- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുബേര, ക്ലീൻ കാമ്പസ്... ഇപ്പോൾ ഓപ്പറേഷൻ സുരക്ഷയും; കൊച്ചുഗുണ്ടകൾ അകത്തും വമ്പന്മാർ പുറത്തും; ചെന്നിത്തലയുടെ പ്രതിച്ഛായ വർധിപ്പിക്കൽ പരിപാടികളിലൂടെ കീശനിറച്ച് പൊലീസ് ഏമാന്മാർ
ആലപ്പുഴ : ഓപ്പറേഷൻ സുരക്ഷ ആർക്കുവേണ്ടി ? മേൽത്തട്ട് ഗുണ്ടകൾക്ക് മാർക്കറ്റുണ്ടാക്കാനോ അതോ പൊലീസ് ഏമാന്മാർക്ക് പണം കൊയ്യാനോ ? ഓപ്പറേഷൻ സുരക്ഷയുടെ ഭാഗമായി കുറെ കൊച്ചുഗുണ്ടകൾ അകത്തായതോടെ മുന്തിയ ഗുണ്ടകൾക്ക് മാർക്കറ്റിൽ വൻ കുതിച്ചുകയറ്റമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാനത്ത് സമാധാനം ഉറപ്പിക്കാൻ തുടങ്ങിവച്ച പദ്ധതികളൊക
ആലപ്പുഴ : ഓപ്പറേഷൻ സുരക്ഷ ആർക്കുവേണ്ടി ? മേൽത്തട്ട് ഗുണ്ടകൾക്ക് മാർക്കറ്റുണ്ടാക്കാനോ അതോ പൊലീസ് ഏമാന്മാർക്ക് പണം കൊയ്യാനോ ? ഓപ്പറേഷൻ സുരക്ഷയുടെ ഭാഗമായി കുറെ കൊച്ചുഗുണ്ടകൾ അകത്തായതോടെ മുന്തിയ ഗുണ്ടകൾക്ക് മാർക്കറ്റിൽ വൻ കുതിച്ചുകയറ്റമായി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാനത്ത് സമാധാനം ഉറപ്പിക്കാൻ തുടങ്ങിവച്ച പദ്ധതികളൊക്കെ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയായി. ഗുണം കുറെ പൊലീസുകാർക്കുമാത്രവും. അമിതപലിശയ്ക്ക് പണം നൽകുന്ന ബ്ലേഡുകാരെ കുടുക്കാൻ തുടങ്ങിവച്ച ഓപ്പറേഷൻ കുബേരയിലൂടെ സംസ്ഥാനത്തെ വമ്പന്മാരായ ബ്ലേഡുകാർ പിടിയിലായതായി യാതൊരു വിവരവുമില്ല. മിടുക്കന്മാരൊക്കെ പൊലീസിനു പണം കൊടുത്ത് സ്ഥലം കാലിയാക്കി, വൻകിടക്കാരെ പിടിക്കാൻ സർക്കാരിനു ധൈര്യം പോരാതെ വരികയുംചെയ്തതോടെ കുബേര കെട്ടിപ്പൂട്ടിയ അവസ്ഥയിലായി.
കലാലയങ്ങളിൽ മദ്യ മയക്കുമരുന്ന് ലോബികളെ കുടുക്കാൻ രൂപപ്പെടുത്തിയ ക്ലീൻ കാമ്പസും പൊലീസ് ഏമാന്മാർക്ക് പണം കൊയ്യാനുള്ള പദ്ധതിയായി മാറി. കലാലയങ്ങളിൽ കഞ്ചാവും മയക്കുമരുന്നും വിതരണം ചെയ്യുന്നവരെ പിടികൂടുകയെന്നതാണു പ്രധാനലക്ഷ്യം. നർക്കോട്ടിക് സൈക്കോ ട്രോപ്പിക്ക് സബ്‌സ്റ്റെൻസ് ആക്റ്റ് പ്രകാരം കേസെടുത്താൽ ഒരു കിലോഗ്രാമിൽ താഴെ മയക്കുമരുന്ന് സൂക്ഷിക്കുന്ന ആൾക്ക് നിരുപാധിക ജാമ്യം ഉറപ്പാണ്. അതുകൊണ്ടു മയക്കുമരുന്നിന്റെ കണ്ണികളായുള്ളവർ ഒരു കിലോയിൽ താഴെ മാത്രമേ കൊണ്ടുനടക്കാറുള്ളൂ.
