കൊല്ലം: കഴിഞ്ഞ ദിവസം ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ടു കൊല്ലത്തു പിടിയിലായ നാലു സ്ത്രീകളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ. സംസ്ഥാനത്തെ വിവിധ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഓൺലൈൻ പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്ന സൂചനയാണ് ഇവരിൽ നിന്നു പൊലീസിനു ലഭിച്ചത്.

പൊലീസ് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘത്തിലെ പ്രമുഖരെന്ന് വിശ്വസിക്കുന്ന സ്ത്രീകൾ കുടുങ്ങിയത്. ഓൺലൈൻ പെൺവാണിഭം ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിലും കൊഴുക്കുന്നുവെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

ഓൺലൈൻ പെൺവാണിഭ സംഘം സംസ്ഥാനത്തെ മിക്ക ജില്ലകളിലും വ്യാപിക്കുന്നതായി പൊലീസ് നേരത്തെ സൂചന നൽകിയിരുന്നു. ഇതിനിടയിൽ സംഘം ഉപയോഗിച്ചിരുന്ന വെബ്‌സൈറ്റിന്റെ വിവരങ്ങളും പുറത്തായിരുന്നു. എസ്‌കോർട്ട് സർവീസിന്റെ പേരിൽ കോളജ് വിദ്യാർത്ഥികളെ ഉൾപ്പടെ ആവശ്യക്കാർക്ക് സംഘം നൽകിയിരുന്നതായി വെബ്‌സൈറ്റിൽനിന്നും വ്യക്തമായിരുന്നു.

വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ മുമ്പ് സ്ത്രീകൾ ഉൾപ്പടെ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽനിന്ന് മൂന്ന് കാറുകളും രണ്ട് ബൈക്കുകളും 18 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതോടെ സംഘം ഇടപാടുകാരെ കണ്ടെത്താൻ ഉപയോഗിച്ചുവന്ന വെബ്‌സൈറ്റിന്റെ പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടു. അറസ്റ്റിലായവരിൽനിന്ന് ചില സിനിമാ നടിമാർക്കും സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

റെയ്ഡിലൂടെ പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം നിർത്തലാക്കാൻ കഴിഞ്ഞു എന്ന വിശ്വാസത്തിലായിരുന്നു പൊലീസ്. എന്നാൽ, ഇതു തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ. പൊലീസ് റെയിഡിൽ കാര്യമില്ലെന്നും ആവശ്യമെങ്കിൽ പറയുന്നിടത്ത് പെൺകുട്ടികളെ എത്തിച്ചുനൽകുമെന്നുമുള്ള മുഖവുരയോടെ വെബ്‌സൈറ്റ് വീണ്ടും പ്രവർത്തനമാരംഭിച്ചു. ഇതിനിടയിലാണു 'കൊച്ചുസുന്ദരി' എന്നപേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങിയതും. ഇതിലൂടെ വീണ്ടും സംഘം ഇടപാടുകാരെ കണ്ടെത്തിപ്പോന്നു. പെൺവാണിഭ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖല തിരുവനന്തപുരമാണെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൊല്ലത്തുനിന്നും സംഘത്തിലെ പ്രമുഖരെന്ന് കരുതപ്പെടുന്ന നാല് സത്രീകൾ പൊലീസിന്റെ വലയിലാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.