കൊൽക്കത്ത: ബുക്ക് ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ മദ്യം നിങ്ങളുടെ വീട്ടുപടിക്കലെത്തിക്കുന്ന സ്റ്റാർട്ടപ്പ് കൊൽക്കത്തയിൽ പ്രവർത്തനം ആരംഭിച്ചു. പിസയും മറ്റ് ആഹാര സാധനങ്ങളും ലഭിക്കുന്നതിനേക്കാൾ വേഗത്തിൽ മദ്യമെത്തിക്കുമെന്നാണ് ഓൺലൈൻ കമ്പനി പറയുന്നത്. മദ്യം വീട്ടുപടിക്കലെത്തിക്കുന്ന പല ഓൺലൈൻ കമ്പനികളുണ്ടെങ്കിലും ബുക്ക് ചെയ്ത് പത്ത് മിനിറ്റിനുള്ളിലെത്തിക്കുന്ന ഏക സ്ഥാപനമാണ് തങ്ങളുടേതെന്നാണ് ഇന്നോവെന്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓൺലൈൻ ബ്രാൻഡായ ബൂസിയുടെ അവകാശ വാദം. ഹൈദരാബാദിലാണ് ഈ കമ്പനിയുടെ ആസ്ഥാനം.

വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ് ബൂസിയുടെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ബംഗാൾ എക്‌സൈസ് വകുപ്പിന്റെ അനുമതി ഇതിനോടകം കമ്പനി നേടികഴിഞ്ഞു. ആവശ്യക്കാരന് ഏറ്റവും അടുത്ത മദ്യഷോപ്പിൽ നിന്ന് പത്ത് മിനിറ്റിനുള്ളിൽ മദ്യമെത്തിക്കാനുള്ള ആധുനിക സാങ്കേതിക വിദ്യയാണ് ബൂസി രംഗത്തിറക്കിയിരിക്കുന്നത്.

ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും ഉപഭോക്താവിന് എത്രയും പെട്ടെന്ന് അയാൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡ് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബൂസിയുടെ വക്താക്കൾ പറഞ്ഞു. പ്രായപൂർത്തിയാകാത്തവർ ഈ സൗകര്യം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ബൂസിയുടെ സിഇഒ വിവേകാനന്ദ ബലിയാപള്ളി പറഞ്ഞു. ഒപ്പം, വൻ തോതിൽ മദ്യം വാങ്ങിക്കൂട്ടാതിരിക്കാനും ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ഒഡീസ, ബംഗാൾ, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ഓൺലൈൻ മദ്യവിൽപ്പനയും വിപണനവും നടത്തുന്നുണ്ട്. പ്രധാനപ്പെട്ട നഗരങ്ങളായ ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഓൺലൈൻ വഴി മദ്യവ്യാപാരം നടക്കുന്നുണ്ട്. കോവിഡ് കാലത്താണ് മിക്ക സംസ്ഥാനങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തിയത്. എന്നാൽ, ഇത്തരത്തിൽ മദ്യവ്യാപാരം നടത്തുന്നതിനെതിരെ സാമൂഹ്യ സന്നദ്ധ സംഘടനകൾ ഇത്തരം വിപണനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.