തിരുവനന്തപുരം:രാജ്യചരിത്രത്തിലാദ്യമായി ഒരു ബിഷപ്പിനെ അഴിക്കുള്ളിലാക്കിയ കന്യാസ്ത്രീയെ അതിക്രൂരമായി അധിക്ഷേപിച്ച് വീണ്ടും പി.സി ജോർജ് എംഎൽഎ. എനിക്ക് വൈവാഹിക ജീവിതം വേണമെന്നുപറഞ്ഞ് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോൾ ബലാത്സംഗം ചെയ്‌തെന്ന് പറയുന്നതെന്ന് പി.സി ജോർജ് പറഞ്ഞു. ഫ്രാങ്കോയെ ജയിലിൽ സന്ദർശിച്ചശേഷം അദ്ദേഹത്തിന്റെ കൈമുത്തിയെന്നും നിരപരാധിയായ പുരോഹിതനെ അകത്താക്കിയവരുടെ തലയിൽ ഇടിത്തീവീഴുമെന്നും പി.സി ജോർജ് പറഞ്ഞു.

ഇന്നുച്ചയോടെയാണ് പാലാ സബ് ജയിലിലെത്തി പി.സി ജോർജ് എംഎൽഎ ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടത്. പുറത്തിറങ്ങിയ ശേഷം കാത്തുനിന്ന മാധ്യമങ്ങളോട് കന്യാസ്ത്രീയെ ശപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ. 'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൈമുത്തി വണങ്ങിയിട്ടുണ്ട്. നിരപരാധിയാണെന്ന് നൂറുശതമാനം ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തോട് ഈ കടുംകൈ കാട്ടിയിട്ടുള്ളവർക്കെതിരായ ദൈവശിക്ഷ ഇടിത്തീ പോലെ വന്നുവീഴും'.

അപകീർത്തികരമായ പരാമർശത്തിന് കന്യാസ്ത്രീ കോട്ടയം എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് കന്യാസ്ത്രീക്ക് വട്ടാണ് എന്നായിരുന്നു പ്രതികരണം. നേരിട്ട് മുന്നിലേക്ക് വരാൻ കന്യാസ്ത്രീയെ ജോർജ് വെല്ലുവിളിച്ചു. 'വട്ടുപിടിച്ച് ഓരോന്ന് ഓരോന്ന് കാണിക്കുന്നതിന് ഞാനതിന്റെ പുറകേ നടക്കണോ. ഞാനിവിടെ പരസ്യമായിട്ടാണ് നടക്കുന്നത്. ഇങ്ങോട്ട് വാ നേരിട്ടേക്കാം. ഞാൻ ഫ്രാങ്കോ പിതാവല്ല പി.സി ജോർജാണ്. അത് എതിർക്കുന്നവർ ഓർക്കണം. പിതാവിന് ജാമ്യം കിട്ടിയില്ലെങ്കിൽ ഇനിയും വരും ഞാൻ. എന്റെ അപ്പനാണല്ലോ അങ്ങേര് അതുകൊണ്ടാ തുടക്കം മുതലേ ഇങ്ങനെ'- ജോർജ് പറഞ്ഞു.

