തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് വിഴിഞ്ഞം. നവംബർ ഒന്നിന് പദ്ധതിയുടെ തറക്കല്ലിടാനായിരുന്നു തീരുമാനം. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് കാരണം ഡിസംബറിലേക്ക് മാറ്റി. പദ്ധതിയുടെ തറക്കിലടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിക്കണമെന്നാണ് അദാനി പോർട്‌സിന്റെ താൽപ്പര്യം. ഇക്കാര്യം അവർ വ്യക്തമാക്കിയിട്ടുമുണ്ട്. പ്രധാനമന്ത്രിക്കും പദ്ധതിയുടെ തറക്കല്ലിടാൻ എത്തുന്നതിനോട് പ്രധാനമന്ത്രിയും അനുകൂലമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള സുവർണ്ണാവസരമാണ് വിഴിഞ്ഞം തറക്കല്ലിടൽ എന്നാണ് ബിജെപിയും കണക്ക് കൂട്ടുന്നത്. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ കേരള യാത്രയിലൂടെ തന്നെ വികസനത്തിന്റെ ദൂതുനായി മാറാനും കഴിയും. ഇതുതന്നെയാണ് കോൺഗ്രസിലും വിവാദങ്ങൾക്ക് ഇടയാക്കുന്നത്.

മോദിയുടെ അടുപ്പക്കാരനാണ് അദാനി. അദാനിക്ക് വിഴിഞ്ഞത്തെ ടെൻഡർ നൽകിയതിൽ കോൺഗ്രസ് ഹൈക്കമാണ്ട് അതൃപ്തരായിരുന്നു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നിരന്തരം വിമർശിക്കുന്ന ഗൗതം അദാനിക്ക് പദ്ധതി കൊടുത്തത് കോൺഗ്രസ് രാഷ്ട്രീയത്തിന് എതിരായിരുന്നു. എന്നാൽ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകണമെങ്കിൽ ഈ തീരുമാനം കൂടിയേ തീരൂ എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിലപാട് എടുത്തു. ഈ വിഷയത്തിൽ കെപിസിസി അധ്യക്ഷൻ സുധീരൻ ഹൈക്കമാണ്ടിന് ഒപ്പമായിരുന്നു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ ദേശീയ തലത്തിൽ കോൺഗ്രസ് ആരോപിക്കുന്ന വ്യക്തിയാണ് അദാനി. മോദിയുടെ ഗുജറാത്ത് മോഡലിൽ നേട്ടമുണ്ടാക്കിയത് അദാനിയാണെന്നാണ് കോൺഗ്രസ് വിമർശനം. പ്രധാനമന്ത്രിയായി മോദി മാറിയ ശേഷം അദാനിക്ക് കിട്ടിയ പല നേട്ടങ്ങളും കോൺഗ്രസ് സംശയ നിഴലിലാക്കി. ഈ സാഹചര്യത്തിലായിരുന്നു വിഴഞ്ഞം പദ്ധതി അദാനിക്ക് കൊടുക്കുന്നതിനെ സുധീരൻ എതിർത്തത്.

എന്നാൽ കേരള രാഷ്ട്രീയത്തിൽ വിഴിഞ്ഞം നിർണ്ണായകമാണെന്നും അധികാരത്തിൽ തിരിച്ചു വരാൻ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാക്കണമെന്നു ഉമ്മൻ ചാണ്ടി നിലപാട് എടുത്തു. ഇത് ഹൈക്കമാണ്ടിന് അംഗീകരിക്കേണ്ടിയും വന്നു. വിഴിഞ്ഞത്തിൽ സിപിഐ(എം) സ്വീകരിക്കുന്ന ഇരട്ടത്താപ്പ് തുറുന്നുകാട്ടാൻ ഇതിലൂടെ കഴിയുമെന്നാണ് ഉമ്മൻ ചാണ്ടി വാദിച്ചത്. ഒടുവിൽ സോണായാ ഗാന്ധിയുടെ പിന്തുണയോടെ ഹൈക്കമാണ്ടിനെ തീരുമാനത്തിന് അനുകൂലമാക്കി. കുളച്ചിലന്റെ തുറമുഖ സാധ്യതകൾ കൂടിയാണ് ഇതിലൂടെ അടച്ചത്. കോൺഗ്രസ് ഹൈക്കമാണ്ട് പദ്ധതിയെ പരസ്യമായി അനുകൂലിച്ചതിന് ശേഷമാണ് ഇക്കാര്യത്തിൽ സുധീരൻ പരസ്യ പ്രതികരണത്തിന് പോലും തയ്യാറായത്. ഇതോടെ വിവാദങ്ങൾക്ക് താൽകാലിക വിരാമമായെങ്കിലും തറക്കല്ലിടൽ തർക്കത്തിന് വഴിവയ്ക്കുകയാണ്. വിഴിഞ്ഞത്തിൽ രാഷ്ട്രീയ നേട്ടം കോൺഗ്രസിന് മാത്രമാകണമെങ്കിൽ പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്നാണ് സുധീരന്റെ നിർദ്ദേശം. എന്നാൽ പ്രധാനമന്ത്രിയെ കൊണ്ട് തറക്കല്ലിടിക്കണമെന്ന അദാനിയുടെ ആഗ്രഹം എങ്ങനെ തള്ളുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ചോദ്യം.

