- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്ക് അമേരിക്കയിൽ സ്വന്തം സ്ഥാപനവും 300 ഏക്കർ തേക്കിൻ തോട്ടവുമുണ്ടെന്ന് സോളാർ കമ്മീഷനിൽ മൊഴി; സൗരോർജ പദ്ധതിക്ക് മുഖ്യമന്ത്രി ആയിരം കോടി കമ്മീഷൻ ആവശ്യപ്പെട്ടെന്നും എം കെ കുരുവിള; തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളും
കോഴിക്കോട്: കേരളത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാവ് നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണോ? അമേരിക്കയിൽ സ്വന്തമായി സ്ഥാപനവും മുന്നൂറ് ഏക്കർ തേക്കിൻ തോട്ടവുമടക്കം കോടികളുടെ സ്വത്ത് ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമുണ്ടെന്നാണ് സോളാർ കമീഷനിൽ ഇന്നലെ ലഭിച്ച മൊഴി! ഒരുകാലത്ത് ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തും ഇപ്പോൾ കടുത്ത വൈ
കോഴിക്കോട്: കേരളത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാവ് നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണോ? അമേരിക്കയിൽ സ്വന്തമായി സ്ഥാപനവും മുന്നൂറ് ഏക്കർ തേക്കിൻ തോട്ടവുമടക്കം കോടികളുടെ സ്വത്ത് ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുമുണ്ടെന്നാണ് സോളാർ കമീഷനിൽ ഇന്നലെ ലഭിച്ച മൊഴി!
ഒരുകാലത്ത് ഉമ്മൻ ചാണ്ടിയുടെ അടുത്ത സുഹൃത്തും ഇപ്പോൾ കടുത്ത വൈരിയുമായ ബംഗളൂരുവിലെ വ്യവസായി കോട്ടയം ഉഴവൂർ സ്വദേശി എം കെ കുരുവിളയാണ് കൊച്ചിയിൽ നടന്ന സോളാർ കമ്മീഷന്റെ സിറ്റിംഗിൽ അമ്പരപ്പിക്കുന്ന മൊഴി നൽകിയത്. സൗരോർജ പദ്ധതിക്ക് മുഖ്യമന്ത്രി ആയിരംകോടി ആവശ്യപ്പെട്ടെന്ന് മൊഴിനൽകിയ കുരുവിള, സോളാർ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ മുഖ്യമന്ത്രിയെക്കുറിച്ച് ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഒരു ജുഡീഷ്യൽ കമ്മീഷന്മുമ്പാകെ ഉയർന്നിട്ടും, കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളടക്കം ഈ വാർത്ത തമസ്‌ക്കരിക്കയാണ് ഉണ്ടായത്. യു.എസിലെ ഫിലാഡെൽഫിയയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി സ്ഥാപനമുണ്ടെന്നാണ് കുരുവിളയുടെ മൊഴിയിൽ പറയുന്നത്. 'സ്റ്റാർ ഫ്‌ളേക്' എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരൻ ഉമ്മൻ ചാണ്ടിയുടെ അടുത്തബന്ധു സാജൻ വർഗീസ് ആണ്.
ഉമ്മൻ ചാണ്ടിക്ക് അമേരിക്കയിൽ മുന്നൂറ് ഏക്കർ തേക്കിൻ തോട്ടമുണ്ട്. ഇവർ തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. സ്റ്റാർ ഫ്‌ളേകുമായി താൻ ചില ബിസിനസ് ഇടപാടുകൾക്കായി വിളികൾ നടത്തിയിരുന്നു. അങ്ങനെയാണ് തനിക്ക് ഇക്കാര്യം മനസ്സിലായത്. തമിഴ്‌നാട് വൈദ്യുതി ബോർഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാൻ താൻ കരാർ ഒപ്പിട്ടിരുന്നു. ഇതിനുള്ള ഉപകരണങ്ങൾ ഉണ്ടാക്കുന്ന കമ്പനി സ്റ്റാർ ഫ്‌ളേക് ആയതിനാലാണ് അവരുമായി ബന്ധപ്പെട്ടത്. പിന്നീട്, ഈ ഫോൺ സംഭാഷണങ്ങളും രേഖകളും പൊലീസ് നശിപ്പിച്ചതായും കുരുവിള ആരോപിച്ചു.