ഇതിനു പിന്നാലെ മാധ്യമപ്രവർത്തകരോടുള്ള ജോർജിന്റെ രോഷവും അണപൊട്ടിയൊഴുകി.' നിങ്ങള് പത്രക്കാര് തലയ്ക്കു വെളിവില്ലാതെ ഓരോന്ന് പറയുന്നു. നിങ്ങൾ പത്രക്കാര് ആണ് അയാളെ പിടിച്ച് ജയിലിലാക്കിയത്. അതിൽ നിങ്ങൾ സന്തോഷിക്കുന്നു. പക്ഷെ എനിക്ക് സത്യം പറയണം. നിങ്ങൾ കളിച്ചോ, പക്ഷെ തലയിൽ ഇടിത്തീ വീഴും. '- ജോർജ് പറഞ്ഞു. എനിക്ക് വൈവാഹിക ജീവിതം വേണമെന്ന് പറഞ്ഞ്് കത്തുകൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോൾ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞ് കത്തുകൊടുത്തിരിക്കുന്നത്. ബാക്കി ഞാൻ നാളെ പറയാം'- പി സി പറഞ്ഞു.മുക്കാൽ മണിക്കൂറോളം പി.സി.ജോർജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തി.പി.സി.ജോർജിനെ കൂടാതെ പാലാ രൂപത സഹായ മെത്രാൻ ജേക്കബ് മുരിക്കൻ. രൂപത വാക്താവ് മാത്യു ചന്ദ്രൻകുന്നേൽ, തുടങ്ങിയവരും ഇന്ന് ഫ്രാങ്കോയെ ജയിലിലെത്തി സന്ദർശിച്ചു.

അതിനിടെ തന്നെ അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയ പി.സി.ജോർജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അന്വേഷണത്തിനായി കോട്ടയം എസ്‌പി. വൈക്കം ഡിവൈ.എസ്‌പിക്ക് പരാതി കൈമാറി. പരാതി നിയമപരമായി നേരിടുമെന്ന് പി.സി.ജോർജ് പറഞ്ഞു.

നേരത്തെയും ബിഷപ്പിനെതിരേ പരാതി നൽകിയ കന്യാസ്ത്രീയെ മോശം വാക്കുകളാൽ ആക്ഷേപിച്ച് പി.സി. ജോർജ് രംഗ്‌ത്തെത്തിയിരുന്നു. പരാതി നൽകിയ കന്യാസ്ത്രീ അഭിസാരികയാണെന്നും അവർക്കുവേണ്ടി സമരം നടത്തുന്നവരെ സംശയത്തോടെയാണു കാണുന്നതെന്നും പി.സി. ജോർജ് പറഞ്ഞു. ബിഷപ് കുറ്റക്കാരനാണെന്നു വിചാരിക്കുന്നില്ല. കേരളാപൊലീസിനു വേറെ പണിയില്ലാത്തതുകൊണ്ടാണ് ഇതിന്റെയൊക്കെ പുറകേപോകുന്നത്. താൻ മനസിലാക്കിയിടത്തോളം ബിഷപ്പിനേക്കാളും കുറ്റക്കാരിയാണു കന്യാസ്ത്രീ. സ്ത്രീപരിഗണന എത്ര നൽകിയാലും ത്രാസ് താഴ്ന്നുനിൽക്കുന്നതു കന്യാസ്ത്രീയുടേതാണ്. കന്യാസ്ത്രീയുടെ ഉദ്ദേശം താൻ പരസ്യമായി പറയുന്നില്ല. 13 പ്രാവശ്യം പീഡനത്തിരയായെന്നു പറയുന്നവർ 12 തവണയായിട്ടും പരാതി നൽകിയില്ല. കന്യാസ്ത്രീ പീഡനത്തിരയായാൽ ആ നിമിഷം തിരുവസ്ത്രമൊഴിയേണ്ടതാണ്.

പി.കെ ശശി എംഎ‍ൽഎയുടെ കാര്യത്തിലും ഇതേ നിലപാടാണ് തനിക്കുള്ളത്. ഒരുമിച്ച് ഹോട്ടലിൽ താമസിച്ച ശേഷം ബില്ലുവരെ നൽകിയ സ്ത്രീയാണ് ഓർത്തഡോക്‌സ് സഭ വൈദികരെ പിന്നീട് ആസൂത്രിതമായി കുടുക്കിയത്. സ്വവർഗരതി കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി പ്രകൃതി വിരുദ്ധവും സമൂഹത്തെ നശിപ്പിക്കുന്നതുമാണെന്നും പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീസുരക്ഷാനിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം കോട്ടയത്തു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.