ബംഗളൂരു: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഓൺലൈൻ പെൺവാണിഭ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കേസിലെ ജോഷിയുടെ മകൻ ജോയിസും സഹായി അരുണുമാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് കേരളാ പൊലീസ് ഇരുവരെയും പിടികൂടിയത്. കൊച്ചി കേന്ദ്രീകരിച്ച മനുഷ്യക്കടത്തിലെ മുഖ്യ ഇടപാടുകാരനാണ് ജോയിസ്. ഇയാൾ കേസിൽ നേരത്തെ പിടിയിലായ അച്ചായൻ എന്നറിയപ്പെടുന്ന ജോഷിയുടെ മകനാണ്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തന്നെ ജോയിസിനെ പൊലീസ് പിടികൂടിയെന്നാണ് വിവരം. എന്നാൽ, സഹായി അരുണിനെ കൂടി പിടികൂടിയ േശഷം വിവരം പുറത്തുവിടാനായിരുന്നു പൊലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് മാസം മുമ്പ് നെടുമ്പാശേരിയിൽ നിന്ന് ദുബൈ, ബഹറിൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് യുവതികളെ കടത്തിയത് ജോഷിയും ജോയിസും അടക്കമുള്ള പ്രതികളാണ്. അന്യ സംസ്ഥാനത്തു നിന്നുള്ള പെൺകുട്ടികളെ കേരളത്തിൽ എത്തിച്ച ശേഷമാണ് വിദേശത്തേക്ക് അയച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പറവൂർ പെൺവാണിഭ കേസിലും വരാപ്പുഴ കേസിലും പ്രതിയാണ് ജോയിസിന്റെ അച്ഛനായ ജോഷി. ഇരു കേസിലുമായി ഇയാൾ അഞ്ച് മാസത്തോളം തടവിൽ കിടന്നിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മറ്റൊരു പെൺവാണിഭ കേസിലും പ്രതിയായി.

ജോഷിയും മകൻ ജോയ്‌സി ജോസഫും പെൺവാണിഭത്തിനു തുടക്കമിട്ടത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ വച്ചായിരുന്നു കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ പയ്യാവൂർ കുന്നത്തൂർ പാടി സ്വദേശിയായിരുന്നു ഇപ്പോൾ പിടിയിലായ ജോഷി. കുടിയേറ്റ മേഖലയിലെ ദരിദ്ര കുടുംബത്തിലെ പെൺകുട്ടികളെ വലവീശിയാണ് ജോഷി പെൺവാണിഭം കൊഴുപ്പിച്ചത്. തളിപ്പറമ്പ് ലോഡ്ജുകളിലായിരുന്നു അന്ന് ജോഷിയുടെ വിപണനം അരങ്ങേറിയത്. ലോഡ്ജുകൾ ഭദ്രമല്ലെന്ന് കണ്ടപ്പോൾ വാടകയ്ക്ക് ക്വാട്ടേഴ്‌സ് എടുത്ത് വിപുലമായിത്തന്നെ വാണിഭം നടത്തി.

രണ്ടു വർഷക്കാലം അരങ്ങിലും അണിയറയിലും മകനോടൊപ്പം ചേർന്ന് പെൺവാണിഭം നടത്തി സാമ്പത്തിക ഭദ്രത നേടിയപ്പോഴാണ് ജോഷി സ്വന്തമായി വാടകക്കെടുത്ത കേന്ദ്രങ്ങളിലേക്ക് മാംസക്കച്ചവടത്തിന് ഒരുക്കം കൂട്ടിയത്. 2004ൽ ഒളിഞ്ഞ് ആരംഭിച്ച പെൺവാണിഭം 2006 ഓടെയാണ് വിപുലീകരിച്ചത്.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന പെൺകുട്ടികളെ വശീകരിച്ച ജോയിസ് പാലാത്തടത്തിൽ ആന്റണിയുടെ ഓട്ടോറിക്ഷയിലെത്തിക്കും. ഇതിന് നിയോഗിക്കപ്പെടുന്ന മകൻ ജോയിസും. സുന്ദരനായ ജോയിസ് രാവിലെ മുതൽ കുടിയേറ്റ മേഖലയിൽ നിന്നും വരുന്ന ബസ്സ് കാത്ത് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിൽ നിലയുറപ്പിക്കും. പൂവാലൻ ചമഞ്ഞ് പെൺകുട്ടികളുമായി അടുത്ത് പെറുമാറും. ഈ അടുപ്പം തുടരുന്നതോടെ പെൺകുട്ടികളെ തന്റെ വീട്ടിലെന്ന ധാരണയിൽ ഓട്ടോയിലേക്ക് ക്ഷണിക്കും. തന്റെ താവളത്തിലേക്ക് പെൺകുട്ടികളെ ആകർഷിക്കുന്നതിലൂടെ അവർ വാണിഭത്തിനടിമപ്പെടും. കണ്ണൂരിൽ തുടക്കമിട്ട സാധാ പെൺ വാണിഭം ഇന്ന് ഓൺലൈനിലേക്ക് വളർന്നപ്പോഴാണ് ജോഷിയും മകനും അകത്തായത്.