തിരുവനന്തപുരം: ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ബിജുരമേശിന്റെ ഉടമസ്ഥതയിലുള്ള കിഴക്കേക്കോട്ടയിലെ രാജധാനി ബിൽഡിങ്‌സ് പൊളിക്കേണമെന്ന നിലപാടിൽ സബ് കളക്ടർ കാർത്തികേയൻ. അതിനിടെ ബിജു രമേശിന് അനുകൂലമായി തീരുമാനം എടുപ്പിക്കാനുള്ള സമ്മർദ്ദം റവന്യൂവകുപ്പിലെ ഉന്നതർ തുടരുകയാണ്. കളക്ടർ ബിജു പ്രഭാകർ വിവാദത്തിനില്ലെന്ന് പറഞ്ഞ് മാറിയതോടെയാണ് ഓപ്പറേഷൻ അനന്തയുടെ ഉത്തരവാദിത്തം കാർത്തികേയന് ലഭിച്ചത്. അദ്ദേഹവും ബിജു പ്രഭാകറിന്റെ നിലപാട് തുടരുന്നത് ബിജു രമേശിനെ വെട്ടിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ റവന്യൂമന്ത്രി അടൂർ പ്രകാശിന്റെ പിന്തുണയോടെ അവസാന വട്ട ശ്രമങ്ങൾ ബിജു രമേശ് നടത്തുകയാണ്.

തെക്കനംകര കനാൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ബിജുരമേശിന്റെ വസ്തുവകകളുമായി ബന്ധപ്പെട്ട കേസിൽനിന്ന് ഒഴിയുന്നതായി കളക്ടർ ബിജു പ്രഭാകർ അറിയിച്ചതോടെ കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ ബിജു രമേശ് ശ്രമം തുടങ്ങിയിരുന്നു. തികച്ചും വ്യക്തിപരമാണ് തീരുമാനം. ഈ വിഷയം സംബന്ധിച്ച് എന്തു തീരുമാനമെടുത്താലും വ്യത്യസ്ത അഭിപ്രായം വരുമെന്നതിനാലാണ് താൻ ഒഴിയുന്നതെന്നായിരുന്നു കളക്ടർ അന്ന് പറഞ്ഞത്. താൻ എടുക്കുന്ന നിലപാടുകളിൽ ശക്തമായി ഉറച്ചു നിൽക്കുന്നയാളാണെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നു തന്നെ ബിജു രമേശിനായുള്ള സമ്മർദ്ദത്തിന്റെ കരുത്ത് വ്യക്തമായി. എന്നാൽ സബ് കളക്ടർ കാർത്തികേയനും അതിന് വഴങ്ങാതെ വന്നതോടെ ബിജു രമേശ് വെട്ടിലായി.

ഇപ്പോൾ സബ് കളക്ടർ കാർത്തികേയൻ, ബിജു രമേശിന്റെ ആജ്ഞാനുവർത്തിയാണെന്ന് വരുത്താനാണ് ബിജു രമേശിന്റെ ശ്രമം. പദ്ധതിയിൽ നിന്ന് ഒഴിഞ്ഞെന്ന് പറഞ്ഞ ശേഷം റവന്യൂമന്ത്രി അടൂർ പ്രകാശിനോടും തന്നോടുമുള്ള വിരോധം സബ് കളക്ടറിലൂടെ തീർക്കുകയാണെന്ന് വരുത്താനാണ് ശ്രമം. ഇത് ഫലം കണ്ടിട്ടുമുണ്ട്. ബിജു രമേശിന്റെ കാര്യത്തിൽ അനുകൂല തീരുമാനമോ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകാനുള്ള സാഹചര്യമോ സൃഷ്ടിക്കണമെന്നാണ് റവന്യൂമന്ത്രിയുടെ ആവശ്യം. അതിനിടെ ഓപ്പറേഷൻ അനന്തയിൽ കാലതാമസം പാടില്ലെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്. ശിവകുമാറിനെതിരെ ബാർ കോഴയിൽ ബിജു രമേശ് ആരോപണം ഉന്നിയിച്ചിരുന്നു. ഈ സഹചര്യത്തിൽ രാജധാനി പൊളിച്ചാലും കുഴപ്പമില്ല തന്റെ നിയമസഭാ മണ്ഡലത്തിലെ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണണമെന്നാണ് ശിവകുമാറിന്റെ നിലപാട്.

കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തിലാണ് ബിജുരമേശ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ കൂടി സാന്നിധ്യത്തിൽ കെട്ടിടം പരിശോധിക്കണമെന്നാണ് ബിജുരമേശ് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം സംയുക്ത പരിശോധന നടത്തിയത്. ഡെപ്യൂട്ടി കളക്ടർ കെ. കാർത്തികേയൻ എഡിഎം വി.ആർ. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഇന്നലെ നടന്ന സംയുക്ത പരിശോധനയിൽ കെട്ടിട ഉടമ ബിജു രമേശ് പങ്കെടുത്തില്ല. സ്ഥലത്തില്ലാത്തതിനാൽ പരിശോധനക്കായി ഒരാഴ്ചത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് സർക്കാറിന് കത്ത് നൽകിയിരുന്നു.

എന്നാൽ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് സംഘം അറിയിച്ചതിനെത്തുടർന്ന് ബിജു രമേശിന്റെ പ്രതിനിധികളാണ് പരിശോധനയിൽ പങ്കെടുത്തത്. കനാൽ കൈയേറിയല്ല നിർമ്മാണം നടത്തിയതെന്ന വാദം ബിജുരമേശിന്റെ പ്രതിനിധികൾ വിശദീകരിച്ചു. രാജധാനി ബിൽഡിങ്‌സിന്റെ പുറകിലായി കാണുന്ന കനാലിന്റെ ഭാഗവും സംഘം പരിശോധിച്ചു. സ്ഥല പരിശോധനക്ക് ശേഷം വൈകുന്നേനരം നാലിന് കളക്ടറേറ്റിൽ നടന്ന ഹിയറിങിലും രമേശിന്റെ പ്രതിനിധികളാണ് പങ്കെടുത്തത്. ഇന്നും ഹിയറിങ് തുടരുമെന്ന് സബ് കളക്ടർ കാർത്തികേയൻ അറിയിച്ചു. പ്രാഥമിക പരിശോധനയിലെ കാര്യങ്ങൾ വിലയിരുത്തി ഉടൻ നടപടി സ്വീകരിക്കുമെന്ന് എഡിഎം അറിയിച്ചു.

തെക്കനംകര കനാൽ കൈയേറിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്ന നിഗമനത്തിലാണ് കാർത്തികേയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ. കനാൽ കൈയേറിയല്ല നിർമ്മാണം നടത്തിയതെന്ന വാദം ബിജു രമേശിന്റെ പ്രതിനിധികൾ പരിശോധകസംഘത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് സാധൂകരിക്കാൻ കഴിയുന്ന തെളിവുകളൊന്നും നൽകിയതുമില്ല. അതുകൊണ്ട് തന്നെ കെട്ടിടം പൊളിക്കാനുള്ള തീരുമാനത്തിലേക്ക് പോരാൻ സബ് കളക്ടർക്കാകും. അതിന് കോടതിയിൽ ചോദ്യം ചെയ്ത് അനുകൂല തീരുമാനം ഉണ്ടാക്കാനാണ് റവന്യൂ വകുപ്പിൽ കള്ളക്കളി നടക്കുന്നതെന്നാണ് സൂചന. മന്ത്രിതലത്തിൽ തന്നെ ഈ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധനയിൽ നിന്ന് ബിജു രമേശ് വ്യക്തിപരമായി വിട്ടുനിന്നത്.

തെക്കനംകര കനാൽ ഒഴുകേണ്ട 12 സെന്റ് സ്ഥലം നികത്തിയാണ് രാജധാനി ബിൽഡിങ് പണിതിരിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് കെട്ടിടം പൊളിക്കാൻ ടീം അനന്ത തീരുമാനിച്ചത്. എന്നാൽ ഭൂമി കൈയേറിയെന്ന ആരോപണത്തിൽ കൃത്യതയും സുതാര്യതയുമില്ലെന്നും വർഷങ്ങളായി കെട്ടിടത്തിന് കരം അടയ്ക്കുന്നുണ്ടെന്നുമാണ് ബിജുരമേശിന്റെ വാദം. ഇതിനപ്പുറം ഒന്നും പറയാൻ ബിജു രമേശിനില്ല. ഈ സാഹചര്യത്തിൽ കെട്ടിടം പൊളിക്കാനുള്ള തീരുമാനം നിയമപരമായി സബ് കളക്ടർക്ക് എടുക്കാനാകും.

മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനാണ് ഓപ്പറേഷൻ അനന്ത ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഹോമിയോ ആശുപത്രിയുടെ കെട്ടിടമടക്കം പൊളിച്ചുമാറ്റിയ അധികൃതർ, നഗരത്തിൽ സർക്കാർ ഭൂമിയും ഓടകളും കൈയേറി നിർമ്മാണപ്രവർത്തനം നടത്തിയ വൻകിടക്കാർക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സർക്കാർ കെട്ടിടങ്ങൾ പൊളിക്കാൻ ഉത്സാഹം കാണിച്ചവർ സ്വകാര്യവ്യക്തികൾക്ക് സംരക്ഷണം ഒരുക്കിയെന്നതാണ് വസ്തുത. കളക്ടറുടെ ഇടപെടലുകൾ പോലും മറികടക്കാൻ പോന്ന സ്വാധീനമുള്ള ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ അട്ടിമറിച്ചത്.

രാജധാനി ബിൽഡിങ് പൊളിക്കാനായില്ലെങ്കിൽ ഓപ്പറേഷൻ അനന്ത പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വരും. മതിയായ നടപടിക്രമങ്ങൾ പാലിക്കാതെ കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ചീഫ് സെക്രട്ടറി ജിജി തോംസണാണ് തിരുവനന്തപുരത്തിന്റെ വെള്ളപ്പൊക്ക പ്രശ്‌ന പരിഹാരത്തിന് ഓപ്പറേഷൻ അനന്ത അവതരിപ്പിച്ചത്. ബിജു പ്രഭാകറിനായിരുന്നു ചുമതല. തെക്കനംകര കനാൽ പുനഃസ്ഥാപിക്കലാണ് പരിഹാരമെന്ന് കണ്ടെത്തി. അപ്പോഴാണ് തെക്കനംകര കനാൽ കയ്യേറിയുള്ള ബിജു രമേശിന്റെ നിർമ്മാണം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഈ കെട്ടിടം ഒഴുപ്പിക്കാനുള്ള നടപടികൾ തുടങ്ങി. റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ ബന്ധുകൂടിയായ ബിജു രമേശിനെ തൊടാൻ ബിജു പ്രഭാകർ ഇറങ്ങിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തന്ത്രപരമായി കളക്ടറെ മാറ്റുകയും ചെയ്തു. ഇതിന് ശേഷം കാര്യങ്ങളെല്ലാം ബിജു രമേശിന് അനുകൂലമാക്കാനുള്ള ശ്രമവും നടന്നു.

ഇതിന്റെ ഫലമായാണ് നേരായ രീതിയിൽ കെട്ടിടം പൊളിക്കാനുള്ള നോട്ടീസ് നൽകാത്തത്. കോടതിയിൽ നിന്ന് അനുകൂല വിധി ബിജു രമേശിന് നേടാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തി. ഇതിനിടെയിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. ബാർ കോഴയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബിജു രമേശിനെതിരെ കടുത്ത നിലപാട് വേണമെന്ന് വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും റവന്യൂ മന്ത്രിയും എതിരായിട്ട് കൂടി ബിജു പ്രഭാകറിനെ വീണ്ടും തിരുവനന്തപുരം കളക്ടറുമാക്കി. വീണ്ടും ഓപ്പറേഷൻ അനന്ത സജീവമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തടസ്സമായി കോടതി വിധിയെത്തിയത്. ഇതോടെ കൈയേറ്റം നടന്നുവെന്ന് ബിജു രമേശിനെ ബോധ്യപ്പെടുത്തിയാൽ മാത്രമേ കെട്ടിടം പൊളിക്കൽ സാധ്യമാകൂ എന്നതാണ് അവസ്ഥ. ഇത് ബോധ്യപ്പെടുത്തിയെന്ന് സർക്കാർ പറഞ്ഞാലും ബിജു രമേശിന് കോടതിയിൽ ചോദ്യം ചെയ്യാം. അതുകൂടി കഴിഞ്ഞാലേ പൊളിക്കൽ നടക്കൂ.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥ കുളത്തോട് ചേർന്നുള്ള കുളം നികത്തി ബിജു രമേശ് അനധികൃതമായി നിർമ്മിച്ച ഓഡിറ്റോറിയം പൊളിക്കാതിരിക്കാൻ സർക്കാരിന്റെ കള്ളക്കളി മറുനാടൻ മലയാളി നേരത്തെ തുറന്ന് കാട്ടിയിരുന്നു. വെള്ളക്കെട്ടിൽ നിന്നും തലസ്ഥാനത്തെ രക്ഷിക്കാൻ കളക്ടറായിരുന്ന ബിജു പ്രഭാകർ ഒരുക്കിയ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. 40 സെന്റ് സ്ഥലത്തെ കുളവും 12 സെന്റ് സ്ഥലത്തെ ഓടയും മൂടിയാണ് രാജധാനി ഓഡിറ്റോറിയം പണിതതെന്ന് വ്യക്തമായതോടെ ഇത് പൊളിക്കാൻ നടപടി എടുത്ത ബിജു പ്രഭാകറിനെ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട് മാറ്റുകയായിരുന്നു. എന്നാൽ സബ് കളക്ടർ കാർത്തികേയൻ നടപടികളുമായി മുന്നോട്ട് പോയതോടെ മന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഇതോടെ പദ്ധതി തന്നെ അട്ടിമറിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ബിജു പ്രഭാകറിനെ വീണ്ടും കളക്ടറാക്കിയത്.

