കൊച്ചി: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ മുൻ എംഎൽഎ പി സി ജോർജ് പൊലീസ് കസ്റ്റഡിയിൽ. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ കൊച്ചി പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ ജോർജിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്നും മാറ്റി. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. 

പിസി ജോർജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പിന്തുണയുമായി ബിജെപിയും പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിയത് സംഘർഷത്തിന് ഇടയാക്കി. ഇവരെ നീക്കാൻ പൊലീസ് ബലം പ്രയോഗിച്ചു. ജോർജുമായി പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. ഈ വാഹനം ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്തു.

മകൻ ഷോൺ ജോർജിനൊപ്പം സ്റ്റേഷനിൽ എത്തിയ ജോർജ് നിയമത്തിനു വിധേയമാവുന്നതായി മാധ്യമ പ്രവർത്തകരോടു പറഞ്ഞു. .

സർക്കാർ അപേക്ഷ പരിഗണിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (രണ്ട്) വിധി പറഞ്ഞത്. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് ഹാജരായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പി സി ജോർജിന് അഭിവാദ്യമർപ്പിച്ച് ബിജെപി സംസ്ഥാനനേതാക്കളടക്കമുള്ളവർ സ്റ്റേഷനിലെത്തി.

പി.സി ജോർജിനു മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയ ബാക്കിയുള്ളവരേയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുജാഹിദ് ബാലുശേരി, ഫസൽ ഗഫൂർ, ആലപ്പുഴയിലെ കുട്ടി എന്നിവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

കെ സുരേന്ദ്രനു പുറമേ പാർട്ടി നേതാക്കളായ പി കെ കൃഷ്ണദാസിനെയും ശോഭാ സുരേന്ദ്രനെയും പൊലീസ് സ്റ്റേഷനിൽ പ്രവേശിപ്പിച്ചു. എ എൻ രാധാകൃഷ്ണനും പാലാരിവട്ടം സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം, പിഡിപി പ്രവർത്തകർ പാലാരിവട്ടത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധം കടുത്തതോടെയാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റിയത്. ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയെന്നാണ് സൂചന.

ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ പി സി ജോർജ് ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.

പി.സി.ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമർപ്പിച്ച സിഡി കോടതി നേരത്തേ പരിശോധിച്ചിരുന്നു. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉണ്ടായിരുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി.ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സാമൂഹിക പ്രതിബന്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത്. അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാൻ കഴിയില്ല. പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതിനുശേഷമാണ് വെണ്ണലയിലെ പ്രസംഗത്തിന്റെ പേരിൽ പൊലീസ് മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസ് സമ്മർദത്തിലാകുന്നതിന്റെ പേരിലാണ് ഈ നടപടികളെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, പി.സി.ജോർജ് മത വിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഈ മാസം ഒന്നാം തീയതിയാണ് പി.സി.ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുർബലമായ റിപ്പോർട്ട് സമർപിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പന്ത്രണ്ട്) ജഡ്ജി ആശ കോശിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മൂന്നു വർഷത്തിൽ താഴെ ശിക്ഷ ആയതിനാൽ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതേതുടർന്നാണ്, സർക്കാർ ജാമ്യം റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിച്ചത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി.ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പൊലീസിനു പരാതി നൽകി. തുടർന്ന്, പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്നശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.