കാസർഗോഡ്: മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര സാമുദായിക സൗഹാർദ്ദത്തിന്റെ ഉണർത്തുപാട്ടാകുന്നു. ഉദുമ മണ്ഡലത്തിലെ സ്വീകരണത്തിനുശേഷം ബേക്കലിലേക്കുള്ള യാത്രയിലാണ,് നൂറ്റാണ്ടുകൾ പഴക്കമുള്ള അരയസമാജത്തിന്റെ സുപ്രധാനമായ ആരാധനാ കേന്ദ്രമായ ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം സന്ദർശിച്ചത്.

കുഞ്ഞാലിക്കുട്ടിയുടെ യാത്ര അതുവഴി കടന്നു വരുന്നെന്നറിഞ്ഞ ക്ഷേത്രസ്ഥാനീകരും ഭാരവാഹികളും അദ്ദേഹത്തെ എതിരേൽക്കാൻ സജ്ജരായി. ക്ഷേത്രഭാരവാഹികളുടെ ക്ഷണപ്രകാരം കുഞ്ഞാലിക്കുട്ടി കൂറുമ്പ ഭഗവതിക്ഷേത്രത്തിൽ കയറി. പ്രമുഖ സ്ഥാനികന്മാരായ കണ്ണൻ കാരണവർ, പാണൻ കാരണവർ, മുത്തത്താരി കാരണവർ, കുപ്പക്കാരണവർ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം സ്ഥാനീകരും ഭാരവാഹികളും കുഞ്ഞാലിക്കുട്ടിയേയും സംഘത്തേയും സ്വീകരിച്ചു.

മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.വി. അബ്ദുൾ വഹാബ് എംപി. എന്നിവരോടൊപ്പം നഗ്‌നപാദരായി കുഞ്ഞാലിക്കുട്ടി ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചു. സ്ഥാനീയന്മാരും ഭാരവാഹികളും ഉപചാരപൂർവ്വം അവരെ വരവേറ്റു. ബേക്കൽ ഹാർബർ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ അവർ യാത്രാനായകൻ മുമ്പാകെ അവതരിപ്പിച്ചു. ക്ഷേത്രഭാരവാഹികളോടെും സ്ഥാനീകരോടും കുശലാന്വേഷണം നടത്തുകയും പരസ്പരം അഭിവാദ്യമർപ്പിക്കുകയും ചെയ്തതു കാഴ്‌ച്ചക്കാരിൽ കൗതുകം പകർന്നു. കടലോര മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരാധീനതകളും കുഞ്ഞാലിക്കുട്ടി ചോദിച്ചറിഞ്ഞു.

തന്നാലാവും വിധം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകി.. പതിനഞ്ചു മിനുട്ടോളം നീണ്ടുനിന്ന സൗഹൃദ ചർച്ചക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയും സംഘവും കൂറുമ്പക്ഷേത്രത്തിൽ നിന്നും വിടചൊല്ലിയത്. ബേക്കൽ മേഖലയിലെ മത്സ്യബന്ധന തൊഴിലാളികളുടെ നാട്ടുകോടതി എന്ന സ്ഥാനവും ഈ ക്ഷേത്രത്തിന് നൽകിപ്പോന്നു.

മുസ്ലിം ലീഗിന് ഒരു രാഷ്ട്രീയപ്രസ്ഥാനത്തോടും കടുത്ത വിദ്വേഷമോ അമിതമമതയോ ഇല്ല. അവരുടെ നിലപാടുകളും സമീപനവുമനുസരിച്ചാണ് ലീഗ് അടുപ്പമോ അകൽച്ചയോ പാലിക്കുന്നത്. സംസ്ഥാനത്തെ വികസനത്തിന് ഇടതുപക്ഷ കക്ഷികളുടെ പിന്തിരിപ്പൻ നിലപാടുകളും രാഷ്ട്രീയ അക്രമങ്ങളും തടസ്സം നിൽക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളിൽ പറഞ്ഞു. ദേശീയപാതാ വികസനത്തിനു മുസ്ലിം ലീഗ് എതിരാണെന്ന പ്രചരണം തെറ്റാണെന്നും ന്യായമായ നഷ്ടപരിഹാരം നല്കിയാൽ ദേശീയപാത പ്രാവർത്തികമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാസർഗോഡ് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രവാഹമായിരുന്നു. കാഞ്ഞങ്ങാട്ടും ജില്ലാ തല സമാപനം നടന്ന തൃക്കരിപ്പൂരും വൻ ജനാവലിതന്നെ കേരളയാത്രയെ സ്വീകരിക്കാനെത്തിയിരുന്നു. ജാഥ കാസർഗോഡ് ജില്ല പിന്നിടുമ്പോൾ മുസ്ലിം ലീഗിന്റെ ശക്തിക്ക് ഒരു പോറലും സംഭവിച്ചിട്ടില്ലെന്ന് ഉറച്ചു പ്രഖ്യാപിക്കുകയാണ് ജില്ലാ- സംസ്ഥാന നേതൃത്വങ്ങൾ.