കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അടുത്ത അഞ്ചു വർഷത്തേയ്ക്കു തെരഞ്ഞെടുക്കപ്പെടേണ്ട മലങ്കര അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേയ്ക്കു മൂന്ന് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. ഡോ. ജോർജ് ജോസഫ് ,അഡ്വ.ബിജു ഉമ്മൻ, ബാബുജി ഈശോ എന്നിവർ മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്.നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി അവസാനിച്ചു.

സഭാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബുജി ഈശോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പി.എയാണ്. ബാബുജി ഈശോയ്ക്ക് വേണ്ടി പ്രതിക്ഷ നേതാവ് വോട്ട് അഭ്യർത്ഥിച്ചത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തിരുവനന്തപുരം,കൊല്ലം, മാവേലിക്കര, ചെങ്ങന്നൂർ, കോട്ടയം ഭദ്രാസനങ്ങളിലാണ് ബാബുജി ഈശോയ്ക്ക് വേണ്ടി പ്രതിപക്ഷ നേതാവ് വോട്ട് അഭ്യർത്ഥിച്ചത്.

നിലവിലെ സഭാ സെക്രട്ടറി ജോർജ്ജ് ജോസഫിനെതിരെ സഭയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സഭയുടെ പേരിൽ സ്വാധീനം ഉപയോഗിച്ച് സ്വന്തം ഭാര്യയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അറന്മുളയിൽ മത്സരിപ്പിച്ചതു വിവാദങ്ങൾക്ക് വഴിതെളിയിച്ചിരുന്നു.

ജോർജ്ജ് ജോസഫിനെതിരെ കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനിയോസ് പരസ്യമായി വൈദീകരുടെയും മാനേജിങ് കമ്മിറ്റിയോഗം വിളിച്ചു. ഒരു കാരണവശാലും ജോർജ് ജോസഫിനെ വിജയിപ്പിക്കരുതെന്നും ബിജു ഉമ്മനെ വിജയിപ്പിക്കണമെന്നും അഹ്വാനം നടത്തിയിരുന്നു. തിരുവനന്തപുരം, ജോർജ് ജോസഫിന്റ് സ്വന്തം ഭദ്രാസനമായ തുമ്പമൺ, നിരണം കൊല്ലം, കൊട്ടാരക്കര തുടങ്ങിയ ഭദ്രാസനങ്ങളിൽ എതിർപ്പ് ഉയർന്നതോടെ ജോർജ് ജോസഫിന്റെ പരാജയം ഉറപ്പായി

അഡ്വ. ബിജു ഉമ്മൻ കേരള കോൺഗ്രസ് നേതാവാണ്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. സഭയിലെ ഭൂരിഭാഗം തിരുമേനിമാരും ബിജു ഉമ്മന് അനുകൂലമാണ്. കഴഞ്ഞ രണ്ട് തവണയും പത്തിൽ താഴെ വോട്ടുകൾക്കാണ് ബിജു പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ യു.ഡി.എഫിനു വേണ്ടി പ്രവർത്തിച്ചതിന് അദ്ദേഹത്തെ സഭയുടെ പ്രധാനപ്പെട്ട് കമ്മറ്റിയിൽ നിന്ന് ജോർജ് ജോസഫിന്റെ ഇടപെടലിനെ തുടർന്ന് കാതോലിക്കാ ബാവാ നീക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ നിരണം ഭദ്രാസനത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.

ബാബുജി ഇശോയും ജോർജ്ജ് ജോസഫും അനധികൃതമായ സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്.

സ്ഥാനാർത്ഥികൾ പരമാവധിപ്പേരെ നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിക്കുകയാണ്. അസോസിയേഷൻ സെക്രട്ടറി തിരെഞ്ഞെടുപ്പിൽ ആകെ വോട്ട് 208 പേർക്കാണ്.തിരഞ്ഞെടുക്കപ്പെട്ട 141 സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് പുറമെ നാമനിർദ്ദേശം ചെയ്യപ്പെട്ട 33 അംഗങ്ങൾ, സഭാ വർക്കിങ് കമ്മിറ്റിയിലെ(2012- 17) 5 അംഗങ്ങൾ, ,പരിശുദ്ധ കാതോലിക്ക ബാവയും മെത്രാപ്പൊലീത്തമാരും ഉൾപ്പടെ 27 പേർ,കൂട്ടുട്രസ്റ്റിമാർ 2 പേർ എന്നിവർക്ക് വോട്ടവകാശമുണ്ട്.

കഴിഞ്ഞ ആഴ്ചകളായി മറ്റ് പലരുടെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. ഏപ്രിൽ നാലിന് കോട്ടയത്ത് പഴയ സെമിനാരിയിൽ ചേരുന്ന സഭാ മാനേജിങ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് മലങ്കര അസ്സോസിയേഷൻ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.മാർച്ച് ഒന്നിനു കോട്ടയത്ത് എം.ഡി സെമിനാരിയിൽ അയ്യായിരത്തോളം പ്രതിനിധികൾ ചേർന്ന മലങ്കര അസ്സോസിയേഷൻ യോഗം വൈദീക ട്രസ്റ്റിയായി ഫാ.ഡോ.എം.ഒ ജോണിനെയും അൽമായ ട്രസ്റ്റിയായി ജോർജ് പോളിനെയും തിരഞ്ഞെടുത്തിരിന്നു.