കണ്ണൂർ : സ്വത്തു തട്ടിപ്പ് കേസിലെ പ്രതികൾ കൊലക്കേസിൽ അറസ്റ്റിലായി. തളിപ്പറമ്പിലെ പരേതനായ ഡോ. കുഞ്ഞമ്പു നായരുടെ മകൻ റിട്ടയേർഡ് സഹകരണ ഡപ്യൂട്ടി രജസ്ട്രാർ പി. ബാലകൃഷ്ണന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ പയ്യന്നൂർ ബാറിലെ അഭിഭാഷക ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും അറസ്റ്റിലായി.

തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡി.വൈ. എസ്. പി. ഫ്രാൻസിസ് ഷെൽവിന്റെ നേതൃത്വത്തിലാണ് തായിനേരിയിലെ വീട്ടിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. അസുഖബാധിതനായി 2011 ഓഗസ്റ്റ് 18 ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലകൃഷ്ണനെ നിർബന്ധപൂർവ്വം ഡിസ്ച്ചാർജ് ചെയ്യിച്ച് ഷൈലജയും ഭർത്താവും കൊണ്ടു പോവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടു പോകുന്നുവെന്ന് ധരിപ്പിച്ചാണ് ആംബുലൻസിൽ ദേശീയ പാത ഒഴിവാക്കി ചെറു റോഡുകളിലൂടെ കൊണ്ടു പോയത്.

വഴി മദ്ധ്യേ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലകൃഷ്ണൻ അടുത്ത ദിവസം രാത്രി തന്നെ മരണമടഞ്ഞു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ബാലകൃഷ്ണൻ അതീവ ഗുരുതരനിലയിലായിരുന്നു. ഓക്‌സിജൻ മാസ്‌ക്ക് ധരിപ്പിച്ച് ആംബുലൻസിൽ കൊണ്ടു വരികയായിരുന്ന ബാലകൃഷ്ണന്റെ മാസ്‌ക്ക് വഴിക്കു വെച്ച് അഴിച്ചു മാറ്റിയതായും സംശയം ഉയർന്നിട്ടുണ്ട്. കടുത്ത പ്രമേഹ ബാധിതനായ ബാലകൃഷ്ണനെ തിരുവനന്തപുരത്തുനിന്നും കൊണ്ടു വരുമ്പോൾ തുടർച്ചയായി ഇളനീർ വെള്ളം കുടിപ്പിച്ചതായും സൂചനയുണ്ട്.

ഷൈലജയുടെ ഭർത്താവ് കൃഷ്ണകുമാറിന്റെ അമ്മാവനാണ് ബാലകൃഷ്ണനെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഷൈലജയുടെ സഹോദരി ജാനകിയുടെ ഭർത്താവായാണ് ചൂണ്ടികാട്ടിയത്. ഇതാണ് ഈ കേസിൽ നിർണ്ണായക തെളിവായി മാറിയത്. ജാനകിയുടെ ഭർത്താവാണ് ബാലകൃഷ്ണനെന്ന് വ്യാജ രേഖകൾ ചമച്ച് അദ്ദേഹത്തിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയും മരങ്ങൾ മുറിച്ചെടുക്കുകയും ചെയ്തിരുന്നു. സ്വത്തു തട്ടിപ്പു കേസിൽ ഷൈലജയേയും ഭർത്താവിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജാമ്യത്തിലിരിക്കേയാണ് കൊലപാതക കേസിൽ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ബാലകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് തളിപ്പറമ്പിലെ കർമ്മസമിതി ഭാരവാഹികൾ ആരോപിച്ചിരുന്നു. കർമ്മസമിതിയുടെ ഇടപെടലോടെയാണ് കൊടുങ്ങല്ലൂർ പൊലീസ് കേസ് പുനരന്വേഷിക്കാൻ രംഗത്തിറങ്ങിയത്. സ്വത്ത് കേസിൽ ഷൈലജയുടെ സഹോദരി ജാനകി പ്രതിയാണെങ്കിലും കൊലപാതക കേസിൽ അവർക്ക് പങ്കില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. അറസ്റ്റ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനായി ഇന്ന് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടു പോകും.