മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ തന്ത്രജ്ഞതയാണ് മുംബൈ സ്‌ഫോടനക്കേസ്സിലെ പ്രതി യാക്കൂബ് മേമന്റെ കുടുംബാംഗങ്ങളുടെ അറസ്റ്റിന് വഴിയൊരുക്കിയതെന്ന് രഹസ്യ രേഖകൾ വെളിപ്പെടുത്തുന്നു. സ്‌ഫോടനങ്ങൾക്ക് പിന്നാലെ മേമന്റെ എല്ലാ കുടുംബാംഗങ്ങളും ഇന്ത്യ വിട്ടിരുന്നു. 1994 ഓഗസ്റ്റ് അഞ്ചിന് യാക്കൂബ് മേമൻ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ വച്ച് പിടിയിലായതായിട്ടാണ് പൊലീസ് അറിയിച്ചതെങ്കിലും താൻ കാഠ്മണ്ഡുവിൽ വച്ച് ജൂലൈ 28ന് പൊലീസിന് കീഴടങ്ങിയതാണെന്നായിരുന്നു മേമൻ അവകാശപ്പെട്ടിരുന്നത്.

അതേസമയം യാക്കൂബ് മേമന്റെ അറസ്റ്റിനെതുടർന്ന് സ്‌ഫോടനക്കേസ്സിലെ മുഖ്യപ്രതിയും യാക്കൂബിന്റെ സഹോദരനുമായ ടൈഗർ മേമന്റെ ഒമ്പത് കുടുംബാംഗങ്ങളെ ഷാർജയിൽനിന്ന് കൊണ്ടുവന്നത് ഉന്നത തലത്തിലുള്ള തന്ത്രപരമായ ഇടപെടലിനെ തുടർന്നായിരുന്നു എന്നാണ് രഹസ്യ രേഖകൾ വെളിപ്പെടുത്തുന്നത്. പ്രധാനമന്ത്രി റാവുവിന് പുറമെ, അന്നത്തെ കേന്ദ്രമന്ത്രി ദിനേഷ് സിങ്, കാബിനറ്റ് സെക്രട്ടറി സുരേന്ദ്ര സിങ്, വിദേശകാര്യ സെക്രട്ടറി കെ.ശ്രീനിവാസൻ എന്നിവരും രഹസ്യാന്വേഷണ വിഭാഗവും ചേർന്നാണ് ഇതിനുള്ള നീക്കങ്ങൾ നടത്തിയത്.

ഒമ്പത് പാക്കിസ്ഥാനികൾക്ക് വിസ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിക്കുന്നതോടെയാണ് ഈ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. 1994 ഓഗസ്റ്റ് 22ന് ദുബായ് കൗൺസൽ ജനറലിന് വിദേശ കാര്യ മന്ത്രാലയത്തിൽനിന്ന് ഒരു കത്ത് ലഭിക്കുന്നു. ഒരു ഏജന്റ് ഒമ്പത് പാക്കിസ്ഥാനികൾക്ക് വിസ ആവശ്യപ്പെട്ടുകൊണ്ട് വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അവർക്ക് എത്രയും വേഗം വിസ നൽകണമെന്നും മന്ത്രാലയ സെക്രട്ടറി കൗൺസൽ ജനറലിന് നിർദ്ദേശം നൽകി. വിസ നൽകുന്നത് അതീവ രഹസ്യമായി വേണമെന്നും നിർദ്ദേശിച്ചിരുന്നു. വിദേശ കാര്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി എന്നിവർക്കും ഈ നിർദ്ദേശത്തിന്റെ കോപ്പി നൽകിയിരുന്നു.

