ആലപ്പുഴ: ഓപ്പറേഷൻ കുബേര മൂത്തപ്പോൾ പൊലീസ് പിടികൂടുന്നതു പലിശയ്ക്കു ബ്ലേഡെടുത്തു മുടിഞ്ഞ ഇരകളെ. ബ്ലേഡുകാരെ ഒതുക്കാൻ ആഭ്യന്തര മന്ത്രി വക ഓപ്പറേഷൻ കുബേരയുണ്ടായിട്ടും പല പ്രമുഖ കുബേരന്മരും സംസ്ഥാനത്തു സ്വൈരവിഹാരം നടത്തുകയാണ്. അതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ മൂക്കിനു താഴെയുള്ള പൊലീസ് സ്‌റ്റേഷനിൽ ഇരകളെ പൊലീസ് ഒതുക്കുന്നത്.

ബ്ലേഡുകാരന്റെ കൈയിൽനിന്നു പണം പലിശയ്‌ക്കെടുത്തു മുടിഞ്ഞ വീട്ടമ്മയെയാണു കുബേരന്മാർക്കുവേണ്ടി പൊലീസ് പീഡിപ്പിക്കുന്നത്. നീതി ലഭിച്ചില്ലെങ്കിൽ മക്കളെയും ചേർത്ത് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിനിൽക്കുകയാണു വീട്ടമ്മ. ഇവിടെയിതാണു സ്ഥിതിയെങ്കിൽ സംസ്ഥാനത്തെ മറ്റു സ്‌റ്റേഷനുകളിലെ അവസ്ഥയെന്തായിരിക്കും? ബ്ലേഡുകാരനുവേണ്ടി പൊലീസിന്റെ പീഡനം സഹിക്കേണ്ടിവന്ന വീട്ടമ്മയാണ് മുതുകുളം കിഴക്കേ തേവലപ്പുറത്ത് സ്വദേശിയായ ബിന്ദു. പുരയിടവും കിടിപ്പാടവും ബ്ലേഡുകാരൻ തട്ടിയെടുത്ത വീട്ടമ്മയ്ക്കാണ് കായംകുളം കനകകുന്ന് പൊലീസിന്റെ പീഡനം കൂടി ഏൽക്കേണ്ടിവരുന്നത്.

കുബേരനുവേണ്ടി പൊലീസ് ബിന്ദുവിനെ നിരന്തരം സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകൾക്കുശേഷം പറഞ്ഞയയ്ക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടെ കുബേരന്റെ ഒത്താശക്കാരായ പൊലീസുകാർ സ്‌റ്റേഷനിൽ വച്ച് ആവശ്യത്തിന് അസഭ്യവും വർഷിക്കാറുണ്ട്. വനിതാപൊലീസിന്റെ അസാന്നിദ്ധ്യത്തിൽ നടക്കുന്ന അനീതിയെ എതിർത്ത വീട്ടമ്മയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

പലിശയ്ക്ക് പണം എടുത്ത് വഴിയാധാരമായ വീട്ടമ്മയുടെ കഥയിങ്ങനെ. ബ്ലേഡ് പലിശക്കാരനായ മുതുകുളം നടുവിൽ ചിറയിൽ ചെല്ലപ്പന്റെ മകൻ പ്രസാദിൽനിന്നാണ് ആശാ പ്രവർത്തക കൂടിയായ ബിന്ദു ഒരു ലക്ഷം രൂപ പലിശയ്ക്ക് എടുത്ത്. 10 ശതമാനം പലിശയ്‌ക്കെടുത്ത പണം തിരികെ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് ഇയാൾ ഭീഷണിപ്പെടുത്തുന്നത്. പണത്തിന് ഉറപ്പായി നൽകിയ ചെക്കും പ്രോമീസറി നോട്ടും ഉപയോഗിച്ച് കുബേരൻ വീടും പറമ്പും എഴുതിയെടുക്കുകയും ചെയ്തു. പണം തിരിച്ചു നൽകിയപ്പോൾ രേഖകൾ ചോദിച്ചപ്പോൾ കുബേരയിൽ കുടുങ്ങിയതുമൂലം രേഖകൾ തരാൻ ആല്പം സാവകാശം വേണമെന്നാണ് അറിയിച്ചത്.

അടുത്ത പരിചയക്കാരനായ കുബേരനെ വിശ്വസിച്ച വീട്ടമ്മക്ക് ദിവസങ്ങൾക്കുശേഷം വക്കീൽ നോട്ടീസാണ് ലഭിച്ചത്. പണം പലിശയ്ക്ക് വാങ്ങിയശേഷം ഇയാൾ തന്റെ വീടിന്റെ ഷെഡിൽ ചൂതൂകളി പതിവാക്കിയത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായതത്രേ. ഷെഡിൽ ചൂതുകളിക്കാനെത്തുന്നവർക്ക് അമിതപലിശയ്ക്ക് പണം നൽകി കളി നടത്തുന്ന ഏർപ്പാടായിരുന്നുവത്രേ ഷെഡിൽ നടന്നത്. ഇത് പുറത്തറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാൾക്ക് പക വർദ്ധിച്ചതായി വീട്ടമ്മ പറയുന്നു.

കനകകുന്ന് പൊലീസ് നേരത്തെയും പ്രതികൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്ന സ്റ്റേഷനാണ്. പൊലീസിനെതിര വീട്ടമ്മ ഇപ്പോൾ സംസ്ഥാന പൊലീസ് മേധാവി , മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കുബേരൻ തന്റെ അക്കൗണ്ടിൽനിന്നും പണം പിൻവലിച്ച രേഖകൾ പൊലീസിന് നൽകിയിട്ടും വകവെക്കാതെയാണ് പൊലീസ് തന്നെ പീഡിപ്പിക്കുന്നതെന്ന് വീട്ടമ്മ പറയുന്നു.