കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഒളിച്ചോട്ടത്തിൽ ദുരൂഹത മാറിയിട്ടില്ലെന്ന് പൊലീസ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഒളിച്ചോടിയതെന്ന് ഹൈക്കോടതിയെ അംജാദും പ്രവീണയും അറിയിച്ചു. ഇതോടെ ഹേബിസ് കോർപസ് ഹർജിയിൽ തീർപ്പായി. പക്ഷേ കള്ളനോട്ട് കേസിലും വ്യാജ ലോട്ടറിക്കേസിലും ഇവർ അഴിക്കുള്ളിലായി. ഏവരേയും തന്ത്രപരമായി വെട്ടിച്ച് നാടുവിട്ട പ്രവീണ ഇപ്പോൾ വനിതാ ജയിലിലാണ്. കാമുകൻ അംജാദ് സബ് ജയിലിലും. അംജാദിന്റെ പ്രവർത്തികളിൽ പൊലീസ് ഏറെ ദുരൂഹത കാണുന്നു. പ്രണയക്കുരുക്കിൽ വീണ പ്രവീണയെ കിട്ടിയതോടെ ഇത് പുതിയ തലത്തിലെത്തി. ഇത്രയും നാടകീയമായി ഓർക്കാട്ടേരി വിടാനുണ്ടായ സാഹചര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിനായി പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുക്കും. വിശദമായി ചോദ്യം ചെയ്യുകയും ചെയ്യും.

കുട്ടിക്കാലത്തെ ശാസ്ത്ര വിഷയത്തിൽ മിടുക്കനാണ് അംജാദ്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് പോയി. സ്‌കൂൾ പഠനകാലത്ത് ശാസ്ത്ര മേളയുടെ താരമായിരുന്നു. ദേശീയ തലത്തിൽ പോലും അംഗീകരാങ്ങൾ അംജാദിന് കിട്ടിയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഈ താൽപ്പര്യം പിന്നീട് മൊബൈലിലേക്ക് മാറി. ശാസ്ത്രീയമായി മൊബൈൽ റിപ്പയറിങ് പഠിച്ചിട്ടല്ല. എന്നാൽ അംജാദിന് ഇതേ കുറിച്ച് പ്രായോഗിക പരിചയം ഉണ്ടായിരുന്നു. മൊബൈൽ ടെക്‌നോളജിയെ കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തി. കമ്പ്യൂട്ടറിനേയും അടുത്ത് അറിയാം. ഇതുപയോഗിച്ചായിരുന്നു ഒളിവ് കാലത്തെ തട്ടിപ്പുകളും. മൊബൈൽ സാങ്കേതിക വിദ്യയെ കുറിച്ചുള്ള ധാരണ ഉപയോഗിച്ചാണ് ഒളിവ് കാലത്ത് പൊലീസിനെ അംജാദ് കബളിപ്പിച്ചിരുന്നത്. വീട്ടിൽ സിസിടിവി പോലും സ്ഥാപിച്ചത് സ്വന്തമായാണെന്നാണ് സൂചന.

വീടെടുക്കാനും മറ്റും വ്യാജ ഐഡി കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയാ വൺ ചാനലിന്റെ ഐഡികാർഡ് വ്യാജമായി ഉണ്ടാക്കി പല ആവശ്യത്തിനും ഉപയോഗിച്ചു. കള്ളനോട്ടുകൾ എവിടെ നിന്നു കിട്ടിയെന്നതും പൊലീസ് പരിശോധിക്കും. മലബാറിൽ വ്യാജ ലോട്ടറി മാഫിയ സജീവമാണ്. അംജാദും പ്രവീണയും താമസിച്ചിരുന്നിടത്തും ഇതുണ്ടായിരുന്നു. വീട്ടിലെ പ്രിന്ററും കമ്പ്യൂട്ടറും ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കിയതെന്നാണ് അംജദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ വമ്പൻ മാഫിയയുടെ കണ്ണിയാണോ അംജാദ് എന്നാണ് പരിശോധിക്കുന്നത്. ഓർക്കാട്ടേരിയിലെ ബാങ്കിൽ നിന്നും 30ലക്ഷം രൂപം വായ്പ എടുത്തിരുന്നു. ഇതിന്റെ അടവ് മുടങ്ങുകയും ചെയ്തു. അതിന് ശേഷമാണ് ദുരൂഹതകൾ ഏറെയുള്ള ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നത്. ഈ പണമിടപാടിന്റെ യാഥാർത്ഥ്യവും പൊലീസ് തിരക്കുന്നുണ്ട്.

