തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കാർ പല പെൺകുട്ടികളെയും ചതിയിൽപ്പെടുത്തിയെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. രാഹുൽ പശുപാലനും മുബീനയും അടങ്ങിയ സംഘം പെൺകുട്ടികളെ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി മയക്കി പലർക്കും കാഴ്‌ച്ചവച്ചുവെന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാർത്തകൾ. കഴിഞ്ഞ ദിവസം മുബീനയ്‌ക്കൊപ്പം അറസ്റ്റിലായ വന്ദന എന്ന യുവതിയെ പെൺവാണിഭ സംഘം ഇത്തരത്തിൽ കുടുക്കിയതാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തലസ്ഥാനത്ത് കമ്പ്യൂട്ടർ ഡിപ്ലോമ പഠിക്കാൻ എത്തിയ വന്ദനയെ മുബീന സമർത്ഥമായി വലയിലാക്കി കുടുക്കുകയായിരുന്നു. മോഡലിങ് എന്ന മോഹം കുത്തിനിറച്ചാണ് ചതിയിൽപ്പെടുത്തിയത്.

ചില ടി.വി സീരിയലുകളിൽ അഭിനയിച്ച മുബീന മോഡലാക്കാമെന്ന വ്യാജേന വന്ദനയെ വശീകരിക്കുകയായിരുന്നു. ഈ വാഗ്ദാത്തിൽ ആദ്യം വീഴാതിരുന്ന വന്ദനയെ പിന്നീട് ആവർത്തിച്ച് പറഞ്ഞു മോഹം ജനിപ്പിച്ചു. രശ്മി ആർ നായരെ ചൂണ്ടിക്കാട്ടിയായിരുന്നും കെണിയൊരുക്കിയത്. തുടർന്ന് മുബീനയും ഭർത്താവായ ആഷിഖും വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ളാറ്റിൽ വന്ദനയെ കൂട്ടിക്കൊണ്ട് വന്ന ശേഷം മോഡൽ മോഹം നൽകി ചിലർക്ക് കാഴ്ച വയ്ക്കുകയായിരുന്നു.

ആദ്യം വഴങ്ങാതിരുന്ന വന്ദനയെ മുബീനയും ഭർത്താവും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് ഇടപാടിന് പ്രേരിപ്പിച്ചത്. കെണിയിൽ പെട്ട വന്ദനയെ പിന്നെ പലർക്കും മുബീനയും ഭർത്താവും കൂടി കാഴ്ച വച്ചു. കംപ്യൂട്ടർ ഡിപ്ലോമ പഠിക്കാനെത്തിയ വന്ദ പഠന ശേഷം തിരുവനന്തപുരത്ത് തന്നെ ജോലി ചെയ്യുകയാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്. പെൺവാണിഭത്തിലൂടെ ലഭിക്കുന്ന പണം ശമ്പളം എന്ന പേരിൽ വീട്ടിലേക്ക് അയച്ചു. ഓപ്പറേഷൻ ബിഗ്ഡാഡിയുടെ ഭാഗമായി പിടികൂടാനുള്ള ശ്രമത്തിനിടെ മുബീനയും വന്ദനയും പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടത്. പിന്നീട് ഇവരെ തമിഴ്‌നാട്ടിലെ റിസോർട്ടിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

കുപ്രസിദ്ധ പെൺവാണിഭ ഇടപാടുകാരിയായ താത്തയുടെ മകളാണ് മുബീനയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തന്റെ മാതാവിനെ പോലെ തന്നെ സമർത്ഥമാായാണ് മുബീന പെൺകുട്ടികളെ വീഴ്‌ത്തിയിരുന്നത്. ഉമ്മയുടെ വഴിയേയാണ് മുബീന വാണിഭ രംഗത്ത് എത്തുന്നത്. രാഹുൽ പശുപാലനേയും രശ്മി നായരേയും കിട്ടിയതോടെ മുബീന വാണിഭ ലോകത്തെ താരമായി.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ താത്ത പെൺവാണിഭവുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പ്രതിയാണ്. താത്തയാണ് നെടുമ്പാശേരിയിലെ പൊലീസ് ഓപ്പറേഷനിടെ പൊലീസുകാരെ വെട്ടിച്ചുകടന്ന മുബീനയെയും വന്ദനെയെയും തമിഴ്‌നാട്ടിലെ കുളച്ചലിൽ ഒളിവിൽ കഴിയാൻ സഹായിച്ചത്. താത്ത ഒളിവിലാണ്.

പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് അമ്മയുടെ നിർബന്ധപ്രകാരമാണു ചെറുപ്പക്കാരോടൊപ്പം പോയതെന്നും, പ്രതിഫല കാര്യങ്ങൾ അമ്മയാണ് തീരുമാനിച്ചിരുന്നതെന്നും മുബീന പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജോഷി അമ്മയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് കൊച്ചിയിലേക്കു പോയത്. രശ്മിയെ നേരത്തെ പരിചയമില്ലായിരുന്നുവെന്നും മുബീന പൊലീസിനെ അറിയിച്ചു. ഉമ്മയ്‌ക്കൊപ്പം ഇടപാടുകളിൽ കൂട്ടിനുപോയിരുന്ന മുബീന ഒടുവിൽ പണമുണ്ടാക്കുന്ന എളുപ്പ വഴിയായി പെൺവാണിഭം തെരഞ്ഞെടുക്കുകയായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പെണവാണിഭത്തിലിറങ്ങിയ മുബീന സഹായത്തിനായി ജോഷിയെയും ഒപ്പം കൂട്ടി.

രാഹുലും രശ്മിയുമായുള്ള പരിചയമാണ് ബിസിനസിൽ മുൻനിരയിലെത്താൻ മുബീനയെ സഹായിച്ചത്. തമിഴ്‌നാട്ടിലെ കുളച്ചലിന് സമീപം പാലപ്പാളത്ത് പ്രവർത്തിക്കുന്ന ആയുർവേദ ചികിത്സാ കേന്ദ്രത്തിൽനിന്നാണ് പൊലീസിലെ ബിഗ് ഡാഡി സംഘം മുബീനയെ കുടുക്കിയത്. പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ജോലി മുബീന സ്വയം ഏറ്റെടുത്തു. ജോലിയും പണവും വാഗ്ദാനം ചെയ്തായിരുന്നു മുബീന പെൺകുട്ടികളെ ക്യാൻവാസ് ചെയ്തിരുന്നത്. സംഘത്തിന് സൗകര്യമൊരുക്കിയ വളപ്പിൽശാല സ്വദേശി സുൽഫിക്കറും പിടിയിലായിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് ഓൺലൈൻ പെൺവാണിഭ സംഘത്തിനു കൈമാറിയിരുന്ന മുബീനയാണ് രാഹുൽ പശുപാലനും രശ്മി നായരുമടങ്ങിയ പെൺവാണിഭ സംഘത്തിലെ പ്രധാനിയെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയിൽ വച്ചാണ് ഓൺലൈൻ പെൺവാണിഭ സംഘത്തിലെ പ്രതികളായ മുബീനയും വന്ദനയും പൊലീസിൽ നിന്നും രക്ഷപെട്ടത്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനിയാണു മുബീന. വന്ദന അമ്പലപ്പുഴ സ്വദേശിയാണ്. വാഹനം തടഞ്ഞ പൊലീസുകാരെ ഇടിച്ചിടാൻ ശ്രമിച്ച ശേഷമാണ് ഇരുവരും അന്ന് കടന്നുകളഞ്ഞത്.

മയക്കുമരുന്ന് മാഫിയകളിൽ കുടുങ്ങുന്ന പെൺകുട്ടികളെയാണ് മുബീന പ്രധാനമായും ലക്ഷ്യംവച്ചിരുന്നത്. ശീതളപാനീയത്തിൽ മയക്കുമരുന്നു കലക്കി നൽകിയാണു സ്‌കൂൾ വിദ്യാർത്ഥിനികളെ സംഘം കുടുക്കിവന്നത്. പെൺകുട്ടികളെ കടത്താൻ ബംഗളുരുവിൽ റിക്രൂട്ട്‌മെന്റ് ഏജൻസിതന്നെ ആരംഭിച്ചിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോഡലാക്കാമെന്നു പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ചിത്രം വീഡിയോയിൽ പകർത്തിയശേഷം ബ്ലാക്ക്‌മെയിൽ ചെയ്യുന്നതും സംഘത്തിന്റെ പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മുബീനയുടെ ഈ തന്ത്രത്തിൽ കുടുങ്ങിയതാണ് വന്ദനയെന്നുമാണ് പൊലീസ് നൽകുന്ന വിവരം.