തിരുവനന്തപുരം: നാദിർഷായുടെ ഈശോ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ചില ക്രൈസ്തവ സംഘടനകൾ പ്രതിഷേധത്തിലാണ്. കത്തോലിക്ക കോൺഗ്രസ് ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ സംവിധായകൻ നാദിർഷയ്ക്ക് പിന്തുണയുമായി ഓർത്തഡോക്സ് ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത രംഗത്തെത്തി.

ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാൽ എന്താണ് കുഴപ്പമെന്ന് ബിഷപ്പ് ചോദിക്കുന്നു. ഫേസ്‌ബുക്ക് കുറിപ്പിലാണ് അഭിപ്രായപ്പെട്ടത്. മധ്യതിരുവിതാംകൂർ ധാരാളം പേർക്ക് തന്റെ ബന്ധുവിനടക്കം ഇങ്ങനെ പേരുണ്ടല്ലോ ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോയെന്നും ബിഷപ്പ് ചോദിച്ചു.

ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ നൽകിയ കമന്റ്.എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?

ബിഷപ്പിനെ അനുകൂലിച്ചും എതിർത്തും നിരവധി കമന്റുകൾ വരുന്നുണ്ട്. അതേസമയം,ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി പി ജോസഫ് പറഞ്ഞിരുന്നു.

ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

ഈശോ ഈ വീടിന്റെ ഐശ്വര്യം എന്ന പേരിൽ ക്രൈസ്തവർ വീടുകളിൽ ബോർഡുകൾ വക്കാറുണ്ട്. അതിനു സമാനമായ പേരാണ് കേശു ഈ വീടിന്റെ ഐശ്വര്യം എന്നത്. ഒരു അക്ഷരത്തിന് മാത്രമാണ് ഇവിടെ വ്യത്യാസം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ സിനിമയും നിരോധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയിൽ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാൻ പാടില്ല എന്നാണ് കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

സമീപകാലങ്ങളിൽ ആയി ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത് എന്നും കത്തോലിക്ക കോൺഗ്രസ് പറയുന്നു. സിനിമാ മേഖലയിൽ നിന്ന് ഇത് വ്യാപകമായി ഉയർന്നുവരുന്നുണ്ട്. സംവിധായകൻ നാദിർഷയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.