കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയിൽ അപ്രതീക്ഷിത ഭരണ പ്രതിസന്ധി. നിയുക്ത കാതോലിക്കായെ തിരഞ്ഞെടുക്കുന്നതിന് നടപടി ആരംഭിക്കുമ്പോൾ എങ്ങും കൃത്യതയില്ല. പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ സിനഡിനെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. ഉചിതമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ സിനഡ് ബാവായോടു ശുപാർശ ചെയ്തു.

ഇനി സഭയുടെ വർക്കിങ് കമ്മിറ്റി ചേർന്ന് ഇതുസംബന്ധിച്ച നിർദ്ദേശം മാനേജിങ് കമ്മിറ്റിക്കു സമർപ്പിക്കുകയും മാനേജിങ് കമ്മിറ്റി അസോസിയേഷനുള്ള തീയതിയും സ്ഥലവും തീരുമാനിച്ചശേഷം മലങ്കര മെത്രാപ്പൊലീത്ത നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്യും. ഒന്നിലേറെ പേരുകൾ വന്നാൽ അസോസിയേഷനിൽ വോട്ടെടുപ്പു വേണ്ടിവരും. സഭാ തർക്കങ്ങളിൽ കേസും മറ്റും ഓർത്തഡോക്‌സ് സഭയെ വെട്ടിലാക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് പുതി കാതോലിക്കായെ തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുന്നത്.

സഭയുടെ സ്ഥാപനങ്ങളും അതിലെ പ്രവർത്തകരും ആരാധനാലയങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള കരുതൽ നടപടി സ്വീകരിക്കേണ്ടതാണെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു. കോട്ടയം വൈദിക സെമിനാരിയോടനുബന്ധിച്ച് സംസ്‌കൃതം, സുറിയാനി, ഗ്രീക്ക്, ജർമൻ, ഫ്രഞ്ച്, ഇംഗ്ലിഷ് ഭാഷകൾ പഠിപ്പിക്കുന്നതിനു ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് റിപ്പോർട്ട് അവതരിപ്പിച്ചു.

അതിനിടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് കോവിഡിനെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ചികിത്സ പുരോഗമിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സൂം കോൺഫറൻസിലൂടെ നടത്തിയ എപ്പിസ്‌കോപ്പൽ സുന്നഹദോസിൽ മുഴുവൻ സമയവും ബാവാ അധ്യക്ഷത വഹിച്ചു. എന്നാൽ കോവിഡിലെ പ്രശ്‌നങ്ങൾ അതിരൂക്ഷമാണ്. ഇത് തിരിച്ചറിഞ്ഞാണ് കാതോലിക്കാ ബാവ പിൻഗാമിയെ കണ്ടെന്നാണ് നിർദ്ദേശിച്ചത്.

പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തായുടെയും പിൻഗാമിയായി ഒരാളെ തെരഞ്ഞെടുക്കണമെന്നു കാതോലിക്കാ ബാവാ ബസേലിയോസ് മാർതോമ പൗലൂസ് ദ്വിതീയൻ തിരുമേനി സുന്നഹദോസിനെ അറിയിക്കുകയായിരുന്നു. അതിനു വേണ്ടിയുള്ള ഉചിതമായ നടപടിക്രമങ്ങൾ നടത്തുന്നതിന് പരിശുദ്ധ ബാവാ തിരുമേനിയോട് സുന്നഹദോസ് ശുപാർശ ചെയ്തത് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറസ് മെത്രാപ്പൊലീത്ത റിപ്പോർട്ട് അവതരിപ്പിച്ചു.

പരിശുദ്ധ ബാവാ തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ സുന്നഹദോസ് യോഗങ്ങളിൽ സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരും സംബന്ധിച്ചിരുന്നു. പുതിയ നിയുക്ത കാതോലിക്കാ ബാവയെ കണ്ടെത്താൻ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. മലങ്കര അസോസിയേഷൻ യോഗം ചേർന്നായിരിക്കും തെരഞ്ഞെടുക്കുക.