ന്യൂഡൽഹി: പാക്കിസ്ഥാൻ മിലിട്ടറി ഇന്റലിജൻസ് (എംഐ) ലേക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതിന് ഹരിയാനയിലെ റെവാരിയിൽ മിലിട്ടറി എഞ്ചിനീയറിങ് സർവീസിലെ ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മഹേഷ് കുമാർ എന്നയാളെയാണ് ഹരിയാണയിലെ റെവാരിയിൽനിന്ന് പിടികൂടിയത്. മിലിട്ടറി ഇന്റലിജൻസും ഹരിയാണ പൊലീസിന്റെ പ്രത്യേക ദൗത്യസംഘവും ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഫേസ്‌ബുക്കിൽ ഹണിട്രാപ്പിൽ കുടുങ്ങിയതിനെത്തുടർന്നാണ് 28കാരനായ ഇയാൾ പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ആരംഭിച്ചത്.

മിലിട്ടറി എൻജിനിയറിങ് സർവീസ് (എംഇഎസ്) ജീവനക്കാരനാണ് അറസ്റ്റിലായ മഹേഷ് കുമാർ. സാമൂഹ്യ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ഹണിട്രാപ്പിൽ കുടുക്കിയാണ് പാക്കിസ്ഥാനിൽ ഉള്ളവർ ഇയാളിൽനിന്ന് രഹസ്യ വിവരങ്ങൾ ചോർത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. രണ്ടര വർഷമായി ഇയാൾ പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും ഇതിന് പ്രതിഫലമായി പലതവണ പണം വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിൽ ജോലിചെയ്യുന്ന ഒരു എംഇഎസ് ജീവനക്കാരൻ പാക്കിസ്ഥാന് വിവരങ്ങൾ കൈമാറുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് മിലിട്ടറി ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ കുടുങ്ങിയത്.

ചോദ്യം ചെയ്യുന്നതിനിടയിൽ മഹേഷ് കുമാർ 2018 ജൂലൈയിൽ 'ഹാർലീൻ ഗിൽ' എന്ന പേരുള്ള യുവതിയുമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടതായി സമ്മതിച്ചു. പാക്കിസ്ഥാനിലുള്ള അക്കൗണ്ടിലേക്ക് സൗഹൃദ അഭ്യർത്ഥന ഇയാൾ അയക്കുകയായിരുന്നു. അവർ ഫേസ്‌ബുക്കിൽ സുഹൃത്തുക്കളാകുകയും ഫേസ്‌ബുക്ക് മെസഞ്ചറിലെ ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ചാറ്റ് വഴി ആശയവിനിമയം നടത്തുകയും ചെയ്തു. മുപ്പത് വയസ്സുള്ള താൻ ജലന്ധറിലെ പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് (പിസിഡിഎ) ഓഫീസിൽ ജോലി ചെയ്യുന്നുവെന്നാണ് യുവതി ഇയാളോട് പറഞ്ഞിരുന്നത്. ഈ അക്കൗണ്ട് പിന്നീട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടു.

പിന്നീട്, 2019 ൽ 'ഹർമാൻ കൗർ' എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് ഒരു സുഹൃത്ത് അഭ്യർത്ഥന ലഭിച്ചു. അവർ ഫേസ്‌ബുക്ക് മെസഞ്ചറിൽ ആശയവിനിമയം ആരംഭിക്കുകയും പിന്നീട് വാട്ട്‌സ്ആപ്പിൽ സമ്പർക്കം സ്ഥാപിക്കുകയും ചെയ്തു. കുറഞ്ഞത് രണ്ട് വാട്ട്‌സ്ആപ്പ് നമ്പറുകളുമായി പ്രതി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വാട്ട്‌സ്ആപ്പിലൂടെ അവർ തമ്മിൽ ടെക്സ്റ്റ്, ഓഡിയോ സന്ദേശങ്ങൾ കൈമാറുകയും ഹോട്ട് വീഡിയോ ചാറ്റുചെയ്യുകയും ചെയ്‌തു. തുടർന്ന് യുവതി തന്നോട് ഓരോ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു എന്നും ഇയാൾ വ്യക്തമാക്കുന്നു. 

പാക്കിസ്ഥാനിലുള്ള സ്ത്രീയെ ഇയാൾ 'മാഡം ജി' എന്നാണ് വിളിച്ചിരുന്നത്. ഇതേപ്പറ്റി ലഭിച്ച വിവരത്തെ തുടർന്ന് 'ഓപ്പറേഷൻ മാഡം ജി' എന്നപേരിൽ മിലിട്ടറി ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചാരവൃത്തി നടത്തിവന്നയാൾ കുടുങ്ങിയത്. പാക് രഹസ്യാന്വേഷണ ഏജൻസികളുടെ ഭാഗമായി പ്രവർത്തിക്കുന്ന മൂന്നുപേരുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ട് തവണ കേരളം വഴിയാണ് ഇയാൾക്ക് 5000 രൂപവീതം പ്രതിഫലം ലഭിച്ചതെന്ന് ഡിഎൻഎ റിപ്പോർട്ടുചെയ്തു. ജയ്പുർ കേന്ദ്രമായ സൈനിക ബ്രിഗേഡിന്റെ വിവരങ്ങളും പല മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും പാക്കിസ്ഥാന് കൈമാറിയതായി ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. മിലിട്ടറി എൻജിനിയറിങ് സർവീസസ് ഓഫീസിലെത്തുന്ന പല ഉദ്യോഗസ്ഥരോടും സംസാരിക്കുകയും അതിലൂടെ അറിയാൻ കഴിഞ്ഞ വിവരങ്ങൾ പാക്കിസ്ഥാന് കൈമാറുകും ചെയ്തുവെന്നും ഇയാൾ പറയുന്നു. ശുചീകരണ ജീവനക്കാരനായാണ് ഇയാൾ പ്രവർത്തിക്കുന്നത്. എന്നാൽ പല കത്തുകളുടെയും രേഖകളുടെയും ചിത്രങ്ങൾ ഇയാളുടെ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഇയാളുടെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.