തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീ കുറിച്ചു നടത്തിയ വിവാദ പരാമർശത്തിൽ പി സി ജോർജ്ജ് ഖേദം പ്രകടിപ്പിച്ചു. കന്യാസ്ത്രീക്കെതിരെ 'വേശ്യ' എന്ന വാക്ക് ഉപയോഗിച്ചതിലാണ് ജോർജ്ജ് ഖേദം പ്രകടിപ്പിച്ചത്. പറഞ്ഞത് തെറ്റായി പോയിയെന്ന് പി.സി ജോർജ് വ്യക്തമാക്കി. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ കന്യാസ്ത്രീക്കതിരെ പരാമർശം നടത്തിയത് വൈകാരികമായിട്ടാണെന്നും ജോർജ്ജ് പറഞ്ഞു. അതേസമയം ഈ വാക് പ്രയോഗത്തിൽ മാത്രമാണ് താൻ ഖേദം പ്രകടിപ്പിച്ചതെന്ന് ജോർജ്ജ് പിന്നീട് മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

നേരത്തെ ന്യൂസ് 18ന നൽകിയ അഭിമുഖത്തിൽ പി സി ജോർജ്ജ് പറഞ്ഞത് ഇങ്ങനെയായിരുന്നു: താൻ അവരെ കന്യാസ്ത്രീയായി പരിഗണിക്കുന്നില്ല. അവർക്കെതിരെ കോട്ടയം പ്രസ് ക്ലബിൽ വച്ച് നടത്തിയ 'വേശ്യ' എന്ന പദപ്രയോഗം തെറ്റായിപ്പോയി. എത്ര മോശം സ്ത്രീയാണെങ്കിലും അങ്ങിനെ പറയാൻ പാടില്ലായിരുന്നു. ആ പരാമർശത്തിൽ നിന്നുളവാകുന്ന വേദന താൻ മനസ്സിലാക്കുന്നു. അതേസമയം, ഈ പരാമർശം ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും മുമ്പ് പറഞ്ഞത് തന്നെയാണ് തന്റെ നിലപാടെന്നം ജോർജ്ജ് പറഞ്ഞു.

ചാനലുകൾ പറയുന്നത് പോലെ താൻ ഗതികെട്ട് മാപ്പു പറഞ്ഞെന്ന വ്യാഖ്യാനങ്ങൾ ശരിയല്ലെന്നാണ് ജോർജ്ജ് മറുനാടനോട് പറഞ്ഞത്. നേരത്തെ മറുനാടന് നൽകി അഭിമുഖത്തിലും ജോർജ്ജ് തന്റെ മുൻ പരാമർശങ്ങളിൽ ഉറച്ചു നിന്നിരുന്നു. കത്തോലിക്കാ സഭക്കെതിരായാ ഗൂഢാലോചനയാണ് ബിഷപ്പിനെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്നും സഹോദരങ്ങൾ പണം വാങ്ങിയാണ് ആരോപണ ഉന്നയിച്ചതെന്നും ജോർജ്ജ് പറയുകയുണ്ടായി.

അതേസമയം ജോർജ്ജിന്റെ പരാമർശങ്ങളെ തള്ളി കന്യാസ്ത്രീയുടെ സഹോദരനും രംഗത്തുവന്നിരുന്നു. ജോർജ്ജാണ് പണം വാങ്ങിയതെന്നായിരുന്നു സഹോദരന്റെ ആരോപണം. ജലന്ധർ ബിഷപ്പിന്റെ കൈയിൽ പണം വാങ്ങിയാണ് പി.സി ജോർജ് മോശം പരാമർശം നടത്തിയെന്ന കന്യാസ്ത്രീയുടെ ആരോപണത്തെ പി സി ജോർജ്ജും തള്ളിക്കളഞ്ഞു. താൻ ആരുടെ കൈയിൽ നിന്നും പണം വാങ്ങിയിട്ടില്ല. തനിക്കതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോർജ്ജ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പി.സി ജോർജ്, കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ ആദ്യ പീഡനം നടന്നപ്പോൾ പറയണമെന്നും പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തു കൊണ്ടാണെന്നുമായിരുന്നു പിസി ജോർജ്ജിന്റെ ചോദ്യം. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീ തിരുവസ്ത്രം അണിയാൻ യോഗ്യയല്ലെന്നും പീഡനം നടന്നദിവസം തന്നെ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടെന്നും പിസി പറഞ്ഞു.

പീഡനത്തിന് ഇരയായ കന്യാസ്ത്രീമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാൽ അവർ പരിശുദ്ധകളാണോയെന്ന് തിരിച്ചറിയാൻ കഴിയുമെന്നും ബിഷപ്പിനെതിരെയുള്ള അവരുടെ ആരോപണങ്ങൾ ശരിയാണോയെന്ന് ഉറപ്പ് വരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിന് വേറെ പണിയില്ലാത്തതു കൊണ്ടാണ് കന്യാസ്ത്രീമാരുടെ പരാതിയിൽ ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നതെന്നും പി സി ആരോപിച്ചിരുന്നു. ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ ജോർജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു. എന്നാൽ കന്യാസ്ത്രീക്കെതിരെ മാന്യമല്ലാത്ത പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു നേരത്തെ ജോർജിന്റെ വിശദീകരണം.

തുടർന്ന് ജോർജിന് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചു. ഈ മാസം 20ന് ജോർജ് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നാണു നിർദ്ദേശം. പി.സി. ജോർജിന്റെ പരാമർശത്തിൽ കന്യാസ്ത്രീയുടെ മൊഴിയെടുക്കാൻ കോട്ടയം ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.