തിരുവനന്തപുരം: ചുംബന സമരത്തിന്റെ അണിയറ ശിൽപ്പികളായിരുന്ന രാഹുൽ പശുപാലനും ഭാര്യ രശ്മിയും അടക്കമുള്ളവർ ഓൺലൈൻ പെൺവാണിഭത്തിൽ കുടുങ്ങിയതിന് പിന്നാലെ പുറത്തുവരുന്നത് കേരളത്തിലെ ഞെട്ടിക്കുന്ന മാംസ വിപണിയുടെ കഥകളാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം സജീവമായി പ്രവർത്തിക്കുന്നതാണ് രാഹുലും രശ്മിയും ഉൾപ്പെട്ട പെൺവാണിഭ സംഘത്തിന്റെ ശൃംഖലകൾ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക് കമ്മ്യൂണിറ്റി പേജിനെയും പെൺവാണിഭ സംഘത്തെയും നിയന്ത്രിച്ചിരുന്നത്ൃ ബഹ്‌റിനിൽ ജോലി ചെയ്യുന്ന അക്‌ബർ എന്ന പ്രവാസി യുവാവായിരുന്നു. ഇയാളായിരുന്നു രാഹുലിനെയും രശ്മിയെയും നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനിയെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

കാസർകോഡ് സ്വദേശിയായ 31 വയസുകാരനായ ഇയാൾ ബഹ്‌റിനിൽ നിന്നും കേരളത്തിൽ എത്തിയിട്ട് ഏതാനും ആഴ്‌ച്ചകൾ മാത്രമേ ആയിട്ടുള്ളൂ. വിവാഹത്തിനായാണ് ഇയാൾ നാട്ടിലെത്തിയത്. ഇതിനിടെ വീണുകിട്ടിയ നല്ല കച്ചവടമായാണ് പൊലീസുകാർ സമീപിച്ചപ്പോൾ കണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങൾ പോക്കറ്റിലാക്കാനുള്ള അവസരം എന്ന നിലയിൽ കണ്ടാണ് അക്‌ബർ ഈ ഡീൽ കണ്ടിരുന്നത്. ഇതാണ് രശ്മിയിലേക്കും പശുപാലനിലേക്കുള്ളമുള്ള വഴി തുറന്നതും.

ബിസിനസുകാരെന്ന് പരിചയപ്പെടുത്തിയാണ് അക്‌ബറിനെ പൊലീസ് ബന്ധപ്പെട്ടത്. രശ്മി നായരുടെ അർധനഗ്‌ന ഫോട്ടോകളാണ് അക്‌ബർ ആദ്യം കച്ചവടത്തിനായി അയച്ചുകൊടുത്തത്. ഒരു രാത്രി 80,000 രൂപയാണു രശ്മിയുടെ റേറ്റ് എന്നും അക്‌ബർ വാട്‌സ് ആപ്പിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്കിലെ കൊച്ചു സുന്ദരികൾ എന്ന പേജിൽ പറയുന്നതുപോലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിട്ടുമോയെന്നായി തുടർന്ന് അന്വേഷണസംഘം. തങ്ങളുടെ കൂട്ടത്തിലുള്ള ഉത്തർപ്രദേശുകാരനു കൊച്ചുപെൺകുട്ടികൾതന്നെ വേണമെന്നും അല്ലെങ്കിൽ ഇടപാടിനില്ലെന്നും അവർ അക്‌ബറിനെ അറിയിച്ചു.

ആന്റി പൈറസി സെല്ലിലെ ഉദ്യോഗസ്ഥൻ യുവബിസിനസുകാരനായി അക്‌ബറിനോട് ഹിന്ദിയിൽ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ബഹ്‌ൈറനിൽ ജോലിയുള്ള അക്‌ബറിന് ഇതോടെ കസ്‌മേഴ്‌സിൽ പൂർണവിശ്വാസമായി. പതിനെട്ടു വയസു തികയാത്ത രണ്ടു പെൺകുട്ടികൾക്കു മൂന്നു ലക്ഷവും രശ്മിയടക്കമുള്ള മറ്റു മൂന്നുപേർക്ക് ഒരു ലക്ഷവും ഉൾപ്പെടെ അഞ്ചുപേർക്ക് ഒരു രാത്രി നാലു ലക്ഷം രൂപയാണ് അക്‌ബർ ആവശ്യപ്പെട്ടത്. കസ്റ്റമേഴ്‌സ് ആഡംബര ഹോട്ടലിൽ മുറിയെടുക്കണമെന്നും അക്‌ബർ ആവശ്യപ്പെട്ടു. 18,000 രൂപ എസ്.ബി.ഐ, ഫെഡറൽ ബാങ്ക് അക്കൗണ്ടുകൾ വഴി അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തു.

