പി വി അൻവർ എം എൽഎ ഇപ്പോൾ ആരാന്നാ വിചാരം ? പ്രസിദ്ധനല്ലേ....സുപ്രസിദ്ധൻ. അൻവർ എംഎൽഎയുടെ മഴ തിയറി മലയാളത്തിന്റെ അതിരുകൾ ഭേദിച്ച് ഹിറ്റാവുകയാണ്. പണി തേടി കേരളത്തിലെത്തിയ തമിഴ്‌നാട്ടുകാരെ കളിയാക്കുന്നവർ ഇതു കൂടി അറിയുക. നമ്മുടെ പുരോഗമനകക്ഷി പിന്തുണച്ച് വിജയിപ്പിച്ചെടുത്ത എം എൽ എയാണ് തമിഴകത്തെ താരം, പ്രത്യേകിച്ച് തമിഴകത്തെ ടി വി ചാനലുകളിൽ.

വരാനുള്ളത് വഴിയിൽ തങ്ങില്ല. വാതുറന്നാൽ മൊഴിമുത്തുകളെല്ലാം പണി തരികയും ചെയ്യും.പാവം പി.വി.അൻവർ എംഎൽഎ
നടത്തിയ ഒരു പത്രസമ്മേളനമാണ് നമ്മുടെ അയൽ നാട്ടിലും ഹിറ്റായത്. .കഞ്ഞി കുടിച്ച് ഉണക്ക മീനും തിന്ന് ഒരു പായും കിട്ടിയാൽ ഒന്നുമറിയാതെ സുഖനിദ്രയിലേക്ക് വീണുപോകുന്നയാളാണ്. എന്നിട്ടാണ് കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ പേരിൽ എല്ലാവരും കൂടി പ്രസ് ക്‌ളബ്ബിലിരുത്തി നിലമ്പൂർ എംഎൽഎയെ കരയിക്കുന്നത്. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ കണ്ട തമിഴർ പോലും ഇപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ്.

വാട്ടർതീം പാർക്കിനെതിരെ രംഗത്ത് വന്നിരിക്കുന്ന ജപ്പാൻ ചാരന്മാരെ കുറിച്ച് പരിഭവം പറയുമ്പോൾ, പി.വി.അൻവറിനും തോന്നി ഇങ്ങനെയൊരു ചോദ്യം...ജപ്പാനിൽ മഴ പെയ്യുന്നത് ഇവിടെ വെസ്റ്റേൺ ഗാട്സിൽ നിന്ന് കാർമേഘങ്ങൾ ഇവിടുന്ന് സഞ്ചരിച്ച് ജപ്പാനിൽ പോയിട്ടാണ് പെയ്യുന്നത്. അവർക്ക് കുടിക്കാൻ വെള്ളം കിട്ടുന്നത് ...ഈ വെസ്റ്റേൺ ഘാട്സിൽ നിന്നുള്ള കാർമേഘങ്ങൾ അവിടെ എത്തിയിട്ടാണ്. ...അപ്പോൾ ജപ്പാന്റെ ആവശ്യമെന്താണ്?

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ചതുകൊണ്ടൊന്നുമല്ല ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്. ഞാനും നായനാരും ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങിയതോടെ, ഇനി നിന്നിട്ട് കാര്യമില്ലെന്നുകണ്ട് ബ്രിട്ടീഷുകാർ ഓടിപ്പോയതാണ്, എന്ന് നിയസഭയിൽ സീതിഹാജി പറഞ്ഞത് തന്റെ പരിമിതികളെ കളിയാക്കാനുള്ള രസികത്തം കൊണ്ടായിരുന്നു. അൻവറും ഒരുപക്ഷേ അതാവാം ഉദ്ദേശിച്ചത്....അതുകൊണ്ടാണ് അദ്ദേഹം ഇതുപറയുന്നത്....വെസ്റ്റേൺ ഗാട്ട്സിന്റെ വന വ്യാപ്തി കൂട്ടണം ..അവർക്ക് കുടിക്കാൻ വെള്ളം കിട്ടണമെങ്കിൽ.ഇതാണ് അണ്ടർസ്റ്റാൻഡിങ്....ജപ്പാനിലിരിക്കുന്ന സായിപ്പിന് കുടിക്കാൻ ഈ നാട്ടിലെ ജനങ്ങളുടെ കുടിവെള്ളം... അപ്പൊ എന്ത് വേണം..ഒരുസ്ഥലത്തും വെള്ളം കെട്ടി നിർത്താൻ പാടില്ല...ഈ വെള്ളം മുഴുവൻ കടലിലേക്ക് അടിച്ചിറക്കണം....നീരാവിയുണ്ടാകണം..നീരാവിയുണ്ടായി കാർമേഘമുണ്ടാകണം..ആ കാർമേഘം ജപ്പാനിലേക്ക് പോകണം..അതിന് പണം വാങ്ങി നടക്കുന്നവരാണ് ഇവരൊക്കെ...

അൻവർ എംഎൽ എയുടെ പത്രസമ്മേളനവും മഴ തിയറിയും അപ്പാടെ തമിഴർക്കു ബോധിച്ചു. ജനപ്രതിനിധിയുടെ സമാന്യവിജ്ഞാനം അവർ ടി വിയിൽ സംപ്രഷണം ചെയ്തു, മികച്ച ഹാസ്യപരിപാടിയായി.... ഇതിൽപരം അംഗീകാരം കിട്ടാനുണ്ടോ.


ദിനമലർ സംപ്രഷണം ചെയ്ത വീഡിയോ കാണാം