- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷൻ പി ഹണ്ടിൽ അറസ്റ്റിലായത് 14 പേർ; 39 കേസുകൾ രജിസ്റ്റർ ചെയ്തു; പിടിയിലായവരിൽ ഏറെയും ഐ.ടി രംഗത്തുള്ളവർ; ഇന്റർപോൾ സഹായത്തോടെയുള്ള പൊലീസ് നടപടി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറുന്നതും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ
കൊച്ചി: കുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ നടപടികൾ ശക്തമാക്കി പൊലീസ്. കേരളാ പൊലീസിന്റെ ഓപ്പറേഷൻ പി ഹണ്ട് വഴി 14 പേർ അറസ്റ്റിലായി. ഇന്റർപോളിന്റെ സഹായത്തോടെ പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിലാണ് അറസ്റ്റ്. അറസ്റ്റിലായവരിലേറെയും ഐ.ടി രംഗത്തുള്ളവരെന്ന് പൊലീസ് വ്യക്തമാക്കി
39 കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറുന്നതും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി. ഞായറാഴ്ച ഉച്ച മുതൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായാണ് റെയ്ഡുകൾ നടത്തിയത്. ഇന്റർപോളിന്റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 48 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അഞ്ചിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പ്രതികൾ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് പ്രതികൾ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. പണം നൽകിയും ചിത്രങ്ങൾ വാങ്ങുന്നവരുണ്ട്. 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്‌ടോപ്, മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടെ 267 തൊണ്ടിമുതലുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ ഫോറൻസിക് പരിശോധനക്കയക്കും.
ചിലർ മൊബൈൽ ഫോണുകളിൽ നിന്നും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ സി.ആർ.പി.സി 102 പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് വന്നതിന് ശേഷം ചിത്രങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായാൽ ഇവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും. പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്.
കുട്ടികൾ ഉൾപ്പെട്ട നഗ്‌ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യുന്നവരെ പിടികൂടുന്നതിനായാണ് ഓപ്പറേഷൻ പി ഹണ്ട് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇത് 11ാം തവണയാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി പരിശോധനകൾ നടത്തുന്നത്. ഇതുവരെ 300 പേരെയാണ് റെയ്ഡുകളിൽ പിടികൂടിയത്. 1296 കേസുകൾ രജിസ്റ്റർ ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