ഓപ്പറേഷൻ അനന്തയിൽ തെക്കനംകര കനാലിന് മുകളിലെ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമാണ് പ്രശ്‌നം. രാജധാനി കല്ല്യാണമണ്ഡപം, ജ്യൂലറി എന്നിവയാണ് വിവാദത്തിൽപ്പെടുന്നത്. തെക്കനംകര കനാലായിരുന്നു തലസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് പരിഹാരമായി തിരുവിതാംകൂർ രാജാവ് നിർമ്മിച്ചത്. കിഴക്കേകോട്ടയിലെ വെള്ളം ശാസ്ത്രീയമായി ശ്രീവരാഹത്തെ കനാലിൽ എത്തിക്കാനായിരുന്നു ഇത്. അനധികൃത കെട്ടിടങ്ങൾക്കൊപ്പം മാലിന്യവും നിറഞ്ഞതോടെ ഈ കനാൽ അടഞ്ഞു. കിഴക്കേ കോട്ടയിലേയും തമ്പാനൂരിലെയും വെള്ളക്കെട്ടും തുടങ്ങി. ഈ ഓട പുനഃസ്ഥാപിക്കാനായിരുന്നു ഓപ്പറേഷൻ അനന്ത. കർശന നിലപാടിലൂടെ ചെറുകിടക്കാരുടെ കൈയേറ്റങ്ങൾ മുഴുവൻ ബിജു പ്രഭാകർ ഒഴിപ്പിച്ചു. കനാലിന്റെ പഴയ സ്‌കെച്ചുകൾ പരിശോധിച്ചപ്പോഴാണ് കനാലിനെ ഇല്ലാതാക്കിയ കെട്ടിടം ബിജു രമേശിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെയും കർശന നിലപാട് എടുക്കാൻ കളക്ടർ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. ബിജു പ്രഭാകറിനെ തന്നെ മാറ്റി പദ്ധതി അട്ടിമറിച്ചു. ഇതിന്റെ തുടർ സമ്മർദ്ദമാണ് സ്വയം ഒഴിയാൻ കളക്ടറെ പ്രേരിപ്പിച്ചത്.

ശ്രീ പത്മനാഭക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കുതിരമാളിക വളപ്പിലാണ് ഓപ്പറേഷൻ അനന്തയുടെ അവസാനവട്ട സർവേ നടന്നത്. അഞ്ചടിയോളം മണ്ണ് നീക്കംചെയ്ത് ഓട കണ്ടുപിടിക്കുകയായിരുന്നു. ഓട എത്തിനിൽക്കുന്നത് കുതിരമാളികയുടെ തൊട്ടടുത്ത അഞ്ചുനിലയുള്ള രാജധാനി ബിൽഡിങ്‌സിന്റെ ചുമരിനോട് ചേർന്നാണ്. ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് ബഹുനില കെട്ടിട്ടം. കല്യാണമണ്ഡപവും പഴയ രാജധാനി ബാറും ലക്ഷ്മി ജൂവലറിയുമൊക്കെ സ്ഥിതിചെയ്യുന്നത് ഈ കെട്ടിടത്തിലാണ്. തെക്കനംകര കനാലിന്റെ പാതയും ഇതിന് തടസ്സമായേക്കാവുന്ന കെട്ടിടങ്ങളും കണ്ടത്തൊനാണ് റവന്യൂ വകുപ്പ് സർവേ നടത്തിയത്. അഞ്ച് അടി താഴെയാണ് തെക്കനംകര കനാലിന്റെ മുകളിലെ സൽബ്. ഇവിടെ 20 അടിയോളം ആഴത്തിലാണ് കനാൽ നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലും ചാന്തും ഉപയോഗിച്ചു നിർമ്മിച്ച കനാൽ കാലപ്പഴക്കംകൊണ്ട് തകരാവുന്ന അവസ്ഥയിലാണ്.