നവംബർ 25ന് വിവാഹം നിശ്ചയിച്ചിരുന്ന അക്‌ബർ ദിവസങ്ങൾക്കു മുമ്പാണ് കാസർഗോഡ് ബദിയടുക്കയിലുള്ള വീട്ടിലെത്തിയത്. ഇടപാടു സമയത്തു താൻ വരില്ലെന്നും മുറിയിലേക്കു പെൺകുട്ടികൾ എത്തിക്കൊള്ളുമെന്നുമാണ് അക്‌ബർ ആദ്യം പറഞ്ഞത്. എന്നാൽ പൊലീസ് റെയ്ഡ് ഭയമുള്ളതിനാൽ അക്‌ബറിനെ പോലെ വിശ്വാസമുള്ളൊരാൾ ഇല്ലെങ്കിൽ തങ്ങൾ ഇടപാടിനില്ലെന്ന് അന്വേഷണസംഘം വാശിപിടിച്ചു. തുടർന്നു ചൊവ്വാഴ്ച കൊച്ചിയിലെത്തിയ അക്‌ബറിനെ വൈകിട്ട് നാലരയോടെ പ്രത്യേക പൊലീസ് സംഘം വലയിലാക്കുകയായിരുന്നു.

പൊലീസ് നിർദ്ദേശപ്രകാരം മറ്റുള്ളവരെ ഇയാൾ ബന്ധപ്പെട്ടു. ഇയാളിൽനിന്നു കിട്ടിയ വിവരമനുസരിച്ചാണു ബംഗളുരു സ്വദേശിനികളും സഹോദരികളുമായ പെൺകുട്ടികളുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലെനീഷ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളുരു ലിംഗരാജപുരത്തു താമസിക്കുന്ന ലെനീഷ് മാത്യു മലയാളി ടെക്കിയാണ്. പിടിയിലായ മുബീന പ്രതികളിലൊരാളായ ആഷിഖിന്റെ ഭാര്യയാണ്.

വൈകിട്ട് ഏഴുമണിയോടെ രശ്മിയും മറ്റു രണ്ടു സ്ത്രീകളും ഹോട്ടലിലെത്തുമെന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം. ഇതോടെ ഇവർക്കായി പൊലീസ് ഹോട്ടലിലെ വിവിധ ഇടങ്ങളിൽ കാത്തുനിന്നു. പെൺവാണിഭസംഘത്തിലെ പ്രമുഖനായ അച്ചായനൊപ്പം രണ്ടു സ്ത്രീകൾ ഹോട്ടലിൽ എത്തിയെങ്കിലും വ്യക്തമായ സിഗ്‌നൽ ലഭിക്കാത്തതിനെ തുടർന്നു കാറിനു പുറത്തിറങ്ങിയില്ല. സംശയം തോന്നി ഇവർ പോകാൻ ഒരുങ്ങുന്നതിനിടെ തടയാൻ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഓപ്പറേഷൻ പാളിയെന്നു കരുതി മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി രശ്മിയും രാഹുലും പൊലീസിന്റെ പിടിയിലായത്.

അന്വേഷണ സംഘം രശ്മിയുടെ വാട്‌സ് ആപ്പിലേക്ക് അയച്ച മെസേജിന് രശ്മിയുടെ മറുപടി വന്നതോടെയാണു ഓപ്പറേഷൻ ബിഗ് ഡാഡി വീണ്ടും പുനരാരംഭിച്ചത്. സംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റു വിവരങ്ങൾ രശ്മി അറിഞ്ഞിരുന്നില്ല. രാത്രി 12.30നു ഹോട്ടൽ മുറിയിൽ എത്താൻ പൊലീസ് സംഘം രശ്മിയോടു ആവശ്യപ്പെട്ടു. രണ്ടു വനിതാ പൊലീസുകാർ ബാത്ത്‌റൂമിൽ രശ്മിയെ കസ്റ്റഡിയിലെടുക്കാൻ കാത്തുനിന്നു. കൃത്യസമയത്തു ഭർത്താവ് രാഹുലിനും മകനുമൊപ്പം മുറിയിലെത്തിയപ്പോഴാണു രശ്മിയെ സംഘം കസ്റ്റഡിയിലെടുത്തത്.

