തിരുവനന്തപുരം: ഒരു രാത്രി മുഴുവൻ നീണ്ട റെയ്ഡിൽ പൊലീസ് കണ്ടെത്തിയതു കേരളത്തെ കാർന്നു തിന്നുന്ന പുത്തൻ വ്യഭിചാരത്തിന്റെ വഴികളാണ്. ആരൊക്കെ പിടിക്കപ്പെട്ടാലും മറ്റു വഴികളിലൂടെ പെൺവാണിഭം തുടരുമെന്നു തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.

ഓൺലൈനിലൂടെ ലക്ഷങ്ങളുടെ മാംസക്കച്ചവടമാണു നടക്കുന്നത്. ഒരിക്കൽ പിടിയിലായാലും വേറൊരു രൂപത്തിൽ ഇതു പ്രത്യക്ഷപ്പെടും. ഓൺലൈനിലൂടെ സുന്ദരികളെ വിലപറഞ്ഞ് ഇടപാട് ഉറപ്പിച്ച് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ അവരെ എത്തിച്ചാണ് കച്ചവടം.

ഒൻപതുപേരാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ വലയിലായത്. ഒരു നടി അടക്കമാണ് കുരുങ്ങിയത്. ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ വീണ്ടും സജീമായെന്ന് മനസ്സിലാക്കി 'ഓപ്പറേഷൻ ബിഗ് ഡാഡി'യുടെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം നടന്ന റെയ്ഡും. സിനിമാ നടിയും മോഡലും സീരിയൽ താരവുമൊക്കെ പൊലീസ് വിരിച്ച വലയിൽപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 4.30ന് ആരംഭിച്ച റെയ്ഡ് അടുത്ത ദിവസം പുലർച്ചെ 4.30നാണ് അവസാനിപ്പിച്ചത്.

ലൊക്കാന്റോ എന്ന സൈറ്റിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോ ഉൾപ്പെടുത്തി ഓൺലൈൻ പെൺവാണിഭം നടക്കുന്നത് രണ്ട് മാസം മുമ്പാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സൈബർ സെൽ സെറ്റിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ആവശ്യക്കാരെന്ന രൂപേണ സൈറ്റിൽ കൊടുത്തിരുന്ന 8136973039 എന്ന മൊബൈൽ നമ്പരിലേക്ക് വിളിച്ചു. ശ്രീകാര്യം സ്വദേശിനിയായ ഗീത(51)യുടേതായിരുന്നു ഫോൺ. അവരാണ് ഈ വാണിഭ സംഘത്തിന്റെ മേധാവി. പെൺകുട്ടികളെ വലയിലാക്കുന്നതും വിൽക്കുന്നതും റേറ്റ് നിശ്ചയിക്കുന്നതുമൊക്കെ ഗീതയാണ്. മകൾ പിങ്കിയും (28) മരുമകൻ പ്രദീപുമാണ് (38) സഹായികളായുള്ളത്. പിന്നെ ഫോണിലൂടെയായിരുന്നു ഇടപാട്.

മുതലാളിമാരെന്ന വ്യാജേനയാണ് പൊലീസ് സംഘം ഇവരെ ഫോണിലൂടെ പരിചയപ്പെട്ടത്. തിരഞ്ഞെടുപ്പ് ജോലികൾക്കായി പല സ്ഥലത്തു നിന്നും വന്നവരാണ് തങ്ങളെന്ന് പറഞ്ഞാണ് ഇടപാടുകാരെ പൊലീസ് വീഴ്‌ത്തിയത്. തിരഞ്ഞെടുപ്പ് ക്ഷീണം തീർക്കാനും മറ്റുമായി നടത്തുന്ന പാർട്ടിയിലേക്ക് കുറച്ച് പെൺകുട്ടികളെ വേണമെന്ന് ആവശ്യപ്പെട്ടു. സുന്ദരികളും ചെറുപ്പക്കാരികളും അതിലുണ്ടാകണമെന്നും പറഞ്ഞു. സിനിമാതാരങ്ങൾ മുതൽ പലരുടെയും പേരടങ്ങുന്ന ലിസ്റ്റ് ഫോണിലൂടെ നൽകി. ആറ് സിനിമാ താരങ്ങളും അഞ്ച് മോഡലുകളും അടങ്ങുന്ന സംഘത്തിന് 33 ലക്ഷം രൂപയാണ് ഇടപാടുകാർ ചോദിച്ചത്. തുടർന്ന് വിലപേശൽ നടന്നു. സുന്ദരികളായവരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. നിബന്ധനകൾ അംഗീകരിക്കുന്നുവെന്നു കാട്ടി പൊലീസ് സംഘം ഒടുവിൽ ഇവരെ വലയിൽ വീഴ്‌ത്തുകയായിരുന്നു.

