തിരുവനന്തപുരം: പിസി ജോർജിനെതിരേയുള്ള പരാതിയിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന് പരാതിക്കാരി. ഫെബ്രുവരിയിൽ നടന്ന സംഭവമാണ് ഇത്. യുഡിഎഫുകാരിൽ നിന്ന് ആരോപണങ്ങൾ വന്നപ്പോൾ മെന്ററായും രക്ഷകനുമായി എത്തിയ ആളിൽ നിന്ന് മോശമായ അനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

പിസി ജോർജിന്റെ അറസ്റ്റിന് പിന്നാലെ, പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പിസി ജോർജിനെ കുടുക്കുകയാണെന്നും ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ ഇതിൽ ഒരു ഗൂഢാലോചന ഇല്ലെന്നും മെന്ററായി വന്ന ആളിൽ നിന്ന് മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും പരാതിക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒരു പ്രത്യേക സാഹചര്യത്തിൽ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിൻബലമില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. നിരവധി തട്ടിപ്പു കേസിൽ പ്രതിയായ വനിതയാണ് പി സി ജോർജ്ജിനെതിരെ പരാതി നൽകിയത്. ഇതിന്റെ പിന്നാലെയാണ് അവരെ പൊലീസ് അറസ്റ്റു ചെയ്തതും.

ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും യുവതി രഹസ്യമൊഴി നൽകിയിരുന്നു. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിസി ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷയും വ്യക്തമാക്കി. അറസ്റ്റ് പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോർജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുൻപ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.

സർക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസിൽ ജോർജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഉച്ചയ്ക്ക് 12.40ഓടു കൂടിയായിരുന്നു പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.