ചടങ്ങിൽ നിന്ന് പ്രധാനമന്ത്രിയെ മനപ്പൂർവ്വം ഒഴിവാക്കുന്നതും കോൺഗ്രസിന് ഗുണകരമല്ല. വികസനത്തിൽ രാഷ്ട്രീയം കലർത്തിയെന്ന ആരോപണം കോൺഗ്രസിനെതിരെ ബിജെപി ഉയർത്തും. അതിനൊപ്പം വിഴിഞ്ഞത്തിന്റെ മുന്നോട്ട് പോക്കിന് കേന്ദ്ര സർക്കാരിന്റെ സഹായവും ആവശ്യമാണ്. അതുകൊണ്ട് തന്നെ മോദിയെ ഒഴിവാക്കി പുലിവാലു പിടിക്കരുതെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം. എന്നാൽ സുധീരൻ ഉറച്ച നിലപാടിലാണ്. വിഴിഞ്ഞം സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്. തറക്കല്ലിടൽ ചടങ്ങിന് ആരെ വിളിക്കണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. കരാറുകാരന് വഴങ്ങി എന്തെങ്കിലും തീരുമാനം എടുക്കാൻ അനുവദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമുള്ളപ്പോൾ യുഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റാരെങ്കിലും കൊണ്ടു പോകുന്നത് അനുവദിക്കരുത്. തറക്കില്ലിടൽ മുഖ്യമന്ത്രി തന്നെ നിർവ്വഹിച്ചാൽ മതിയെന്നും സുധീരൻ നിലപാട് എടുത്തിട്ടുണ്ട്. തർക്കം ഹൈക്കമാണ്ടിന്റെ ശ്രദ്ധയിലുമെത്തിയെന്നാണ് സൂചന. പരസ്യമായ അഭിപ്രായ പ്രകടനം ഈ വിഷയത്തിൽ ഉണ്ടാകരുതെന്നാണ് ഹൈക്കമാണ്ടിന്റെ നിർദ്ദേശം.

മോദിയെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന് തന്നെയാണ് കെപിസിസിയുടെ വിലയിരുത്തൽ. മോദി എത്തുന്നതോടെ ബിജെപിക്കാരുടെ പരിപാടിയായി മാറും. സംസ്ഥാനത്തുടനീളം പദ്ധതി യാഥാർത്ഥ്യമാക്കിയത് മോദിയും അദാനിയുമാണെന്ന തരത്തിൽ ഫ്‌ലക്‌സുകൾ ഉയർത്തും. കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള മികച്ച മുദ്രാവാക്യമായി വിഴിഞ്ഞത്തെ മോദി മാറ്റുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് കേന്ദ്ര സർക്കാർ നൽകിയതൊക്കെ എണ്ണിയെണ്ണി പറയുകയും ചെയ്യും. ഇത്തരം രാഷ്ട്രീയത്തിന് യുഡിഎഫ് സർക്കാർ വേദിയൊരുക്കരുതെന്നാണ് കെപിസിസിയുടെ നിർദ്ദേശം. ഇതൊക്കെ ഉമ്മൻ ചാണ്ടിയും അംഗീകരിക്കുന്നുണ്ട്. പഞ്ചയായത്ത് തെരഞ്ഞെടുപ്പായതിനാൽ തറക്കല്ലിടലിൽ ഉടൻ തീരുമാനം എടുക്കാൻ കഴിയില്ല. ഈ സാഹചര്യം പരമാവധി മുതലാക്കി പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം.

