ലണ്ടൻ: ഇല്ലാത്തവനും ഉള്ളവനും തമ്മിലെ അകലം വർദ്ധിച്ചു വരുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ഇതു തന്നെയാണ് സ്ഥിതി. അതിസമ്പന്നരുടെ ഫോക്‌സ് പട്ടിക പുറത്തുവരുമ്പോൾ ഇത് കൂടുതൽ വ്യക്തമാകുകയും ചെയ്യും. ഇതിന്റെ മറ്റൊരു തെളിവായി മാറി പുതിത്തുവന്നിരിക്കുന്ന ഓക്‌സ് ഫാം റിപ്പോർട്ട്. ലോകത്തിന്റെ ആകെയുള്ള സമ്പത്ത് 62 ശതകോടീശ്വരന്മാർ കൈവശം വെക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. 700 കോടി വരുന്ന ആഗോള ജനസംഖ്യ ഉള്ളിടത്താണ് കേവലം 62 പേരുടെ കൈയിലേക്കാ സ്വത്തിന്റെ ഒഴുക്കുള്ളത്.

ഡാവോസിൽ അതിസമ്പന്ന രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിക്കുംമുമ്പ് പ്രമുഖ സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നു. 62ൽ ഒമ്പതു പേർ മാത്രമാണ് വനിതകളും. പാവപ്പെട്ടവനും പണക്കാരുനും തമ്മിലുള്ള അന്തരം അനുദിനം വർദ്ധിച്ചു വരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.

ജനസംഖ്യയിൽ ദരിദ്രരായ 50 ശതമാനം (360 കോടി) പേരുടെ ആസ്തി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 41 ശതമാനം ഇടിവു രേഖപ്പെടുത്തിയപ്പോൾ അതിസമ്പന്നരായ 62 പേരുടെ ആസ്തിയിൽ 50,000 കോടി ഡോളറിന്റെ വർധന ഉണ്ടായി. ഇവരുടെ മൊത്തം ആസ്തി 1,76,000 കോടി ഡോളറാണ്. സമ്പന്നർക്കും ദരിദ്രർക്കുമിടയിലെ അന്തരത്തിൽ കഴിഞ്ഞ 12 മാസത്തിനിടെയുണ്ടായ വർധന ഞെട്ടിപ്പിക്കുന്നതാണെന്നും നിലവിൽ ജനസംഖ്യയിലെ ഒരു ശതമാനം പേരുടെ വശം മൊത്തം ആസ്തിയുടെ 99 ശതമാനമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2010നും 2015നുമിടയിൽ ജനസംഖ്യയിൽ 40 കോടിയുടെ വർധനയുണ്ടായിട്ടും പാവപ്പെട്ടവൻ കൂടുതൽ ദരിദ്രനാകുന്നത് അപകടകരമായ സൂചനയാണ് നൽകുന്നതെന്ന് സംഘടനാ മേധാവി മാർക് ഗോൾഡ്‌റിങ് പറഞ്ഞു.

അതിസമ്പന്നർ നടത്തുന്ന നികുതി വെട്ടിപ്പ്, പൊതുസേവന മേഖലയിലെ ഉയർന്ന നിക്ഷേപം, തൊഴിൽ മേഖലയിലെ കുറഞ്ഞ വേതനം എന്നിവയാണ് അന്തരം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളെന്ന് ഓക്‌സ്ഫാം നിരീക്ഷിക്കുന്നു. ലോകമറിയാതെ വൻതോതിൽ നിക്ഷേപം നടത്താവുന്ന രഹസ്യകേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിൽ സർക്കാറുകൾ പരാജയമാകുന്നത് ദാരിദ്ര്യം നിർമ്മാർജനം ചെയ്യാനുള്ള തുക കണ്ടത്തെുന്നത് നഷ്ടപ്പെടുത്തുകയാണ്. അതിസമ്പന്നർ ഇത്തരം രഹസ്യകേന്ദ്രങ്ങളിൽ നടത്തിയ നിക്ഷേപം 7,60,000 കോടി ഡോളറിലേറെയാണ്. ഇവയുടെ നികുതി മാത്രം 19000 കോടി ഡോളർ വരും.

ആഫ്രിക്കൻ രാജ്യങ്ങളുടെ ആസ്തിയുടെ 30 ശതമാനവും വിദേശങ്ങളിലാണ്. ഇവയിൽനിന്ന് 1400 കോടി ഡോളർ നികുതി ലഭിച്ചിരുന്നുവെങ്കിൽ പ്രതിവർഷം 40 ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യപരിരക്ഷയും നൽകാമായിരുന്നു. ഡാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ പങ്കെടുക്കുന്ന 10ൽ ഒമ്പതു കോർപറേറ്റുകൾക്കും രഹസ്യകേന്ദ്രങ്ങളിൽ നിക്ഷേപമുണ്ട്. 2010നും 2014നുമിടയിൽ രഹസ്യനിക്ഷേപങ്ങൾ നാലിരട്ടി വർധിച്ചിട്ടുണ്ടെന്നും ഓക്‌സ്ഫാം പറയുന്നു.

അവികസിത രാജ്യങ്ങൾക്ക് ഇവർ 10,000 കോടി ഡോളർ കടപ്പെട്ടിരിക്കുന്നു. ബ്രിട്ടനിലെ 100 അതിസമ്പന്നരുടെ ആസ്തിയിൽ നാലു വർഷത്തിനിടെ 8140 കോടി ഡോളറിന്റെ വർധന ഉണ്ടായിട്ടുണ്ട്.

ലോകത്തെ അതിദരിദ്രരുടെ എണ്ണത്തിൽ കുറവ് വന്നതായും ഇവരുടെ ആസ്തിയിൽ 10 ശതമാനം വർധനയുണ്ടായതായും ഓക്‌സ്ഫാം വ്യക്തമാക്കുന്നു. കമ്പനികൾ മുതിർന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം വൻതോതിൽ വർധിപ്പിക്കുമ്പോഴും താഴത്തെട്ടിലുള്ളവരുടെ വേതനത്തിൽ കാര്യമായ വർധനയുണ്ടാകുന്നില്ല.