തിരുവനന്തപുരം: നിരവധി തട്ടിപ്പു കേസിൽ പ്രതിയായ യുവതിയുടെ പരാതിയിൽ മുൻ എംഎ‍ൽഎ പി.സി ജോർജ് അറസ്റ്റിൽ. ഈ വർഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി. കേസിൽ മ്യൂസിയം പൊലീസാണ് ജോർജ്ജിനെ അറസ്റ്റു ചെയ്തത്. ജോർജ്ജുമായി ഇപ്പോൾ നാല് പൊലീസ് വാഹനം എ ആർ ക്യാമ്പിലേക്ക് എത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് ജോർജിനെ ചോദ്യം ചെയ്യാൻ വേണ്ടി എത്തിയിരിക്കുന്ന്ത.

സർക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസിൽ ജോർജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നൽകിയ മൊഴി പുറത്തു വന്നതിന് പിന്നാലെ പി സി ജോർജ്ജും പരാതിക്കാരിയും തമ്മിലുള്ള സംഭാഷണവും നടന്നിരുന്നു.

അതേസമയം തന്നോട് വൃത്തിക്കേടാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് എല്ലാത്തിനും പ്രതികാരം ചെയ്യുമെന്നും പി.സി.ജോർജ്. തനിക്കെതിരായ പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെയിരുന്നു പി.സി.ജോർജിന്റെ പ്രതികരണം. തനിക്കെതിരെ പരാതി ഉന്നയിച്ചത് വിശ്വാസ്യതയില്ലാത്ത സ്ത്രീയാണെന്ന് ഹൈക്കോടതി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു മറ്റേ പണിക്കും താൻ പോയിട്ടില്ല. പിന്നെ എന്തിന് ഭയക്കണമെന്നും പി.സി.ജോർജ് ചോദിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ തൈക്കാട് ഗസ്റ്റ്ഹൗസിൽ ചോദ്യചെയ്യലിനായി എത്തിയപ്പോഴായിരുന്നു ജോർജ് ഇങ്ങനെ പ്രതികരിച്ചത്.

'പൊതുപ്രവർത്തനത്തിന് ഭാഗമായിട്ടാണ് തന്നോട് കാണിച്ചതിനൊക്കെ ക്ഷമിക്കുന്നത്. പിണറായി 20 കൊല്ലമേ ആയിട്ടുള്ളൂ എംഎൽഎ ആയിട്ട്. 33 കൊല്ലമായി ഞാൻ പൊതുപ്രവർത്തനം തുടങ്ങിയിട്ട്. ഏഴ് പ്രാവിശ്യം എംഎൽഎ ആയി. വഴിയേ നടക്കുന്നവനല്ല ഞാൻ. ആ എന്നോടാണ് ഈ വൃത്തിക്കേട് കാണിക്കുന്നത്. ഇതിനൊക്കെ പ്രതികാരം ഉണ്ടാകും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു സംശയവും വേണ്ട' പി.സി.ജോർജ് പറഞ്ഞു.

ഏത് തരത്തിലുള്ള പ്രതികാരമായിരിക്കുമെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പി.സി.ജോർജിന്റെ മറുപടി ഇങ്ങനെ,'മാന്യമായ രീതിയിലുള്ള പ്രതികാരമായിരിക്കും. പിണറായി ചെയ്തത് പോലുള്ള ഊളത്തരമായിരിക്കില്ല. ജനകീയമായിരിക്കും. ജനങ്ങളുടെ മുന്നിൽ സത്യങ്ങൾ ബോധ്യപ്പെടുത്തും. ഞാൻ പറയുന്നത് ഞാൻ ചെയ്യും. ജനകീയ വിചാരണക്ക് പിണറായി വിധേയനാകും'.

മുഖ്യമന്ത്രിയും ഭാര്യയും മകളും കള്ളക്കടത്ത് കേസിൽ പ്രതിയാകുന്നത് തന്റെ കുഴപ്പമാണോ..താൻ പറഞ്ഞിട്ടാണോ ഇവർ കള്ളക്കടത്ത് നടത്തിയതെന്നും പി.സി.ജോർജ് ചോദിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഇന്നലെ പത്ര സമ്മേളനം നടത്തി പറഞ്ഞതിന്റെ പകുതി താൻ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് തന്നെ മാത്രം പ്രതിയാക്കുന്നു. പി.സി.ജോർജിനോട് എന്തും ആകാമെന്നാണ്. ഒരു മാസത്തിനുള്ളിൽ പിണറായി താഴെയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ പണിക്കൊന്നും പോയിട്ടില്ല. പിന്നെ എന്തിനാണ് ഞാൻ ഭയപ്പെടുന്നത്. താൻ സമീപിച്ച രാഷ്ട്രീയ നേതാക്കളിൽ അപമര്യാദയായി പെരുമാറാത്ത ഏക വ്യക്തി പി.സി.ജോർജാണെന്ന് ഈ പരാതിക്കാരി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോ പിണറായിയുടെ പണം വാങ്ങി നടക്കുകയാണ്. പെൺകുട്ടികളെ ചക്കരെ തങ്കമേ എന്നൊക്കെയാണ് ഞാൻ വിളിക്കാറുള്ളത്. അതിനപ്പുറത്തേക്ക് വൃത്തിക്കേടൊന്നും കാണിക്കാറില്ല. ഐപിസി 164 പ്രകാരം മൊഴി കൊടുത്തത് നന്നായി. അതിനകത്ത് കളവ് പറഞ്ഞാൽ ജയിലിൽ പോകും. ഇപ്പോൾ പറഞ്ഞത് കളവാണെന്ന് തെളിയും' - ജോർജ് അവകാശപ്പെട്ടു.

പിണറായി വിജയൻ കാണിക്കുന്ന ഊളത്തരത്തിന് മറ്റു പെൺകുട്ടികളെ ഒന്നും മോശമാക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട് താനൊന്നും പറയുന്നില്ല.പിണറായി വിജയൻ ഏതൊക്കെ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടോ ആ വകുപ്പിലെല്ലാം അഴിമതി നടത്തിയിട്ടുണ്ട്. തന്റെ സ്വത്ത് മുഴുവൻ ഞാൻ പിണറായി കൊടുക്കാം. അദ്ദേഹത്തിന്റെ സ്വത്തിന്റെ നാലിലൊന്ന് തനിക്ക് തരുമോ എന്നും പി.സി.ജോർജ് വെല്ലുവിളിച്ചു.