- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിയിൽ മുങ്ങിക്കുളിച്ച കെ എം മാണിയെ ബിജെപി തൊടില്ല; മാണി ഗ്രൂപ്പിലെ പ്രമുഖർ തന്നോടു ബന്ധപ്പെടുന്നു; ജോർജും മാണിയുമില്ലാത്ത കേരളകോൺഗ്രസ് കൂട്ടായ്മ ഉണ്ടാക്കാനാണ് തന്റെ ശ്രമം: പി സി തോമസ് മറുനാടനോട്
ആലപ്പുഴ: അഴിമതിയിൽ മുങ്ങിക്കുളിച്ച കെ എം മാണിയെ ബിജെപി തൊടില്ല, കേരളത്തിൽ എൻ ഡി എയുടെ സഖ്യകക്ഷിയായി തുടരുന്നത് താൻ നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസാണെന്ന് മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി സി തോമസ് മറുനാടനോട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി നേതൃത്വം നൽകുന്ന പാർട്ടി ഈ രൂപത്തിൽ ഉണ്ടാകുമോയെന്ന് കാത്തിരുന്
ആലപ്പുഴ: അഴിമതിയിൽ മുങ്ങിക്കുളിച്ച കെ എം മാണിയെ ബിജെപി തൊടില്ല, കേരളത്തിൽ എൻ ഡി എയുടെ സഖ്യകക്ഷിയായി തുടരുന്നത് താൻ നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസാണെന്ന് മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി സി തോമസ് മറുനാടനോട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി നേതൃത്വം നൽകുന്ന പാർട്ടി ഈ രൂപത്തിൽ ഉണ്ടാകുമോയെന്ന് കാത്തിരുന്നു കാണണം. ഇപ്പോൾ മാണി കോൺഗ്രസിൽ ഒട്ടുമിക്ക നേതാക്കളും അധികാരവികേന്ദ്രീകരണമാണ് ആവശ്യപ്പെടുന്നത്. ഇതിനായി മാണി നേതൃത്വം നൽകുന്ന ഗ്രൂപ്പിൽനിന്നുതന്നെ പ്രമുഖർ താനുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. പി സി ജോർജിനെയും കെ എം മാണിയെയും മാറ്റിനിർത്തി കേരള കോൺഗ്രസുകളുടെ കൂട്ടായ്മയെന്ന പുതിയ നീക്കമാണ് താൻ ലക്ഷ്യമിടുന്നത്. ഇവർ രണ്ടുപേർ മാറിനിന്നാൽ ബാലകൃഷ്ണ പിള്ളയും സ്‌കറിയാ തോമസും ഒപ്പം ചേരുമെന്നു പി സി തോമസ് പറഞ്ഞു.
അസ്വസ്ഥത പടരുന്ന പാർട്ടിയിൽനിന്നും പുറത്തു ചാടാൻ പലരും ആഗ്രഹിക്കുന്നുണ്ട്. പുറത്തുപറയാനുള്ള വൈമനസ്യമാണ് അവരെക്കൊണ്ട് അതു പറയിക്കാത്തത്. ഇപ്പോൾ പി ജെ ജോസഫ് എടുത്ത നിലപാട് മറ്റുള്ളവർക്ക് കുറച്ചു ധൈര്യം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് മാണിയെ പരിഗണിക്കാതെ കൂട്ടായ്മ എന്ന ആശയവുമായി നേതാക്കൾ തന്നെ സമീപിച്ചത്. മാണിക്ക് വിശുദ്ധന്റെ കുപ്പായം തുന്നാൻ ആ പാർട്ടിയിൽ ഇനി ആളെ കിട്ടില്ല.