സോളാർ തട്ടിപ്പുകേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സ്വകാര്യ ചാനലുകൾ തന്നെ ബംഗളൂരുവിൽ വന്ന് കണ്ടിരുന്നു. അന്ന് ഇക്കാര്യങ്ങൾ അവരോട് പറഞ്ഞു. അന്ന് വൈകുന്നേരം സ്റ്റാർ ഫ്‌ളേകിന്റെ കോട്ടയത്തെ ഓഫിസ് പൂട്ടി. അതിനുശേഷമാണ് അഞ്ചംഗസംഘം തന്നെ ബംഗളൂരുവിലെത്തി തട്ടിക്കൊണ്ടുപോയത്. താൻ പണം നൽകിയത് ഉമ്മൻ ചാണ്ടിയിലുള്ള വിശ്വാസംകൊണ്ടാണ്. തന്റെ കൈയിൽനിന്ന് തുക തട്ടിയെടുക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞത് ഈ ഇടപാടിൽ മുഖ്യമന്ത്രിക്ക് പൂർണമായ പങ്കുള്ളതുകൊണ്ടാണെന്നും കുരുവിള പറഞ്ഞു.
വ്യവസായ ആവശ്യങ്ങൾക്കുള്ള സൗരോർജ പദ്ധതിക്ക് പുതിയ സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നോട് 25 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്നും കുരുവിള കമ്മിഷൻ മുമ്പാകെ മൊഴി നൽകി. സോളാർ പദ്ധതികളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണ്.ദക്ഷിണ കൊറിയൻ സോളാർ കമ്പനിയായ 'ഡാമൂളി'ന്റെ ഇന്ത്യയിലെ വിൽപനക്കാരനും വിതരണക്കാരനും ഉമ്മൻ ചാണ്ടിയുടെ അടുത്തബന്ധുവുമായ ആൻഡ്രൂസ് വർഗീസ്, മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫ് അംഗമെന്ന് പരിചയപ്പെടുത്തിയ ഡെൽജിത്, 'സോസ' ഗ്രൂപ് ഓഫ് കമ്പനികളുടെ എം.ഡി ബിനു നായർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് തന്റെ കൈയിൽനിന്ന് 1,03,00,000 രൂപ തട്ടിയെടുത്തെന്നും കുരുവിള മൊഴി നൽകി.
ആൻഡ്രൂസിനെ ചൂണ്ടിക്കാട്ടി 'എന്റെ ഫസ്റ്റ് കസിനാണ്. ഇനിയുള്ള ഇടപാടെല്ലാം നിങ്ങൾ നേരിട്ടായിക്കൊള്ളു. എല്ലാം ശരിയാക്കാം' എന്ന് ഡൽഹിയിലെ കേരള ഹൗസിൽ വച്ച് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് 15 തവണയായി ഇത്രയും തുക നൽകിയത്. ചിലത് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുചിലത് നേരിട്ടുമാണ് ഡെൽജിത്, ആൻഡ്രൂസ്, ബിനു നായർ എന്നിവർക്ക് നൽകിയത്. ഇതുസംബന്ധിച്ച ഇടപാടുകൾ വൈകിയപ്പോൾ പണം തിരികെ ആവശ്യപ്പെട്ടതോടെ ഡെൽജിത്തും ബിനുവും ഭീഷണിപ്പെടുത്താൻ തുടങ്ങി. താൻ നേരിട്ട് മുഖ്യമന്ത്രിയെ കഌഫ് ഹൗസിലത്തെി കണ്ട് പരാതി പറഞ്ഞു. 2012 ഒക്ടോബർ 11നായിരുന്നു ഇത്. 4000 കോടി രൂപ ചെലവുള്ള പദ്ധതിയുടെ 25 ശതമാനമായ 1000 കോടി രൂപ നൽകിയാൽ എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അത് പറ്റില്ലെന്നും ലാഭത്തിന്റെ ഒരുവിഹിതം നൽകാമെന്നും പറഞ്ഞു.
