ബംഗളൂരു: ഓൺലൈൻ പെൺവാണിഭത്തെക്കുറിച്ച് അന്വേഷിക്കാൻ ബംഗളൂരു പൊലീസ് കേരളത്തിലേക്ക്. കർണാടകയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പെൺവാണിഭ സംഘം കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇത്.

തൊഴിൽ വാഗ്ദാനം ചെയ്താണ് കുട്ടികളെ കണ്ടെത്തുന്നത്. ഇതിനായി കോട്ടയം സ്വദേശിനിയായ ലിനീഷ് മാത്യു എന്ന യുവതി പ്രത്യേക റിക്രൂട്ടിങ് ഏജൻസിയും തുടങ്ങിയിരുന്നു. ഇവരുടെ ബംഗളൂരു ബന്ധത്തെക്കുറിച്ചും കർണാടക പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബംഗളൂരുവിൽ നിന്ന് പെൺകുട്ടികളെ സംഘത്തിന് എത്തിച്ചു നൽകിയിരുന്നത് ലിനീഷായിരുന്നു. രാഹുൽ പശുപാലനും രശ്മിക്കുമൊപ്പമാണ് ലിനീഷ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇതോടെയാണ് ലിനീഷിന് പെൺവാണിഭ സംഘവുമായുള്ള ബന്ധം പുറത്തറിഞ്ഞത്. ജോലിതേടി ചെന്നൈയിലെത്തിയപ്പോഴാണ് ഓൺലൈൻ പെൺവാണിഭത്തിന്റെ സാധ്യതകൾ മനസിലാക്കിയതെന്ന് ചോദ്യം ചെയ്യലിൽ രാഹുലും ഭാര്യയും സമ്മതിച്ചതായാണു റിപ്പോർട്ടുകൾ.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് എത്തിച്ചിരുന്നത് നാടുകാണിക്കാൻ എന്ന പേരിലും ജോലി വാഗ്ദാനം നൽകിയുമാണ്. കൂട്ടത്തിലെ സുന്ദരികളെ രശ്മിയെപോലെ മോഡലാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കും. ഇത്തരത്തിൽ സംഘത്തിനൊപ്പം ചേരുന്ന യുവതികളായിരുന്നു അറിഞ്ഞോ അറിയാതെയോ ഓൺലൈൻ പെൺവാണിഭത്തിന്റെ ഇരകളായി മാറിയിരുന്നത്. സംശയങ്ങൾക്ക് ഇടനൽകാതിരിക്കാൻ ചുംബന സമരമടക്കമുള്ള ആധുനിക സമരമാർഗങ്ങളും സംഘം മറയാക്കി.