പഠനകാലത്തെ സൗഹൃദം മുതൽ പിന്നീട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ് രാഹുൽ പശുപാലനും രശ്മി ആർ നായരും. മധുരയിലെ പ്രശസ്തമായ എൻജിനീയറിങ് കോളജിൽ സഹപാഠികളായാണ് രാഹുലും രശ്മിയും പരിചയപ്പെടുന്നത്. തുടർന്നു കമിതാക്കളായ ഇരുവരും ഭാര്യാഭർത്താക്കന്മാരായി. ആറു വയസുള്ള ആൺകുട്ടിയുടെ മാതാപിതാക്കളുമായി. എൻജിനീയറിങ് ജോലി ചെയ്യുമ്പോഴും പെട്ടെന്നു പണമുണ്ടാക്കാനുള്ള അതിമോഹമാണ് ആദായകരമായ മാംസക്കച്ചവടത്തിലേക്ക് ഇവരെ എത്തിച്ചത്. പണ്ടു മുതലേ മോഡലിങ്ങിൽ താൽപര്യമുള്ള രശ്മിയുടെയും സിനിമാമേഖലയിൽ താൽപര്യമുള്ള രാഹുലിന്റെയും പിന്നീടുള്ള നീക്കങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഭാര്യാഭർത്താക്കന്മാരായി കഴിയുമ്പോഴും പരസ്പര സമ്മതത്തോടെ പലരുമായും ശാരീരികബന്ധത്തിലേർപ്പെട്ടിരുന്നതായി രാഹുലും രശ്മിയും പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. രശ്മിക്കായി കസ്റ്റമേഴ്‌സിനെ കണ്ടെത്തിയതുപോലും ഭർത്താവായ രാഹുലായിരുന്നു. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കിസ് ഓഫ് ലവ് സമരത്തിലേക്കുള്ള ഇരുവരുടെയും കടന്നുവരവും കൃത്യമായ പദ്ധതിയുടെ ഭാഗമാണ്. സമരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന പരസ്യമായ അഭിനിവേശവും മാംസദാഹവും പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

രശ്മി സ്വയം വിപണനം നടത്തുന്നതിനൊപ്പം മാംസവിപണിയിലെ ഏജന്റായും പ്രവർത്തിച്ചുവരികയുമായിരുന്നു. ഫേസ്‌ബുക്ക് അടക്കമുള്ള മാദ്ധ്യമങ്ങളോ ഇതിനായി ഇവർ ഉപയോഗപ്പെടുത്തി. വഴിവിട്ട ജീവിതം നയിക്കുമ്പോഴും മകനോട് അതിയായ സ്‌നേഹവും കരുതലുമാണ് ഇരുവരും വച്ചുപുലർത്തിയതും. അതേസമയം, ഇടപാടു നടക്കുന്ന ഇടങ്ങളിലൊക്കെ കുട്ടിയെ കൊണ്ടുപോയത് എന്തിനാണെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഓൺെലെൻ പെൺവാണിഭ സംഘത്തിലെ സൂത്രധാരനായ അബ്ദുൾ ഖാദറെന്ന അക്‌ബറാണ് രശ്മിയുമായി ഇടപാടുകൾ നടത്തിയിരുന്നത്.

ഓൺലൈൻ സെക്‌സ് റാക്കറ്റിലെ പ്രമുഖനായ അക്‌ബറുമായി ഏഴുമാസത്തെ പരിചയം മാത്രമേ ഉള്ളൂവെന്നാണ് രശ്മി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ഒരു വർഷമായി ഇവരോടൊപ്പം ചേർന്നു ബിസിനസ് നടത്തുന്നതായാണ് അക്‌ബറിന്റെ മൊഴി. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ഓൺെലെൻ പെണവാണിഭ സംഘം താവളമടിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടിനെത്തുടർന്ന് തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് തെരച്ചിലിനെത്തിയത്. ഇതിലാണ് രാഹുലും ഭാര്യയും കുടുങ്ങിയത്.

ഡിജിപി ടിപി സെൻകുമാറിന്റെ നിർദ്ദേശപ്രകാരം ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ബിഗ് ഡാഡി'. അറസ്റ്റിലായവരിൽ കാസർകോട് ബദിയടുക്ക സ്വദേശി അബ്ദുൾഖാദർ (31), ബാംഗ്‌ളൂർ ലിംഗരാജപുരം സ്വദേശിയായ ഇടനിലക്കാരി ലിനീഷ് മാത്യു (39), കൊല്ലം നെടുമ്പന സ്വദേശി രാഹുൽ പശുപാലൻ (29), ഭാര്യ രശമി (27), എറണാകുളം സ്വദേശി അജീഷ് (21), പാലക്കാട്ടുകാരൻ ആഷിഖ് (34) എന്നിവർ ഓൺലൈൻ പെൺവാണിഭത്തിലെ മുൻനിരക്കാരാണ്. മലപ്പുറം സ്വദേശി ഉമ്മർ (28), പാലക്കാട്ടുകാരൻ വിജേഷ് (20), തൃശൂർ സ്വദേശി സുജിത്ത് (28), എറണാകുളം സ്വദേശി സോണികുര്യൻ (26), കെ.എസ്.ആർ.ടി.സി കണ്ടക്ടർ തിരുവനന്തപുരം സ്വദേശി ചന്ദ്രകുമാർ (36), കോട്ടയം സ്വദേശി പ്രദീപ് (32) എന്നിവർ ഫേസ്‌ബുക്കിലൂടെ ഉപഭോക്താക്കളെ വലവീശുന്ന സംഘത്തിൽപെട്ടവരാണ്. ഇടപാടുകാർക്കായി ലിനീഷ് മാത്യു ബാംഗ്‌ളൂരിൽനിന്ന് വിമാനത്തിലെത്തിച്ച പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെയും രശ്മിയുടെ യു.കെ.ജി വിദ്യാർത്ഥിയായ മകനെയും ശിശുക്ഷേമസമിതിയിലാക്കി.