തിരുവനന്തപുരം: സോളർ വിവാദവുമായി ബന്ധപ്പെട്ട കേസിൽ എൽഡിഎഫ് സർക്കാരിനു തിരിച്ചടി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണക്കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി അനിൽകാന്ത് ഡിജിപിക്ക് കത്തുനൽകി. കേസ് നിലനിൽക്കില്ലെന്നും അനിൽ കാന്ത് കത്തിൽ പറയുന്നു. ഇതോടെ കേസന്വേഷിക്കാൻ ഉദ്യോഗസ്ഥൻ തന്നെ വിമൂഖത പ്രകടിപ്പിച്ചതിന്റെ നാണക്കേടിലാണ് സർ്ക്കാർ

അതേസമയം, വിഷയത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. അന്വേഷണത്തിനു പകരം ആളെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിപി രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും നേരത്തെ പിന്മാറിയിരുന്നു.സോളർ കേസ് പ്രതി സരിത എസ്.നായരെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളർ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ഉമ്മൻ ചാണ്ടിക്കെതിരെ കേസ് എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്നു നീക്കം ഉപേക്ഷിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാനാവില്ലെന്ന സുപ്രീംകോടതി മുൻ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു ഇത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാൽ എംപിക്കുമെതിരായ ലൈംഗിക പീഡന കേസിൽ ഇരയായ സരിത എസ് നായരുടെ രഹസ്യമൊഴി ഈ മാസം 2ാം തീയതി തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. മജിസ്‌ട്രേട്ട് ദീപാ മോഹൻ തന്റെ ചേംബറിൽ വച്ചാണ് ഇരയുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ടര മണിക്കൂറോളം സമയമെടുത്താണ് അന്ന് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്.

അടച്ചിട്ട മജിസ്ട്രേട്ടിന്റെ സ്വകാര്യ മുറിയിൽ വനിതാ ജീവനക്കാരിയുടെ സാന്നിദ്ധ്യത്തിലാണ് മൊഴിയെടുപ്പ് നടന്നത്. രഹസ്യമൊഴി മുദ്രവെച്ച കവറിൽ എറണാകുളം സ്പെഷ്യൽ കോടതിക്ക് കൈമാറി. പൊലീസ് കസ്റ്റഡിയിലാണോ കോടതിയിൽ വന്നതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഇരയുടെ മറുപടി. ഹാജരാകാൻ കോടതിയിൽ നിന്ന് സമൻസ് കിട്ടിയിരുന്നു. പൊലീസ് കൂട്ടിക്കൊണ്ടു വന്നതല്ല. സ്വമേധയാ സമൻസ് കിട്ടിയ പ്രകാരം കോടതിയിൽ വന്നതാണ്. തന്റെ വീടിന് പൊലീസ് നിരീക്ഷണമില്ല. ആരുടെയും പ്രേരണ മൂലമല്ല താൻ സ്വമേധയാ മൊഴി നൽകാൻ വന്നതാണ്. മൊഴി നൽകാൻ തന്നെ ആരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല എന്നും സരിത മൊഴിയിൽ പറഞ്ഞിരുന്നു.

നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന മൊഴി വിചാരണയിൽ മാറ്റിപ്പറഞ്ഞാൽ നിങ്ങൾക്ക് എതിരെ തെളിവായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന വിവരം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അങ്ങനെയാണെങ്കിൽ കൂടി അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാണെന്നായിരുന്നു സരിതയുടെ അന്നത്തെ ഉത്തരം.നിയമപ്രകാരം ഇത്തരത്തിൽ ഒരു മൊഴി കൊടുക്കാൻ ബാധ്യസ്ഥയല്ലായെന്ന കാര്യം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അറിയാം, മനസ്സിലാക്കിയിട്ടുണ്ടെന്നായിരു ന്നു ഉത്തരം. നിങ്ങൾക്ക് മൊഴി കൊടുക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാൻ സമയം വേണോയെന്നയെന്ന ചോദ്യത്തിന് വേണ്ട, താൻ തയ്യാറാണ് എന്നായിരുന്നു ഉത്തരം.

പ്രകൃതി വിരുദ്ധ പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. മറ്റൊരു കോൺഗ്രസ് നേതാവായ കെ.സി.വേണുഗോപാൽ എംപിക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. സരിത സംസ്ഥാന പൊലീസ് മേധാവി വഴി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ബലാൽസംഗത്തിനാണ് കെസി വേണുഗോപാലിനെതിരെ കേസ്. സരിതാ എസ് നായർക്കെതിരെ പ്രത്യേകം നൽകിയ ബലാത്സംഗ പരാതികളിൽ കേസെടുത്തേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സരിതാ എസ് നായർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.സരിതയുടെ പരാതിയിന്മേൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാർ കമ്മീഷന്റെ ശുപാർശകൾക്ക് പിന്നാലെയായിരുന്നു സരിത പരാതി നൽകിയത്. ബലാതംസംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരെ പീഡനമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നിരവധിപേർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണസംഗം നിലപാടെടുത്തതോടെ ഉമ്മൻ ചാണ്ടി, അടൂർ പ്രകാശ്, കെ സി വേണുഗോപാൽ എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാരിന്റെ നീക്കം തടസ്സപ്പെടുകയായിരുന്നു.എന്നാൽ പ്രത്യേകം പരാതികൾ നൽകിയാൽ കേസെടുക്കാൻ തടസ്സങ്ങളില്ലെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഇതോടെ ഓരോരുത്തർക്കുമെതിരെ പ്രത്യേക പരാതികളുമായി സരിത പൊലീസിനെ സമീപിക്കുകയായിരുന്നു.