തലശേരി: കതിരൂർ മനോജ് കേസിൽ പ്രതിചേർക്കപ്പെട്ട സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ നിന്നു സിബിഐ അവസാന നിമിഷം പിന്മാറി. ഇതുസംബന്ധിച്ചു തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിമുമ്പാകെ സമർപ്പിച്ച ഹർജി സിബിഐ പിൻവലിച്ചു.

പി ജയരാജന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഹർജി കോടതി തള്ളിയേക്കുമെന്ന ആശങ്കയിലാണ് സിബിഐയുടെ പിന്മാറ്റം. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഇക്കാര്യത്തിൽ അപേക്ഷ നൽകാനാണു സിബിഐ നീക്കം. 

ബുധനാഴ്ച ജില്ല ജഡ്ജി വി ജി അനിൽകുമാർ ഹർജി പരിഗണിച്ചപ്പോഴാണ് തികച്ചും നാടകീയമായി കസ്റ്റഡി അപേക്ഷ പിൻവലിക്കുന്നതായി സിബിഐ പ്രോസിക്യൂട്ടർ എസ് കൃഷ്ണകുമാർ ബോധിപ്പിച്ചത്. രേഖാമൂലം ഇക്കാര്യം ബോധിപ്പിക്കണമെന്ന് കോടതി നിർദ്ദേശം പരിഗണിച്ച് പ്രത്യേക അപേക്ഷയും നൽകി. മെഡിക്കൽ റിപ്പോർട്ടിനായി കാത്തുനിൽകുകയാണെന്നും വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നും സിബിഐ പ്രോസിക്യൂട്ടർ പറഞ്ഞു.

ചോദ്യം ചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യമാണെന്ന് കാണിച്ചാണ് സിബിഐ ഹർജി സമർപ്പിച്ചത്. മെഡിക്കൽ റിപ്പോർട്ട് വൈകുന്നതിനാലാണ് ഹർജി പിൻവലിച്ചതെന്നാണ് സൂചന. ജയരാജന്റെ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ ഹർജിയിൽ കോടതി അനുകൂല തീരുമാനമെടുക്കില്ലെന്ന വിലയിരുത്തലിലാണു സിബിഐ.

ജയരാജനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റാനായി വൈദ്യ പരിശോധന റിപ്പോർട്ട് തിരുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം നടക്കുകയാണ്. ഡോക്ടർമാരെയും ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്തു.

അഭിഭാഷകന്റെയും ഡോക്ടറുടെയും സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്ന് ജയരാജന്റെ വക്കീൽ കഴിഞ്ഞദിവസം കോടതിയിൽ വാദിച്ചിരുന്നു. അതിനാലാണ് ജയരാജന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് വരെ കാക്കാൻ സിബിഐ തീരുമാനിച്ചത്. ജയരാജന് നിലവിൽ വലിയ രീതിയിലുള്ള അസുഖങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ഹൃദയാലയത്തിലെ ഡോക്ടർ അഷ്‌റഫ് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനാണു സിബിഐ ശ്രമം.