ഓപ്പറേഷൻ ബിഗ് ഡാഡിയുടെ തലവൻ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഒന്നരമാസം പൊലീസ് സംഘം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്. ശ്രീകാര്യം സ്വദേശി ഗീതയെന്ന പ്രസന്ന (51), ഗീതയുടെ മകൾ പിങ്കിയെന്ന നയന (28), നയനയുടെ ഭർത്താവ് ഉള്ളൂർ സ്വദേശി പ്രദീപ് (38), എറണാകുളം പുതിയകാവ് സ്വദേശി അജിത് (53), ബാലരാമപുരം സ്വദേശി ശ്രീജിത് (26), തിരുവനന്തപുരം പൂഴിക്കുന്ന് സ്വദേശി നിയാസ് (30), മലയിൻകീഴ് സ്വദേശി വിപിൻ (31), ആറ്റിങ്ങൽ പെരിംകുളം സ്വദേശി തിലകൻ (38), ഇടുക്കി രാജക്കാട് സ്വദേശി ജെയ്‌സൺ (31), ആറ്റിങ്ങൽ മുദാക്കൽ സ്വദേശി സജു എന്ന അനീഷ് (33), വെള്ളായണി വണ്ടിത്തടം സ്വദേശി ഷമീർ (30), പട്ടം സ്വദേശിനി സജീന (33), മുട്ടട വയലിക്കട സ്വദേശിനി ബിന്ദു (44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ഇടപാടുകാരിലെ ശ്രീലങ്കക്കാരി സംഘത്തിലെ പ്രധാനിയാണ്. പെൺകുട്ടികളെയടക്കം എത്തിച്ചുകൊടുക്കുന്നതിലെ പ്രധാന കണ്ണിയാണിവർ. 2007ൽ ശ്രീലങ്കയിൽ നിന്ന് പൊള്ളാച്ചിയിലെത്തി സ്ഥിരതാമസമാക്കിയതാണ് ഇവർ. ഇവർക്ക് ഇന്ത്യൻ പൗരത്വമൊന്നുമില്ല. നന്നായി മലയാളം സംസാരിക്കാനറിയാവുന്ന ഇവർ ഗീതയുടെ സ്ഥിരം ആളാണ്. ചെന്നൈയിൽ നിന്നും മറ്റും പെൺകുട്ടികളെ എത്തിക്കുന്നതും ഈ ശ്രീലങ്കക്കാരിയാണ്. അഭയാർത്ഥി എന്ന നിലയിലാണ് ഇപ്പോഴും താമസിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ ഇരകളിൽ രണ്ടു പേർ ചെന്നൈയിൽ നിന്നുള്ളവരാണ്. ഇവരെ ഇവിടെ എത്തിച്ചത് ശ്രീലങ്കക്കാരിയാണെന്നാണ് സംശയം. ഇവരെയും പൊലീസ് വലയിൽ വീഴ്‌ത്തി. മുട്ടട സ്വദേശിയായ ബിന്ദു സിനിമ ബന്ധമുള്ളയാളാണ്. പട്ടത്ത് ബ്യൂട്ടിപാർലർ നടത്തിയിരുന്ന ബിന്ദുവും പെൺകുട്ടികളെ എത്തിക്കുന്ന ഏജന്റായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പുതിയ മന്ത്രിസഭ അധികാരേൽക്കുന്ന ദിവസംതന്നെ ഇടപാടു നടത്താമെന്ന് ഇടനിലക്കാർ തീരുമാനിക്കുകയായിരുന്നു. അന്ന് പൊലീസുകാർ തിരുവനന്തപുരത്ത് സുരക്ഷാ ഡ്യൂട്ടിയിൽ തിരക്കാകുമെന്നതിനാൽ ഈ ദിവസം സേഫാകുമെന്ന് ഇവർ അറിയിക്കുകയായിരുന്നു. അന്ന് വൈകിട്ട് തലസ്ഥാന നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ പെൺകുട്ടികളെ എത്തിക്കുമെന്ന് അറിയിച്ചു. ഇടപാടുകാരിൽ ഒരാൾ അപ്പാർട്ട്‌മെന്റിൽ ആദ്യം എത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പെൺകുട്ടികളെ എത്തിച്ചത്.

ആവശ്യക്കാരെന്ന നിലയിൽ വേഷം മാറിയെത്തിയ പൊലീസ് സംഘത്തെ ആഡംബര മുറിയിൽ കൊണ്ടുപോയി പെൺകുട്ടികളെ കാണിച്ചു കൊടുത്തു. തുടർന്ന് വനിതാ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടികളെ പിടികൂടുകയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് മികച്ച ജോലി നൽകാമെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞാണ് പലരെയും കൊണ്ടുവന്നത്. വരാൻ താത്പര്യപ്പെടാത്ത ചിലരെ ഭീഷണിപ്പെടുത്തിയും കൊണ്ടുവന്നിട്ടുണ്ട്. ഇതേ രീതിയിൽ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘങ്ങൾ പരസ്പരം ബന്ധപ്പെട്ടാണ് പെൺകുട്ടികളെ തലസ്ഥാനത്ത് എത്തിച്ചത്. അതുകൊണ്ടാണ് പ്രതികളുടെ എണ്ണം ഇത്രയും കൂടിയത്. ആദ്യം വലയിൽ കുരുങ്ങിയവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു മുറിയിലിരുന്ന ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പെൺകുട്ടികൾക്കുള്ള കാശ് ആവശ്യക്കാർ നൽകുമ്പോൾ വീതിച്ചെടുക്കാനാണ് ഇവരെല്ലാം മറ്റൊരു മുറിയിൽ കാത്തിരുന്നത്. ഇടപാടുകാരുടെ അഞ്ച് കാറുകളും നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.