അതായത് നവംബർ 1നാണ് നേരത്തെ തറക്കല്ലിടൽ നിശ്ചയിച്ചത്. ഇത് ഡിസംബർ ആദ്യം നടക്കാനാണ് ഇനി സാധ്യത. നവംബർ 15ഓടെ മാത്രമേ തദ്ദേശത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാകൂ. അതിന് ശേഷം തയ്യാറെടുപ്പുകൾക്ക് കുറച്ച് സമയം മാത്രമേ ഉണ്ടാകൂ. ഇതുയർത്തി വലിയ വിഐപികളെ കൊണ്ടു വരാതെ മുഖ്യമന്ത്രിയും ഗവർണ്ണറും ചേർന്ന് തറക്കല്ലിടൽ ചടങ്ങ് നടത്തട്ടേ എന്നാണ് കെപിസിസിയുടെ നിർദ്ദേശം. ബഹുഭൂരി ഭാഗവും ഐ ഗ്രൂപ്പും ഈ നിർദ്ദേശത്തെ അനുകൂലിക്കുന്നുണ്ട്. മോദി അനുകൂല വികാരമുയർത്തുന്ന തരത്തിലേക്ക് അതുകൊണ്ട് തന്നെ കാര്യങ്ങൾ എത്തില്ലെന്നാണ് ഇവരുടെ പക്ഷം. അദാനിയോട് എന്ത് പറയുമെന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രശ്‌നമല്ല. തുറമുഖ നിർമ്മാണവും നടത്തിപ്പും മാത്രമേ ഗുജറാത്ത് വ്യവസായിയെ ഏൽപ്പിച്ചുള്ളൂ എന്ന സന്ദേശം തുടക്കത്തിലേ നൽകിയില്ലെങ്കിൽ ബിജെപിയുടെ പദ്ധതിയായി വിഴിഞ്ഞത്തെ അദാനി മാറ്റുമെന്നാണ് സുധീരന്റെ പക്ഷം.

ആർഎസ്എസും കോൺഗ്രസുമായി കൂട്ടുകെട്ടാണെന്ന് വരുത്താൽ സിപിഎമ്മും ശ്രമിക്കുന്നുണ്ട്. ബിജെപിയിലേക്ക് ഒഴുകുന്ന വോട്ടുകൾ ഇടതു പക്ഷത്ത് നിന്നാണെന്ന തിരിച്ചറിവിലാണ് ഇത്. ആർഎസ്എസ് കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഉദാഹരണമായി വിഴിഞ്ഞത്തെ അവർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. മോദിക്ക് വേദി കൂടി ഒരുക്കിയാൽ ആരോപണത്തിന്റെ ശക്തികൂട്ടും. കോൺഗ്രസിനൊപ്പം നിൽക്കുന്ന ന്യൂനപക്ഷങ്ങളുടെ വോട്ടിൽ കണ്ണുവച്ചാണ് സിപിഎമ്മിന്റെ നീക്കം. അതുകൊണ്ട് കൂടുതൽ കരുതലെടുക്കണമെന്നാണ് സുധീരന്റെ പക്ഷം. എന്നാൽ രാഹുൽ ഗാന്ധിയെ സ്വാധീനിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്ന് എ ഗ്രൂപ്പും ആരോപിക്കുന്നു. ഏതായാലും വിവാദമുണ്ടാകാതെ എല്ലാം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്.

ഹൈക്കമാണ്ടിന്റെ മനസ്സ് അനുകാലമാക്കാൻ സുധീരൻ നടത്തുന്ന ഈ നീക്കത്തെ പരിപൂർണ്ണമായും തള്ളുന്നത് ഗുണകരമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമറിയാം. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ തീരുമാനം ഉണ്ടാകൂ. നിലവിലെ സാഹചര്യത്തിൽ വിഴിഞ്ഞത്തെ വികസന നായകനെന്ന പരിവേഷം സ്വയം അണിഞ്ഞ് മോദിയെ തറക്കല്ലിടൽ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി ഒഴിവാക്കുമെന്നാണ് ലഭിക്കുന്ന സൂചന.