- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ടെലികോം കമ്പനി സ്‌റ്റോറിലെ ജീവനക്കാരിയായ ബിജിഷ ഓൺലൈൻ റമ്മി കളിക്കാൻ എങ്ങനെ ഒന്നേമുക്കാൽ കോടി ചെലവാക്കി? യുവതിയെ മറയാക്കി മറ്റാരെങ്കിലും റമ്മി കളിച്ചോ? വിവാഹത്തിനായി കരുതിയ സ്വർണം പണയം വെച്ചു റമ്മികളി; അടിമുടി ദുരൂഹമായി ബിജിഷയുടെ ഇടപാടുകളും മരണവും
കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ മലയിൽ ബിജിഷ (31) ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങൾ നഷ്ടം വന്നതിനെ തുടർന്നാണെന്നു അന്വേഷണ സംഘം കണ്ടെത്തുമ്പോഴും സംശയങ്ങൾ ബാക്കി. വെറുമൊരു സ്വകാര്യ ടെലികോം കമ്പനി സ്‌റ്റോറിലെ ജീവനക്കാരിയായ ബിജിഷ കോടികൾ അക്കൗണ്ടിലൂടെ എങ്ങനെ കൈകാര്യം ചെയ്തുവെന്നത് അടക്കമുള്ള സംശയങ്ങളാണ് നിലനിൽക്കുന്നത്. ഓൺലൈൻ ഗെയിമുകൾക്കായി ബിജിഷ ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ റൂറൽ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസൻ വ്യക്തമാക്കുന്നു.
സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായിരുന്ന ബിജിഷയെ ഡിസംബർ 12നാണു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന യുവതിയുടെ മരണത്തിന്റെ കാരണം എന്താണെന്നു വീട്ടുകാർക്കോ ബന്ധുക്കൾക്കോ വ്യക്തമായിരുന്നില്ല. 35 പവൻ സ്വർണം ബിജിഷ പണയം വച്ചിരുന്നതായി പിന്നീടാണു കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടത്തിയിരുന്നതായും കണ്ടെത്തി. എന്നാൽ ഇത് എന്തിനു വേണ്ടിയാണെന്നോ ആർക്കു വേണ്ടിയാണെന്നോ വീട്ടുകാർക്കും അറിവുണ്ടായിരുന്നില്ല. തുടർന്നു മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകിയതോടെ കേസ് റൂറൽ ജില്ലാ സി ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
കോവിഡ് കാലത്താണു ബിജിഷ ഓൺലൈൻ ഗെയിമുകളിൽ സജീവമായതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ആദ്യം ചെറിയ രീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണു പണം മുടക്കി കളിച്ചത്. പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകളിലേക്കു കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്കു വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാൽ ഓൺലൈൻ റമ്മിയിൽ തുടർച്ചയായി പണം നഷ്ടപ്പെട്ടു. വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം ബിജിഷ പണയം വച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽ നിന്ന് ആരുമറിയാതെ വായ്പയുമെടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതോടെ, വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു. ബിജിഷയെ മോശമായി ചിത്രീകരിച്ചാണു സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണു യുവതിയുടെ ആത്മഹത്യയ്ക്കു കാരണമായതെന്നാണു കണ്ടെത്തൽ. ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ സജീവമായിരുന്നു. അവരിൽ നിന്നും അന്വേഷണസംഘത്തിനു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ച ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞു.
അതസമയം ബിജിഷ മാത്രമാണോ റമ്മി കളിച്ചത് അല്ലെങ്കിൽ മറ്റാരെങ്കിലും യുവതിക്ക് പിന്നിൽ ഉണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ബിജിഷയുടെ ബാധ്യതയെന്നാണ് കണക്കാക്കിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് ശാസ്ത്രീയമായി തന്നെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പകൽ വീട്ടിലെ ശുചിമുറിക്കകത്തു കയറി ആത്മഹത്യ ചെയ്തതാണെന്ന് മൊഴി ലഭിച്ചു. ശാസ്ത്രീയമായ തെളിവുകളിലൂടെ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണം കണ്ടെത്തുകയെന്നതായിരുന്നു അന്വേഷണത്തിന്റെ അടുത്ത ഘട്ടം. ഇതിനുള്ള കാരണം യുവതി ആരുമായും പങ്കുവച്ചിരുന്നില്ല. തുടർന്ന് യുവതിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു. യുവതിക്ക് പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് പണമിടപാടുകൾ അന്വേഷിച്ചത്.
ബാങ്കിലെ രേഖകൾ പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തി. രണ്ട് അക്കൗണ്ടുകൾ വഴി ഒരു കോടിയിലധികം രൂപയുടെ ഇടപാടു നടന്നതായി കണ്ടെത്തി. എന്നാൽ ഇത് എന്തിനു വേണ്ടിയാണെന്നോ ആർക്കു വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. തുടർന്ന് ബാങ്കിലെ വിവരങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. ഇരുപതു ലക്ഷം രൂപയോളം വിവിധ യുപിഐ ആപ്പുകൾ വഴി ബിജിഷ കൈമാറ്റം ചെയ്തതായി കണ്ടെത്തിയതും.
അതേസമയം ഓൺലൈൻ റമ്മിയുടെ ഇരകളായി കുറച്ചുകാലം കേരളത്തിലും ഉണ്ടായിട്ടുണ്ട്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കുക എന്നതാണ് ഇതിന് പരിഹാര മാർഗ്ഗവും. വിവിധ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലെ ഏതൊക്കെ കാര്യങ്ങൾ ആ കമ്പനികൾക്ക് ഉപയോഗിക്കാനാവുമെന്നതിന് ഫോണുടമ ആദ്യം സമ്മതം നൽകേണ്ടതാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും എന്തിനൊക്കെയാണ് 'Allow' ബട്ടൺ അമർത്തിയതെന്ന് ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതിനാലാണ് ബിജിഷയുടെ ഫോണിലെ വിവരങ്ങൾ ഇത്തരം ആപ്പുകാർ ചോർത്തിയതെന്നാണ് കരുതുന്നതെന്നും ആർ. ഹരിദാസ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. അവസാന ഘട്ടത്തിലെത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