ഓർക്കാട്ടേരിയിൽനിന്നു കാണാതായ മൊബൈൽ ഷോപ്പുടമയെയും ജീവനക്കാരിയെയും കണ്ടെത്തിയ കോഴിക്കോട് ജയിൽ റോഡിലെ വാടകവീട്ടിൽനിന്ന് പൊലീസ് കള്ളനോട്ടുകൾ കണ്ടെടുത്തിരുന്നു. സമ്മാനാർഹമായ വ്യാജലോട്ടറിടിക്കറ്റുകളും കണ്ടെത്തി. ഷോപ്പുടമ വൈക്കിലശ്ശേരി പുത്തൻപുരയിൽ മുഹമ്മദ് അംജാദ് (23), ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണ (32) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരെ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 23 വരെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഉടൻ നൽകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ സത്യം പുറത്തുവരൂ. അതിനുള്ള ശ്രമത്തിലാണ് പൊലീസ്. വെറുമൊരു ഒളിച്ചോട്ടകേസ് എന്നതിനപ്പുറം ഇതിന് മാനങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നൂറിന്റെ അമ്പതും അമ്പതിന്റെ പത്തും വ്യാജനോട്ടും സമ്മാനാർഹമായ നമ്പറുകളുള്ള നാല് വ്യാജലോട്ടറിടിക്കറ്റുകളുമാണ് കണ്ടെത്തിയത്. അംജാദിന്റെ നേതൃത്വത്തിലാണ് ഇവ നിർമ്മിച്ചതെന്നാണ് പൊലീസ് പറഞ്ഞു. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടർ, സ്‌കാനർ, പ്രിന്റർ തുടങ്ങിയവയും പൊലീസ് കണ്ടെത്തി. രണ്ടുപേരെയും ഞായറാഴ്ചരാത്രി വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾതന്നെ പൊലീസ് കള്ളനോട്ട് കേസും ചുമത്തിയിരുന്നു. രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്‌തെങ്കിലും കാണാതായ സംഭവത്തിൽ ഹേബിയസ് കോർപ്പസ് ഹർജിയിൽ വിശദീകരണം നൽകാൻ ഹൈക്കോടതിയിൽ ഹാജരാക്കേണ്ടതിനാൽ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകുകയായിരുന്നു. തിങ്കളാഴ്ച ഇരുവരെയും ഹൈക്കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. ഇതിന് അനുസരിച്ച് ഹൈക്കോടതി കേസ് ഒത്തുതീർപ്പാക്കി. അതിന് ശേഷമാണ് ഇരുവരേയും ജയിലിൽ അടച്ചത്.

കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്. ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെയാണ് വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. മൊെബെൽ ഫോണിന്റെയും മറ്റ് ഉപകരണങ്ങളുടേയും ഓൺെലെൺ ബിസിനസ് നടത്തിവരുകയായിരുന്നു ഇവർ. അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പുതിയ സിം കാർഡ് ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നത്. ഒരു നമ്പറിലേക്കുള്ള വിളിയിൽ സംശയം തോന്നിയ െസെബർ സെൽ പിന്തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കിയാണ് സ്ഥലം കണ്ടെത്തി ഇരുവരേയും പിടികൂടിയത്. സെപ്റ്റംബർ 11 മുതലാണ് അംജാദിനെ കാണാതായത്. ഇയാൾക്കായി അന്വേഷണം നടത്തുന്നതിനിടയിൽ നവംബർ 13 നു പ്രവീണയേയും കാണാതായി.

ഓർക്കാട്ടേരിയിൽനിന്ന് പ്രവീണ കട പൂട്ടി സ്‌കൂട്ടറിൽ വടകര സാൻഡ്ബാങ്ക്‌സിൽ എത്തിയശേഷമാണ് അംജാദ് ഇവരെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സ്‌കൂട്ടർ ഉപേക്ഷിച്ച നിലയിൽ സാൻഡ്ബാങ്ക്‌സിൽ കണ്ടെത്തിയിരുന്നു. നേരത്തെതന്നെ ഇയാൾ കോഴിക്കോട്ട് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നു. സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസുമൊക്കെയെന്നാണ് അംജാദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

ഓർക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. തലശ്ശേരി ചൊക്ലി സ്വദേശിയാണ് പ്രവീണ. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.