- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി മുമ്പാകെ രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്; ഇത് പരസ്യമാക്കാൻ പലരും താത്പര്യപ്പെടുന്നില്ലെന്നാണ് ഉദ്ദേശിച്ചത്; റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ച്ചയില്ലാത്ത ശ്രമം സർക്കാർ ഭാഗത്തു നിന്നുണ്ട്; ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പടുത്താൻ ഡബ്ല്യുസിസി ആവശ്യപ്പെട്ടില്ലെന്ന വാദത്തിൽ ഉറച്ച് പി രാജീവ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ് വെളിപ്പെടുത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പി രാജീവിന്റെ വെളിപ്പെടുത്തൽ. കമ്മീഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജീവിന്റെ വാദങ്ങൾ വിവാദങ്ങൾക്കും വഴിവെച്ചു. എതിർപ്പുമായി ഡബ്ല്യുസിസി രംഗത്തുവന്നതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ലെന്നും പി രാജീവ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിന്റെ ശ്രമമെന്നും പി രാജീവ് കൂട്ടിച്ചേർത്തു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങളും ശുപാർശകളും നടപ്പാക്കുക എന്നതിനാണ് പ്രാമുഖ്യം. അതിനാണ് സർക്കാർ ശ്രമിക്കുന്നത്'', ഇക്കാര്യമാണ് താൻ ഡൽഹിയിലെ സംവാദത്തിൽ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി രാജീവിന്റെ പ്രതികരണം തള്ളി ഡബ്ല്യുസിസി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി അവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരൻ പ്രതികരിച്ചു. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നിൽക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി ഇംഗ്ലീഷ് ദിനപത്രം ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പി രാജീവ് പറഞ്ഞത്. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇതിന് വിരുദ്ധമായ ആവശ്യം മന്ത്രിയോട് ഡബ്ല്യുസിസി ഉന്നയിച്ചുവെന്നാണ് അഭിമുഖത്തിൽ പറയുന്നത്. 'ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാൻ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ എന്നോട് പറഞ്ഞു', മന്ത്രി പി.രാജീവിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. ഇതിന്റെ പഠന റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ നടി പാർവതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങൾ സർക്കാരിനെതിരെ വിമർശനം നടത്തിയിരുന്നു. പാർവ്വതിയും മറ്റും റിപ്പോർട്ട് പുറത്തു വിടണമെന്ന പക്ഷത്താണ് ഇപ്പോഴും.
ഇതിനിടെയാണ് മന്ത്രി പി.രാജീവ് ഡബ്ല്യുസിസിയെ വെട്ടിലാക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. കമ്മീഷൺ എൻക്വയറി ആക്ട് പ്രകാരം രൂപവത്കരിച്ച സമിതി അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി അഭിമുഖത്തിൽ പറയുന്നു. സമിതിയുടെ നിർദ്ദേശങ്ങൾ നിയമ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. പുതിയ നിയമം വേണമെങ്കിൽ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