തിരുവനന്തപുരം: കെ കരുണാകരന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പുലിവാല് പിടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സൈബർ വിഭാഗം. കേരളത്തിന്റെ പ്രിയപ്പെട്ട ലീഡറിന് ആദരാജ്ഞലികൾ എന്ന പേരിൽ മുഖ്യമന്ത്രി ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ് വിനയായത്.

ഇതിന് താഴെ കമന്റിടുന്നവരെല്ലാം ഉമ്മൻ ചാണ്ടിയെ പൊങ്കാലയിടുകയായിരുന്നു. മുഖ്യമന്ത്രി പദത്തിൽ നിന്ന് വ്യാജ ആക്ഷേപങ്ങളുമായി കരുണാകരനെ താഴെ ഇറക്കിയ ശേഷം കേരളത്തിന്റെ ലീഡറെന്ന് വിളിക്കുന്നുവെന്നാണ് വിമർശനത്തിന് കാരണം. തെറി വരെ പലരും കുറിക്കുന്നുണ്ട്. ഇത് ഡിലേറ്റ് ചെയ്ത് പണി പാളുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സൈബർ വിഭാഗമെന്നാണ് സൂചന.  മുഖ്യമന്ത്രിയുടെ പോസ്റ്റിലെ അക്ഷരതെറ്റു പോലും ചൂണ്ടിക്കാട്ടിയാണ് പരിഹാസം. അതെങ്കിലും തിരുത്തണമെന്ന ആവശ്യവും കമന്റ് ബോക്‌സിൽ ഉയരുന്നു.

രാവിലെ ഏഴരയോടെയാണ് കരുണാകരനെ ലീഡർ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പോസ്റ്റ് ഇട്ടത്. മറ്റ് വിലയിരുത്തലോ വിശദീകരണമോ ഇല്ല. ഇതിനിടെയിൽ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിലെ ഗൂഢാലോചന തിയറി വ്യക്തമാക്കി ചെറിയാൻ ഫിലിപ്പും പോസ്റ്റിട്ടു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ എഫ്ബിയിൽ പൊങ്കാലയിടൽ തുടങ്ങിയത്. പോസ്റ്റ് പിൻവലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പരമാവധി തെറിവിളികൾ ഡിലീറ്റ് ചെയ്യുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്യുന്നതെന്നാണ് സൂചന. എന്തായാലും വളരെ രൂക്ഷമായ വിമർശനാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ കമന്റ് ബോക്‌സിൽ നിറയുന്നത്.

ചിലർ ഇങ്ങനാ.......ജീവിച്ചിരിക്കുമ്പോൾ ജീവിക്കാനും നന്നാവാന്നും സമ്മതിക്കില്ല. മരിച്ച് കഴിഞ്ഞാലോ...! എന്തോരു ഒലിപ്പീരാ....?? ക്ഷമിച്ചേക്ക് ലീഡറേ.....ആദരാജ്ഞലികൾ-ഇതാണ് പൊങ്കാലയിടലിലെ പൊതു വികാരം. വളരാൻ കഴിഞ്ഞില്ലല്ലോ സാറേ നിങ്ങൾക്കൊന്നും അദ്വെഹത്തിനോളം. കഴിയില്ല കാരണം അദ്വേഹം വളത്തി കൊണ്ട് വന്നതാ നിങ്ങളെ ഒക്കെ എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു പുറകിൽ നിന്നും ആരും കാണാതെ കുത്തി. ഇല്ലാതാക്കി . അങ്ങനേം ഇങ്ങനേം ഒന്നും കരുണാകരൻ പോകില്ല ഉമ്മച്ചാ. നിങ്ങളുടെ പുക കണ്ടാലേ ആ ആത്മാവിനു ശാന്തി കിട്ടൂ.-എന്നാണ് മറ്റൊരു വികാരം.

മനസാക്ഷി കുത്ത് തോന്നുന്നുണ്ടാകും ഇപ്പോൾ അല്ലേ? മറിയം റഷീദ 'ചാരക്കേസ് എന്തിയിരുന്നു സപ്പോർട്ടിന് മഞ്ഞ പത്രമായ മനോരമയും ഞാൻ കോൺഗ്രസ്സുകാരനല്ല എന്നാലും പെൺവാണിഭക്കേസിൽ കരുണാകരനു ഇതേപോലെ നാറേണ്ടി വന്നിട്ടില്ല. കൊടുത്താൽ കൊല്ലത്തല്ല, പുതുപ്പള്ളിയിലും കിട്ടും എന്നു മനസ്സിലായല്ലോ?-എന്നും ചോദ്യങ്ങളെത്തുന്നു. ഒരു ഫോട്ടോയിൽ തീരുന്നതല്ല കുത്തിന്റെ വേദന... അതു അനുഭവത്തിൽ വരുമ്പോൾ അറിയും-എന്നതാണ് മറ്റൊരു രസകരമായ കമന്റ്.

ഇലക്ഷൻ അടുത്തപ്പോൾ അടുത്ത നമ്പറുമായി ഇറങ്ങിയിരിക്കുവാ...കാഞ്ഞ ബുദ്ധിയാ....ഇത്രയും നാൾ ഇല്ലാത്ത ഒരു കരുണാകാര സ്‌നേഹം പെട്ടെന്നെങ്ങനെ പൊട്ടിമുളച്ചു... ഇനി ആർ. ശങ്കറെ തട്ടിയെടുത്ത പോലെ ബിജെപിക്കാർ ലീഡറെയും തട്ടിയെടുക്കുമെന്ന വല്ല വെളിപാടും ഉണ്ടായോ... ഇനി അങ്ങനെ വല്ലതും സംഭവിച്ചാൽ... കേരളത്തിലെ കോൺഗ്രസിന്റെ ഒരവസ്ഥ... ചൂണ്ടികാണിക്കാൻ ഒരഅപ്പനിലാത്ത പിള്ളേരുടെതായിരിക്കും...-ഇത് മറ്റൊരു കമന്റ്. എല്ലാ കമന്റുകളും ഡിലീറ്റ് ചെയ്യരുതെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഏറെ ലൈക്കുകളും ഷെയറുകളും ഈ പോസ്റ്റിന് ലഭിക്കുന്നുമുണ്ട്.

ഉമ്മൻ ചാണ്ടിയേയും കരുണാകരനേയും താരതമ്യം ചെയ്യുന്നതിലെ വിയോജിപ്പും ചിലർ പ്രകടിപ്പിക്കുന്നു. രണ്ടു പേരും മഹാന്മാരായ കോൺഗ്രസ് നേതാക്കളെന്ന വാദവും ഉയർത്തുന്നവരുണ്ട്. എന്നാൽ ബഹു ഭൂരിഭാഗവും ഉമ്മൻ ചാണ്ടിയെ വിമർശിക്കാനാണ് അദ്ദേഹത്തിന്റെ എഫ് ബിയിലെ കരുണാകര പോസ്റ്റിനെ ഉപയോഗിക്കുന്നത്.