മാണിയുടെ മുൻകാല പ്രവൃത്തികൾ വിലയിരുത്തുമ്പോൾ അഴിമതി പാരമ്പര്യമാണെന്നു തെളിയും. പാലായിലെ ടയർ കമ്പനിയുടെ ഗതി മലയോരമേഖല മറന്നിട്ടില്ല. പാലാഴി ടയർ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കോടികളുടെ തിരിമറി നടത്തിയെന്ന ആക്ഷേപം മാണിക്കെതിരായി നേരത്തെയുണ്ട്. ഇവിടെ കണക്കുകളിൽ രേഖപ്പെടുത്തിയ 4 കോടിയാണ് തിരിമറി നടത്തിയത്. ഇന്നും ടയർ കമ്പനിക്കായി പാർട്ടി പ്രവർത്തകരിൽനിന്നും കർഷകരിൽനിന്നും പിരിച്ചെടുത്ത പണം കൊണ്ട് വാങ്ങിക്കൂട്ടിയ 40 ഏക്കർ ഭൂമി മാണി സ്വന്തമായി കൈയിൽവച്ചിട്ടുണ്ട്.
കമ്പനിയാകട്ടെ എം ആർ എഫുമായി കരാറിൽ ഏർപ്പെട്ട് ടയർ നിർമ്മിക്കാനുള്ള അവകാശം വിട്ടുെകാടുത്തു. ഇതോടെ പാലയിലെ കർഷകർ വെട്ടിലായി. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇതുവരെ അഴിമതി ആരോപണം നേരിടാത്ത എൻ ഡി എ സർക്കാർ അഴിമതിക്കാരനെ ക്ഷണിച്ചുവരുത്തുന്നുവെന്നു പറയുന്നത്.അത്ര മാത്രം വിഢികളല്ല എൻ ഡി എ നേതാക്കൾ. മാത്രമല്ല ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച കേരള കോൺഗ്രസ് തന്റേതാണ്. മറ്റുള്ളവരുടെ കോൺഗ്രസിന് വാലായി സ്ഥാപകരുടെ പേര് ബ്രാക്കറ്റിൽ നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ എൻ ഡി എയ്ക്ക് ചുവടുറപ്പിക്കാൻ നേതൃത്വം നൽകിയ ആളാണ് താൻ. ഇത് പത്ത് വർഷങ്ങൾക്ക് മുമ്പ് തെളിയിച്ചിട്ടുള്ളതാണ്. അതിന്റെ അംഗീകരമായാണ് തനിക്ക് കേന്ദ്രമന്ത്രി പദം നൽകിയത്.
അതുകൊണ്ടുതന്നെ താൻ ഇപ്പോഴും എൻ ഡി എയിൽ തുടരുന്നുണ്ട്. അരുവിക്കരയിൽ ബിജെപിക്ക് ശക്തമായ പിന്തുണ നൽകി തന്റെ പാർട്ടി മികവ് കാട്ടിയിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും എൻ ഡി എയ്ക്ക് മലയോര മേഖലയിൽ നല്ല വേരോട്ടമാണ് നടത്താൻ കഴിഞ്ഞത്. ഇപ്പോൾ ഈ മേഖലയിൽ എൻ ഡി എ സർക്കാർ നടത്താൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികൾ താനുമായി ആലോചിച്ചശേഷം നടത്താനിരിക്കുന്നതാണ്. 1964 ൽ കേരള കോൺഗ്രസ് സ്ഥാപിക്കപ്പെടുമ്പോൾ ഈ മേഖലയിലെ കർഷകരെയും കാർഷിക മേഖലയെയും സംരക്ഷിക്കണമെന്ന മുഖ്യഅജണ്ടയാണ് മുന്നോട്ടു വച്ചിരുന്നത്.
ഇതുവരെയും അത്തരത്തിലൊരു അജണ്ട നടപ്പിലായില്ല. ഇപ്പോൾ എൻ ഡി എ സർക്കാരാണ് തന്റെകൂടി ശ്രമഫലമായി പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതിന്റെ ശക്തി വർദ്ധിക്കും. കേരള കോൺഗ്രസുകളെ ഒന്നിപ്പിക്കാനുള്ള തന്റെ ശ്രമം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും പി സി തോമസ് പറഞ്ഞു.