ആലോചിച്ച് മറുപടി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് അദ്ദേഹം ഗൺമാൻ സലിംരാജിന്റെ നമ്പർ തന്നു. ഈ ഫോണിൽ രണ്ടുദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ ഒരുസ്ത്രീ ഫോണെടുത്ത് താൻ ഉമ്മൻ ചാണ്ടിയുടെ മകളാണെന്നും പദ്ധതിയുടെ കാര്യങ്ങൾ സംസാരിക്കാൻ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും അറിയിച്ചു. കുരുവിള ക്രിസ്ത്യാനിയായതിനാൽ കമ്മിഷൻതുക 20 ശതമാനമാക്കി കുറക്കാമെന്നും പറഞ്ഞു. പക്ഷെ വഴങ്ങിയില്ല.
എഴുതി തയാറാക്കിയ പരാതിയുമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. അദ്ദേഹം ഡി.ജി.പിയുടെ അടുത്തേക്കയച്ചു. പരാതി വായിച്ച ഡി.ജി.പി ഇത് മാദ്ധ്യമങ്ങൾക്ക് നൽകരുതെന്ന് പറഞ്ഞു. പിന്നീട് ഐ.ജിയുടെ അടുത്തേക്ക് വിട്ടു. ഐ.ജി ഡിവൈ.എസ്‌പി ഗോപാലകൃഷ്ണ പിള്ളയെ ചുമതലപ്പെടുത്തി. അദ്ദേഹം തൃക്കാക്കര എ.സി.പിയെ ചുമതലയേൽപിച്ചു. നൽകിയ പരാതി എ.സി.പി ഓഫിസിലെ എസ്.ഐ രജിസ്റ്റർ ചെയ്തില്ല. പകരം എഴുതി തയാറാക്കിയ പരാതിയിൽ ഒപ്പിടുവിച്ചു. പിന്നീട് എ.സി.പി നേരിട്ടുവിളിപ്പിച്ചു. പരാതി പിൻവലിച്ചില്‌ളെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. താൻ നേരിട്ട് വിളിച്ചതനുസരിച്ച് മുഖ്യമന്ത്രി വീണ്ടും ക്‌ളിഫ്ഹൗസിലേക്ക് വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് ആഭ്യന്തരമന്ത്രിയെ കണ്ടു. എന്നാൽ, പരാതി പരിഹരിക്കപ്പെട്ടില്‌ളെന്ന് മാത്രമല്ല, ദുബൈയിലെ രവി പൂജാരി എന്ന അധോലോകഗുണ്ട തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇത്രയുമായപ്പോൾ താൻ ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകി. അതിനിടെ, സിബിഐ അന്വേഷണവും താൻ ആവശ്യപ്പെട്ടു. ഇതിനുശേഷം തനിക്കെതിരെ നിരവധി കള്ളക്കേസുകളാണ് എടുത്തത്. വിവിധ കേസുകൾ പറഞ്ഞ് 40 ദിവസം ജയിലിലിട്ടു. ബംഗളൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന് തന്റെ കൈയിലെ നിരവധി തെളിവുകൾ നശിപ്പിച്ചെന്നും കുരുവിള പറഞ്ഞു.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. അതേസമയം കുരുവിള ലക്ഷണമൊത്ത ഫ്രോഡ് ആണെന്നും അയാളുടെ തട്ടിപ്പുകൾ മുഖ്യമന്ത്രി അനുവദിക്കാതിരുന്നതിനാൽ പകപോക്കുകയുമാണെന്നാണ് എ ഗ്രൂപ്പ് ക്യാമ്പ് പ്രതികരിച്ചത്.