മാത്രവുമല്ല, പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ തൂക്കം ഒരു കിലോഗ്രാമിൽ താഴെയാക്കാൻ പൊലീസിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല. കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ അരകിലോ കഞ്ചാവുമായി ഹാരിസ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കോടതിലെത്തേണ്ട താമസം ഹാരിസ് പുറത്തിറങ്ങി. നിയമത്തിന്റെ ആനുകൂല്യം ഹാരിസിനും ലഭിച്ചു. ഇയ്യാൾ ഇടുക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്നുള്ളത് പകൽപോലെ അറിയാവുന്നതാണ്. പുതിയ പദ്ധതികളാവിഷ്‌കരിക്കുമ്പോൾ നിയമത്തിന്റെ പഴുതുകളടച്ചില്ലെന്നത് ഓപ്പറേഷൻ ക്ലീൻ കാമ്പസിനു തിരിച്ചടിയായി.
അടുത്തയിടെ ആരംഭിച്ചതാണ് ഓപ്പറേഷൻ സുരക്ഷ. അരഗതിയും പരഗതിയുമില്ലാത്ത കുറെ കൊച്ചു ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമാണ് ഇതിന്റെ പേരിൽ അകത്തായിരിക്കുന്നത്്. ജില്ലകളിലെ പൊലീസ് അധികാരികൾ ദിനംപ്രതി ഇറക്കുന്ന ലിസ്റ്റിൽ മേൽത്തട്ട് ഗുണ്ടകളുടെ പേര് എവിടെയും കണ്ടില്ല. ലിസ്റ്റിൽ വണ്ടിച്ചെക്ക് കേസിൽ അകപ്പെട്ടവരും എണീറ്റ് നടക്കാൻ കഴിയാത്ത പീഡനക്കാരായ അപ്പാപ്പന്മാരുമാണുള്ളത്. കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ്, ഒറ്റപ്പാലം രാജേഷ്, കാരി സതീഷ്, തമ്മനം ഷാജി, കുരങ്ങ് നിസാർ, ലിജു ഉമ്മൻ ഇവരൊക്കെ അകത്തായോ? അന്വേഷണത്തിൽ ലിജു ഉമ്മൻ മാത്രമാണ് ഇപ്പോൾ അകത്തുള്ളത്. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് ഇയാൾ ആലപ്പുഴ സബ്ജയിൽ കഴിയുന്നുണ്ട്. മറ്റു നിവൃത്തിയില്ലാത്തതുകൊണ്ടാണു പൊലീസിന് ഇയാളെ പിടിക്കേണ്ടിവന്നത്.
കാരി സതീഷ് ഈയിടെ ഉൽസവപ്പറമ്പിൽ കത്തിക്കുത്ത് നടത്തിയതിന്റെ പേരിൽ അകത്തായി. കേസിന്റെ സ്വഭാവമനുസരിച്ച് ഊരിപ്പോകാവുന്നതേയുള്ളു. പക്ഷേ സുരക്ഷയുടെ ഭാഗമായുള്ള നിയമം ഇവർക്കാർക്കെങ്കിലും ചാർത്തിയിട്ടുണ്ടോയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പൊലീസിലെ ഇടത്തട്ടുകാരെ ഒഴിവാക്കി പൊലീസ് ചീഫ് നേരിട്ട് നടത്തുന്ന ഓപ്പറേഷനും ഇതോടെ പാളുകയാണ്. ഫലമോ? കൊച്ചുഗുണ്ടകൾ അകത്തും വമ്പൻ ഗുണ്ടകൾ പുറത്തും. ഇപ്പോൾ ഗുണ്ടകളെ സുരക്ഷിത താവളത്തിലെത്തിക്കുന്ന പണി പൊലീസ് ഏറ്റെടുത്തതായാണ് അറിയാൻ കഴിഞ്ഞത്. പൊലീസ് സ്‌റ്റേഷനുകളിൽനിന്നും അതതു സമയത്ത് ഗുണ്ടകൾക്ക് വിവരങ്ങൾ എത്തുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.