1994 ഓഗസ്റ്റ് 25ന് മേമൻ കുടുംബത്തിലെ ഒമ്പതംഗങ്ങൾ ഷാർജയിൽനിന്ന് ഡൽഹിയിലേക്ക് ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ പുറപ്പെട്ടതായി കൗൺസൽ ജനറൽ വിദേശകാര്യ മന്ത്രാലയത്തെ ടെലഗ്രാമിലൂടെ അറിയിച്ചു. സംഘത്തിലുൾപ്പെട്ട ഒരു സ്ത്രീയ്ക്ക് ഇവരോടൊപ്പം യാത്ര ചെയ്യാനായിട്ടില്ലെന്നും അവരുടെ പാസ്‌പോർട്ട് പാക്കിസ്ഥാൻ എംബസ്സിയിൽനിന്ന് ലഭിച്ചിട്ടില്ലെന്നും സന്ദേശത്തിലുണ്ടായിരുന്നു.

ടൈഗർ മേമന്റെ പിതാവ് അബ്ദുൾ റസാക്ക് മേമൻ, മാതാവ് ഹനീഫ, സഹോരൻ സുലൈമാൻ, സുലൈമാന്റെ ഭാര്യ റുബിന, ഇളയ സഹോദരങ്ങളായ ഇഷ, യൂസുഫ് എന്നിവരാണ് ഷാർജയിൽനിന്ന് അന്ന് തിരിച്ചെത്തിയത്. ഡൽഹിയിലെത്തിയ അവർ ചാർട്ടേഡ് വിമാനത്തിൽ മുംബൈയിലേക്ക് തിരിച്ചു. യാക്കൂബ് മേമന്റെ ഭാര്യ റാബിനാണ് അന്ന് ഇവർക്കൊപ്പം യാത്ര ചെയ്യാൻ സാധിക്കാതിരുന്ന യുവതി.

റാബിന് കുഞ്ഞ് പിറന്ന് ദിവസങ്ങൾക്കകമായിരുന്നു ഇവരുടെ യാത്ര. കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുവേണ്ടി വന്ന കാലതാമസമാണ് റാബിന്റെ യാത്ര മുടക്കിയത്. സെപ്റ്റംബർ നാലിനാണ് റാബിൻ ഇന്ത്യയിലെത്തുന്നത്. അത്രയും കാലം ഇന്ത്യൻ എംബസ്സിയിലെ ഒരു ജീവനക്കാരന്റെ അപ്പാർട്ട്‌മെന്റിലാണ് ഇവരെ താമസിപ്പിച്ചിരുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.

മേമൻ കുടുംബത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന് യാതൊരു തടസ്സവുമുണ്ടാകാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഇടപെടാനും മുകളിൽനിന്ന് നിർദ്ദേശമുണ്ടായിരുന്നു. പാക്കിസ്ഥാൻ നൽകിയ പാസ്‌പോർട്ടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ കൗൺസലിൽനിന്ന് വിദേശ കാര്യ മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

പാക്കിസ്ഥാൻ പാസ്‌പോർട്ടാണ് ഇവർക്കുണ്ടായിരുന്നതെങ്കിലും, ഇവർ ഇന്ത്യക്കാരാണെന്നും ഇന്ത്യയിലേക്ക് വരാൻ താത്പര്യമുണ്ടെന്നും എല്ലാവരിൽനിന്നും സത്യവാങ്മൂലവും എഴുതി വാങ്ങിച്ചിരുന്നു. ഈ രേഖകളും പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. സെപ്റ്റംബറിൽ റാബിനെ മറ്റൊരു എയർ ഇന്ത്യ വിമാനത്തിലും ഡൽഹിയിലേക്ക് അയച്ചു.

യാക്കൂബിന്റെ അറസ്റ്റാണ് മേമൻ കുടുംബത്തിന്റെ വരവിന് സാഹചര്യമൊരുക്കിയത്. എന്നാൽ, അതീവ രഹസ്യമായി ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ച കുടുംബത്തെ തുടക്കം മുതൽ പിന്തുടരുകയും അവരുടെ വരവ് ഉറപ്പാക്കുകയും ചെയ്തത് ഇന്ത്യൻ അധികൃതരുടെ തന്ത്രജ്ഞതയാണ്. മേമൻ കുടുംബാംഗങ്ങൾ ഈ കേസ്സിൽ അറസ്റ്റിലായെങ്കിലും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടു.