികളൊന്നു ശ്രമിച്ചു നോക്കും. പോയാൽ ആയിരത്തിയഞ്ഞൂറ്, കിട്ടിയാലോ മുപ്പതിനായിരം....മലയാളിയുടെ ഈ പൊതുബോധത്തെ ചൂഷണം ചെയ്ത തട്ടിപ്പുകാർ നിരവധി പേരെ വഡ്ഢികളാക്കി. 1500 രൂപ വിലയുള്ള സിഡി വാങ്ങി വീട്ടില
കൊച്ചി: കേവലം 1500 രൂപ മാത്രം മുടക്കിയാൽ വീട്ടിലിരുന്ന് പ്രതിമാസം മുപ്പതിനായിരം രൂപ വരെ സമ്പാദിക്കാമെന്നു കേൾക്കുമ്പോൾ ഒരുമാതിരിപ്പെട്ട മലയാളികളൊന്നു ശ്രമിച്ചു നോക്കും. പോയാൽ ആയിരത്തിയഞ്ഞൂറ്, കിട്ടിയാലോ മുപ്പതിനായിരം....മലയാളിയുടെ ഈ പൊതുബോധത്തെ ചൂഷണം ചെയ്ത തട്ടിപ്പുകാർ നിരവധി പേരെ വഡ്ഢികളാക്കി. 1500 രൂപ വിലയുള്ള സിഡി വാങ്ങി വീട്ടിലിരുന്ന് ഡാറ്റാ എൻട്രി നടത്തിയാൽ മാസം മുപ്പതിനായിരം വരുമാനം കിട്ടുമെന്നു തെറ്റിധരിപ്പിച്ചാണ് പുതിയ തട്ടിപ്പ്.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു സ്ഥാപനത്തിന്റെ പേരിൽ ജില്ലയിൽ തന്നെയുള്ള ഒരു യുവാവിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തുന്നതെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ക്വിക്കർ പോലുള്ള ജോബ് ലുക്കിങ്ങ് സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത വീട്ടമ്മമാരുൾപ്പെടെയുള്ളവരെ ഫോണിൽ ബന്ധപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തുന്നത്. വിദേശ കമ്പനികളുടെ ഡാറ്റ എൻട്രി ജോലികൾ തരപ്പെടുത്തി നൽകുന്ന കേരളത്തിലെ ഏജൻസിയാണെന്നു പറഞ്ഞാണ് പലരേയും ഇവർ ബന്ധപ്പെട്ടിരിക്കുന്നത്.
തങ്ങൾ ആദ്യം ഒരുപരിശീലനസിഡി അയച്ചുതരുമെന്നും അതിൽ പാസ്‌വേഡ് സഹിതം എന്റർ ചെയ്താൽ പിന്നീട് എതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സോഫ്റ്റ്‌വെയർ കമ്പനികളുടെ കരാർ ജോലികൾ വീട്ടിലിരുന്ന് ചെയ്യാമെന്നും ടെലി കോളിങ്ങ് ചെയ്യുന്ന യുവതി യുവാക്കൾ കസ്റ്റമർമാരെ ധരിപ്പിക്കുന്നു. 900 രൂപ മുതൽ 2000 രൂപ വരെയാണ് തട്ടിപ്പ് സംഘം പലരിൽ നിന്നുമായി ഈടാക്കുന്നത്. കേവലം 10 രൂപയുടെ സിഡിയിൽ യൂ ടൂബിലെ ചില ജോബ് സൈറ്റുകളിലെ വീഡിയോകളും ചില ലിങ്കുകളൂം ഡൗൺലോഡ് ചെയ്താണ് ഇങ്ങനെ ചതിയിൽ പെടുന്നവർക്ക് അയച്ചുകൊടുക്കുന്നത്. പോസ്റ്റ് ഓഫീസിൽ വിപിപി ആയി ഇത് കസ്റ്റമർമാരുടെ പക്കലെത്തുകയും ചെയ്യും.
പാസ്‌വേഡ് എന്റർ ചെയ്യും വരെ മാത്രമേ പലപ്പോഴും ഇവർക്ക് ഈ തട്ടിപ്പുസംഘത്തിന്റെ''സേവനം''ലഭിക്കുകയുള്ളൂ.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള രണ്ടുയുവാക്കളുടെ തലയിലുദിച്ച ഈ ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിലാകമാനം നൂറുകണക്കിനാളുകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാസങ്ങളോളം ഈ സിഡിയിൽ നോക്കിയിരുന്നിട്ടും ഒരൊറ്റ വർക്ക് പോലും തങ്ങൾക്കു ലഭിച്ചില്ലെന്ന് കണ്ണൂർ സ്വദേശിയായ തട്ടിപ്പിനിരയായ ഒരു സ്ത്രീ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു ദിവസം മാത്രം 25ൽ പരം സിഡികൾ ഇവർ പോസ്റ്റ്ഓഫീസ് മുഖാന്തിരം അയയ്ക്കുന്നുണ്ട്. ആദ്യം ടെക്‌നോ പാർക്കിലായിരുന്നു ഇവരുടെ ഓഫീസ്. പിന്നീടത് തിരുവനന്തപുരത്തെ കിള്ളിപ്പാലത്തേക്കും സിറ്റിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിനു മുന്നിലെ കെട്ടിടത്തിലേക്കും മാറി.
ഇപ്പോഴും 1500 രൂപ ചെലവിൽ പതിനായിരങ്ങൾ നേടാമെന്നു പറഞ്ഞ് പലരേയും ഇവരുടെ ഓഫീസിൽനിന്ന് വിളിക്കാറുണ്ടെകിലും എവിടെയാണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് വ്യക്തമല്ല. സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്ത സ്റ്റാഫുകളെ തട്ടിപ്പ് അവർ മനസിലാക്കിയതോടെ പറഞ്ഞു വിടുകയായിരുന്നു.
ജോബ് ലുക്കിങ്ങ് സൈറ്റുകളിൽനിന്ന് കമ്പനി നടത്തിപ്പുകാരായ രണ്ടു യുവാക്കൾ തരുന്ന നമ്പരുകളിൽ വിളിച്ച് അവർ തരുന്ന സ്‌ക്രിപ്റ്റ് അതു പോലെ പറഞ്ഞ് ഫലിപ്പിച്ച് സിഡി കച്ചവടം നടന്നാൽ 300 മുതൽ 400 രൂപ വരെ ടെലികോളിങ്ങ് നടത്തുന്ന ജീവനക്കാർക്ക് കമ്മീഷൻ ലഭിക്കും. ഓഫീസിൽ പരാതിക്കാർ അന്വേഷിച്ചു വരാൻ തുടങ്ങിയതോടെയാണ് ഓഫീസ് പൂട്ടി സംഘം പുതിയ സ്ഥലത്തേക്ക് മുങ്ങിയതെന്നാണ് അന്വേഷണത്തിൽനിന്ന് ബോധ്യമായത്. എന്തായാലും തട്ടിപ്പിനിരയായ ചിലർ സംഘടിച്ച് അടുത്ത ദിവസം തന്നെ പൊലീസിൽ ഇവർക്കെതിരായി പരാതി നൽകാൻ ഒരുങ്ങുന്നതായാണ് വിവരം.