കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിപിഐ.(എം) ജില്ലാ സെക്രട്ടറി പി.ജയരാജൻ അടുത്ത ചൊവ്വാഴ്ച കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. ജയരാജന്റെ രാഷ്ട്രീയഗുരു പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേൽക്കും മുമ്പുതന്നെ തന്റെ രാഷ്ട്രീയ തട്ടകത്തിൽ വീണ്ടും ഇറങ്ങാനായതിൽ പാർട്ടി മൊത്തത്തിൽ ആഹ്ലാദത്തിലാണ്. അതിന്റെ ആർഭാടത്തോടെയായിരിക്കും ജയരാജനെ കണ്ണൂർ ജില്ലയിലേക്ക് സ്വീകരിച്ചാനയിക്കുക.

യു.എ.പി.എ. ചുമത്തപ്പെട്ട കേസിൽ ആറു മാസത്തേക്ക് ജാമ്യമില്ലെന്ന രീതിക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജയരാജന് ജാമ്യം അനുവദിച്ചെങ്കിലും രണ്ടു മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ വച്ചിരുന്നു. അതാണ് ജയരാജൻ ഇത്രയും കാലം ജില്ലക്ക് പുറത്തു കഴിയേണ്ടിവന്നത്. ജയരാജന് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ.യുടെ വാദം അംഗീകരിച്ചാണ് കോടതി കണ്ണൂർ ജില്ലയിൽ പ്രവേശനം നിഷേധിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാമ്യവ്യവസ്ഥ ലംഘിക്കപ്പെടാതിരിക്കാൻ കണ്ണൂർ ജില്ലക്ക് പുറത്തുമാത്രമാണ് പി.ജയരാജൻ പ്രചാരണ പ്രവർത്തനത്തിന് പോയിരുന്നത്. കാസർഗോഡ് ജില്ലയിൽ പ്രചാരണത്തിനു പോയത് കോഴിക്കോട് നിന്നും വയനാട് വഴി കുടകിലൂടെ സഞ്ചരിച്ചാണ്. ജയരാജന്റെ സഹോദരിയും മുൻ എംപി.യുമായ സതീദേവിയുടെ വീട്ടിലാണ് രണ്ടു മാസക്കാലം താമസിച്ചിരുന്നത്. അവിടെ നിന്നും കണ്ണൂർ ജില്ല ഒഴിച്ച് സംസ്ഥാനത്ത് ഒട്ടാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജയരാജൻ പോയതും വാർത്തയായിരുന്നു. രണ്ടു മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ചൊവ്വാഴ്ചയോടെയാണ് തീരുന്നത്. അന്നു തന്നെ ജയരാജൻ കണ്ണൂരിലെത്താൻ എല്ലാ ഒരുക്കങ്ങളും പാർട്ടി ചെയ്തിട്ടുണ്ട്. കണ്ണൂരിനു പുറമേ മാഹിയിലും ജയരാജന് വൻ സ്വീകരണം ഒരുക്കിയിട്ടുണ്ട്്്.

24 ാം തീയ്യതി വൈകീട്ട് നാലുമണിക്ക് കണ്ണൂർ ജില്ലാ അതിർത്തിയിൽ ജയരാജൻ പ്രവേശിക്കും. സംസ്ഥാന ജില്ലാ നേതാക്കളുടേയും പ്രവർത്തകരുടേയും അകമ്പടിയോടെ മാഹിയിൽ നിന്നുമായിരിക്കും അദ്ദേഹത്തെ കൊണ്ടുവരിക. നിരവധി വാഹനങ്ങളിൽ പ്രവർത്തകർ എത്തും. വഴിനീളെ സ്വീകരണങ്ങളും നല്കും. വൈകീട്ട് 5.30 ന് കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ ജില്ലയിലെ പാർട്ടി പ്രവർത്തകരെ അണിനിരത്തി വൻസ്വീകരണവും നൽകും. തുടർന്ന് നേരെ കണ്ണൂരിലെ പാർട്ടി ആസ്ഥാനമായ അഴീക്കോടൻ മന്ദിരത്തിലേക്ക് നേതാക്കൾക്കൊപ്പം ജയരാജൻ പോകും. കണ്ണൂരിലെ പാർട്ടിയുടെ വിജയം പങ്കിട്ടശേഷം അന്നു രാത്രി തന്നെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. പ്രിയ സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ സന്നിഹിതനാകും.

കതിരൂർ മനോജ് വധക്കേസിൽ യു.എ.പി.എ. ചുമത്തപ്പെട്ടതും ആരോഗ്യ പ്രശ്‌നങ്ങളുള്ള ജയരാജനെ ജയിലിൽ പാർപ്പിക്കുന്നതും സിബിഐ. തുടരെത്തുടരെ ചോദ്യം ചെയ്യുന്നതും എല്ലാം കേരളരാഷ്ട്രീയത്തിൽ വിവാദങ്ങൾ തൊടുത്തു വിട്ടിരുന്നു. യു.ഡി.എഫ് സർക്കാർ ജയരാജനെ സംരക്ഷിക്കുന്നുവെന്ന് ബിജെപി.യും ആർ.എസ്.എസും ആരോപിക്കുകയുണ്ടായി. ബിജെപി.യും ആർ.എസ്.എസും കോൺഗ്രസ്സും ചേർന്ന് ജയരാജനെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് സിപിഐ.(എം). യും ആരോപണം ഉന്നയിച്ചിരുന്നു.

കതിരൂർ മനോജ് വധക്കേസിനു പുറമേ തളിപ്പറമ്പിനടുത്ത അരിയിൽ ഷുക്കൂർ എന്ന എം.എസ് എഫ് പ്രവർത്തകന്റെ വധക്കേസിലും ജയരാജൻ പ്രതി സ്ഥാനത്തുണ്ട്. ഷുക്കൂറിന്റെ അമ്മയുടെ പരാതിയെ തുടർന്ന് ഈ കേസിലും ഹൈക്കോടതി സിബിഐ.അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.