ന്യൂഡൽഹി: 2002-ൽ ട്രിച്ചിയിലാണ് വാസൻ ഐ കെയറിന്റെ ആദ്യത്തെ ക്ലിനിക്കിന് ഡോ. അരുൺ തുടക്കമിടുന്നത്. 2008-09 സാമ്പത്തിക വർഷം വരെ കാര്യമായ വളർച്ചയൊന്നുമില്ലാത്ത കണ്ണാശുപത്രിയായിരുന്നു അത്. എന്നാൽ, പൊടുന്നനെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ദ്വാരകാനാഥനിൽനിന്ന് അന്ന് കേന്ദ്ര മന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ മകൻ കാർത്തി വാസന്റെ ഓഹരികൾ വാങ്ങിയതോടെ, വാസൻ കുതിച്ചുയർന്നു.

2008-09 വരെ ക്ലിനിക്കിന്റെ അറ്റാദായം 13 കോടിയിൽ ഒതുങ്ങിനിൽക്കുകയായിരുന്നു. എന്നാൽ, കാർത്തിയുടെ വരവോടെ 2009-10 മുതൽ വാസൻ വേറിട്ടൊരു വഴിയിലേക്ക് കടന്നു. കാർത്തി ഓഹരികൾ സ്വന്തമാക്കി മൂന്നുമാസത്തിനുള്ളിൽ മൗറീഷ്യസിൽനിന്ന് 50 കോടിയുടെ നിക്ഷേപം ക്ലിനിക്കിന് ലഭിച്ചു. ട്രിച്ചിയിൽനിന്ന് വാസന്റെ ആസ്ഥാനം ചെന്നൈയിലേക്ക് മാറ്റി. ഒരുവർഷത്തിനിടെ, മൗറീഷ്യസിലെ നിക്ഷേപകൻ മറ്റൊരു 50 കോടി കൂടി വാസന് കൈമാറി.

2009 മുതൽ 2014 വരെയുള്ള രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് വാസൻ വളർന്നുപന്തലിച്ചത്. 2009-10ൽ 16 കോടിയായിരുന്നു ആദായമെങ്കിൽ 2010-11 സാമ്പത്തിക വർഷം അത് 311 കോടിയായി വർധിച്ചു. 2011-12ൽ 462 കോടിയും 2012-13-ൽ 604 കോടിയുമായിരുന്നു ആദായം. ഒരുവർഷം കൊണ്ട് 20 മടങ്ങും മൂന്നുവർഷത്തിനിടെ 38 മടങ്ങും വർധന!. അവിശ്വസനീയം എന്നല്ലാതെ ഇതിനെ എന്തുവിളിക്കാൻ?

2008 ഏപ്രിൽ വരെ വാസൻ ഐ കെയറിന് 25 ക്ലിനിക്കുകൾ മാത്രമാണ് ഉണ്്ടായിരുന്നതെങ്കിൽ 2012-13 ആയപ്പോഴേക്കും 175-ൽപ്പരം ക്ലിനിക്കുകളായി അത് വർധിച്ചു. 800-ലധികം ഒഫ്താൽമോളജിസ്റ്റുകൾ വാസനിൽ ജീവനക്കാരായി. 8000-ലേറെ ഐ കെയർ അംഗങ്ങളും. ഓഹരിവിപണിയിൽ ഇക്കാലത്ത് വാസന്റെ ഓഹരികൾക്കും വിലവർധിച്ചു.

യു.പി.എയുടെ രണ്ടാം സർക്കാരിന്റെ കാലത്താണ് വാസൻ ഇത്രയേറെ വളർച്ച കൈവരിച്ചത്. ഒന്നുമില്ലായ്മയിൽനിന്ന് പൊടുന്നനെ ശതകോടീശ്വരന്മാരായി മാറിയ അവസ്ഥ. ഫിച്ച് ഗ്രൂപ്പിന്റെ റേറ്റിങ് അനുസരിച്ച് 2014-ൽ വാസൻ ഐ കെയറിന്റെ മൂല്യം 5500 കോടി രൂപയായിരുന്നു. കേന്ദ്രത്തിലുള്ള സ്വാധീനവും ചിദംബരം കുടുംബത്തിനുള്ള താത്പര്യവുമാണ് വാസനെ ഈ നിലയിൽ വളർത്തിയതെന്നത് സ്പഷ്ടമായിരുന്നു.

യു.പി.എ. സർക്കാരുമായുള്ള ബന്ധം വാസൻ മറച്ചുവച്ചതുമില്ല. 2011 ഡിസംബറിൽ വാസന്റെ 100-ാമത് ക്ലിനിക് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി മന്മോഹൻ സിങ്ങായിരുന്നു. പി.ചിദംബരത്തിന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട കാരൈക്കുടിയിലായിരുന്നു അത്. തമിഴ്‌നാട് ഗർണർ ഡോ.കെ. റോസയ്യയും ചിദംബരവും ആ ചടങ്ങിൽ പങ്കെടുത്തിരുന്നു.പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സംസ്ഥാന ഗർണറും ഒരു ഐ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് പറന്നെത്തണമെങ്കിൽ, അതുവെറും ക്ലിനിക്കല്ലെന്ന് ആർക്കും ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

വിവിധ സർക്കാർ ഏജൻസികളും വൻകിട പൊതുമേഖലാ സ്ഥാപനങ്ങളും ഇക്കാലയളവിൽ വാസനുമായി ചേർന്ന് പ്രവർത്തിക്കാൻ മത്സരിക്കുകയായിരുന്നു. വാസന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത്തരം പങ്കാളികളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എസ്.ബി.ഐ, ബി.എസ്.എൻ.എൽ, ഐ.സി.എഫ്, എഫ്.സിഐ, ദൂരദർശൻ, ആകാശവാണി എയർ ഇന്ത്യ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെല്ലാം അതിൽപ്പെടുന്നു. 34 സ്ഥാപനങ്ങളുമായാണ് വാസന് പങ്കാളിത്തം ഉണ്ടായിരുന്നത്.

2014-ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ പരാജയം സമ്മതിച്ചതോടെ, കാര്യങ്ങൾ ഒരിക്കൽക്കൂടി കീഴ്‌മേൽ മറിഞ്ഞു. 2014 മാർച്ചിലെ ബാലൻസ് ഷീറ്റ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ പുറത്തിറങ്ങേണ്ടതായിരുന്നു. അത് ഇതുവരേയ്ക്കും പുറംലോകം കണ്ടിട്ടില്ല. രാജ്യത്തെ മുൻനിര ബാങ്കുകളും ഇൻഷുറൻസ് കമ്പനികളുമായി ബന്ധമുള്ള സ്ഥാപനം ഒരുവർഷമായി ബാലൻസ് ഷീറ്റ് പോലും പുറത്തുവിടാതിരിക്കുന്നത് ദുരൂഹത നിറഞ്ഞ കാര്യമാണ്. യു.പി.എ സർക്കാരിന്റെ തോൽവി മാത്രമാണോ അതിന് കാരണമെന്നറിയാൻ, ഇനിയും കാത്തിരുന്നേ മതിയാകൂ.