തിരുവനന്തപുരം: ചാനൽ സീരിയലിലെ പൊലീസ് മേധാവിയുടെ വാഹനം ഒറിജിനൽ പൊലീസ് പൊക്കി. പരസ്പരം എന്ന സീരിയലിനു വേണ്ടി ഉപയോഗിച്ച ഇന്നോവ പിടിയിലായതു വാഹനത്തിൽ ഘടിപ്പിച്ചിരുന്ന കൃത്രിമ നമ്പർ പ്ലേറ്റ് ഇളകി വീണപ്പോഴാണ്.

സീരിയലിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ദീപ്തിക്കു വേണ്ടി ഉപയോഗിച്ചിരുന്ന വാഹനമാണു 'ശരിക്കും പൊലീസ്' പിടികൂടിയത്. യഥാർഥ പൊലീസ് വാഹനങ്ങളെ വെല്ലുന്ന തരത്തിൽ പൊലീസ് സ്റ്റിക്കർ പതിപ്പിച്ചു സീരിയൽ ചിത്രീകരണത്തിന് ഉപയോഗിച്ചുവന്ന സ്വകാര്യ വാഹനമാണു ഒറിജിനൽ പൊലീസ് പൊക്കിയത്.

നമ്പർ പ്ലേറ്റിനു മുകളിൽ മറ്റൊരു നമ്പർ പ്ലേറ്റ് വച്ചാണ് ഈ വാഹനം ഓടിച്ചിരുന്നത്. ഇക്കാര്യം കണ്ടെത്തിയ പൊലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സീരിയൽ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന കാറാണെന്നു കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ച വഴുതക്കാടു വച്ചായിരുന്നു സംഭവം. സിനിമ-സീരിയൽ ചിത്രീകരണത്തിന് ഇത്തരത്തിൽ പൊലീസ്-സർക്കാർ വാഹനങ്ങളായി ഉപയോഗിക്കണമെങ്കിൽ ആർടിഒയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം. എന്നാൽ, അനുമതി ഇല്ലാതെയാണ് വാഹനം ഉപയോഗിച്ചതെന്നാണു സൂചന.

സീരിയൽ ചിത്രീകരണത്തിനുള്ള വാഹനമെന്നു മനസിലാക്കി താക്കീതു നൽകി വാഹനം വിട്ടുനൽകുകയായിരുന്നു. നമ്പർ പ്ലേറ്റ് രണ്ടെണ്ണം ഘടിപ്പിച്ച പൊലീസ് വാഹനം നഗരത്തിൽ കറങ്ങുന്നുണ്ടെന്നു വിവരം കിട്ടിയതിനെ തുടർന്നാണു പൊലീസ് പരിശോധന നടത്തിയത്. ഇതെത്തുടർന്നാണ് സീരിയൽ പൊലീസ് പിടിയിലായത്.

എന്നാൽ, പിടിയിലാകുമ്പോൾ വാഹനത്തിൽ 'ഐപിഎസ് ഉദ്യോഗസ്ഥ' ഉണ്ടായിരുന്നില്ല. സീരിയൽ ആവശ്യത്തിനായി പോകുകയായിരുന്നു ഈ വണ്ടി. കഴക്കൂട്ടം ആർടിഒയ്ക്കു കീഴിലുള്ള കെഎൽ 22 എന്നു തുടങ്ങുന്ന നമ്പരാണ് ഈ ഇന്നോവയുടേത്. എന്നാൽ, പൊലീസ് വാഹനമാക്കി മാറ്റാനായി തിരുവനന്തപുരം സൂചിപ്പിക്കുന്ന കെഎൽ 1ൽ തുടങ്ങുന്ന നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. യാത്രയ്ക്കിടെ വ്യാജ നമ്പർ പ്ലേറ്റ് ഇളകി മാറിയതാണു തട്ടിപ്പു പുറത്താകാൻ കാരണം.