തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ പിമ്പുമായ താത്തയ്ക്കും ഓൺലൈൻ പെൺവാണിഭവുമായി ബന്ധമെന്ന് റിപ്പോർട്ട്. ജോഷിയും മകൻ ജോയ്‌സിയും ചേർന്നാണ് പെൺവാണിഭത്തെ നിയന്ത്രിച്ചതെങ്കിൽ താത്തയ്ക്ക് കൂട്ട് മകളായിരുന്നു. ഓൺലൈൻ പെൺവാണിഭക്കേസിൽ പിടിയിലായ മുഖ്യപ്രതി മുബീനയുടെ അമ്മയാണ് താത്ത. ഉമ്മയുടെ വഴിയേയാണ് മുബീന വാണിഭ രംഗത്ത് എത്തുന്നത്. രാഹുൽ പശുപാലനേയും രശ്മി നായരേയും കിട്ടിയതോടെ മുബീന വാണിഭ ലോകത്തെ താരമായി.

താത്ത തന്നെയാണ് മകളെ ഈ രംഗത്ത് എത്തിച്ചത്. നെടുമങ്ങാട് വളപ്പിൽ സ്വദേശിയായ ഇവർ ഇടപാടുകൾ എളുപ്പത്തിലാക്കുന്നതിനും സ്ഥിര ഇടപാടുകാർ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനും സ്വന്തം മകളെ കളത്തിലിറക്കുകയായിരുന്നു. കൊച്ചിയിൽ പൊലീസിനെ ഇടിച്ചിട്ട് രക്ഷപ്പെട്ട മുബീനയെയും കൂട്ടാളിയും ആലപ്പുഴ സ്വദേശിനിയുമായ വന്ദനയെയും തമിഴ്‌നാട്ടിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലെത്തിച്ചതും താത്തയായിരുന്നു. താത്തയുടെ ബന്ധമായിരുന്നു ഇതിന് കാരണം.

ഉമ്മയ്‌ക്കൊപ്പം ഇടപാടുകളിൽ കൂട്ടിനുപോയിരുന്ന മുബീന ഒടുവിൽ പണമുണ്ടാക്കുന്ന എളുപ്പ വഴിയായി പെൺവാണിഭം തെരഞ്ഞെടുക്കുകയായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പെണവാണിഭത്തിലിറങ്ങിയ മുബീന സഹായത്തിനായി ജോഷിയെയും ഒപ്പം കൂട്ടി. രാഹുലും രശ്മിയുമായുള്ള പരിചയമാണ് ബിസിനസിൽ മുൻനിരയിലെത്താൻ മുബീനയെ സഹായിച്ചത്. തമിഴ്‌നാട്ടിലെ കുളച്ചലിന് സമീപം പാലപ്പാളത്ത് പ്രവർത്തിക്കുന്ന ആയുർവേദ ചികിത്സാ കേന്ദ്രത്തിൽനിന്നാണ് പൊലീസിലെ ബിഗ് ഡാഡി സംഘം മുബീനയെ കുടുക്കിയത്. പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ജോലി മുബീന സ്വയം ഏറ്റെടുത്തു. ജോലിയും പണവും വാഗ്ദാനം ചെയ്തായിരുന്നു മുബീന പെൺകുട്ടികളെ ക്യാൻവാസ് ചെയ്തിരുന്നത്. സംഘത്തിന് സൗകര്യമൊരുക്കിയ വളപ്പിൽശാല സ്വദേശി സുൽഫിക്കറും പിടിയിലായിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് ഓൺലൈൻ പെൺവാണിഭ സംഘത്തിനു കൈമാറിയിരുന്ന മുബീനയാണ് രാഹുൽ പശുപാലനും രശ്മി നായരുമടങ്ങിയ പെൺവാണിഭ സംഘത്തിലെ പ്രധാനിയെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ വച്ചാണ് ഓൺലൈൻ പെൺവാണിഭ സംഘത്തിലെ പ്രതികളായ മുബീനയും വന്ദനയും പൊലീസിൽ നിന്നും രക്ഷപെട്ടത്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനിയാണു മുബീന. വന്ദന അമ്പലപ്പുഴ സ്വദേശിയാണ്. വാഹനം തടഞ്ഞ പൊലീസുകാരെ ഇടിച്ചിടാൻ ശ്രമിച്ച ശേഷമാണ് ഇരുവരും അന്ന് കടന്നുകളഞ്ഞത്. മോഡലിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വന്ദന. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി ആഷിഖിന്റെ ഭാര്യയാണ് മുബീന.

മയക്കുമരുന്ന് മാഫിയകളിൽ കുടുങ്ങുന്ന പെൺകുട്ടികളെയാണ് മുബീന പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ശീതളപാനീയത്തിൽ മയക്കുമരുന്നു കലക്കി നൽകിയാണു സ്‌കൂൾ വിദ്യാർത്ഥിനികളെ സംഘം കുടുക്കിവന്നത്. പെൺകുട്ടികളെ കടത്താൻ ബംഗളുരുവിൽ റിക്രൂട്ട്‌മെന്റ് ഏജൻസിതന്നെ ആരംഭിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഡലാക്കാമെന്നു പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ചിത്രം വീഡിയോയിൽ പകർത്തിയശേഷം ബ്ലാക്ക്‌മെയിൽ ചെയ്യുന്നതും സംഘത്തിന്റെ പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ബംഗളുരുവിൽനിന്നു പെൺകുട്ടികളെ കാറിലെത്തിച്ച് വിദേശത്തുകൊണ്ടുപോകാനുള്ള നീക്കവും സംഘത്തിനുണ്ടായിരുന്നു.

ഓൺലൈൻ പെൺവാണിഭ സംഘത്തിലെ യുവതികളിൽ വിലയേറിയ പെൺകുട്ടിയാണ് മുബീന എന്നാണ് പുറത്തുവരുന്ന വിവരം. മുബീന വഴിയായിരുന്നു രശ്മിയി ആർ നായരിലേക്കും രാഹുൽ പശുപാലേേിലക്കും പൊലീസ് എത്തിയത്. ഓൺലൈൻ പെൺവാണിഭ സംഘത്തിലൂടെ ഉന്നതർക്കു പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് തിരുവനന്തപുരം സ്വദേശിനി കൂടിയായ മുബീന ആയിരുന്നു. ചുംബന സമര നേതാവ് രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ.നായർക്കും പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ചുമതല മുബീനയ്ക്കായിരുന്നു.

നെടുമ്പാശേരിയിൽവച്ചു പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ പൊലീസുകാരനെ കാറിടിപ്പിക്കാൻ ശ്രമിച്ചു രക്ഷപ്പെട്ടതും മുബീനയായിരുന്നു. കാറോടിച്ചത് മുബീനയുടെ പ്രധാനസഹായി വന്ദനയാണ്. പതിനാറുകാരിയായ പെൺകുട്ടിയും ഈ കാറിലുണ്ടായിരുന്നു. മുബീനയുടെ കാറിടിച്ച് ക്രൈംബ്രാഞ്ച് എസ്.ഐ: കെ.ജെ. ചാക്കോയ്ക്കു പരുക്കേറ്റിരുന്നു. പെൺവാണിഭ സംഘത്തെ പ്രധാനികളാണ് കടന്നു കളഞ്ഞതെന്ന് അന്ന് തന്നെ പൊലീസ് മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുബീനയെ പിടികൂടാൻ നീക്കങ്ങൾ സജീവമാക്കുകയും ചെയ്തു.

രാഹുൽ പശുപാലനും ഭാര്യ രശ്മിയുമടക്കം ആറു പേരെ പിടികൂടിയതിനു ശേഷമായിരുന്നു മറ്റൊരു സംഘത്തെ പിടികൂടുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം നെടുമ്പാശ്ശേരിയിൽ റോഡരികിൽ നിലയുറപ്പിച്ചത്. കാലടി ഭാഗത്തേക്കുള്ള റോഡിൽ ആഡംബര ഹോട്ടലിന്റെ മുന്നിൽ ഇടപാടുകാരെന്ന വ്യാജേന മഫ്ടിയിൽ നിന്നിരുന്ന പൊലീസ് ഫോണിൽ ബന്ധപ്പെട്ടതനുസരിച്ച് രണ്ട് യുവതികളുമായി ആൾട്ടോ കാറിൽ ഇടനിലക്കാരൻ എത്തി. എന്നാൽ കാറിനടുത്തേക്ക് വന്ന പൊലീസിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ ഇയാൾ പെട്ടെന്ന് കാറോടിച്ച് കടന്നുകളയുകയായിരുന്നു.