മലപ്പുറം: പി.വി അൻവർ എംഎ‍ൽഎയെ അറസ്റ്റിൽ നിന്നും രക്ഷിക്കാൻ രണ്ടാം തവണയും 50 ലക്ഷം രൂപയുടെ ക്രഷർ തട്ടിപ്പു കേസ് സിവിൽ സ്വഭാവമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് മലപ്പുറം ഡി.വൈ.എസ്‌പി പി. വിക്രമൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ സിവിൽ സ്വഭാവമെന്നും കാണിച്ച് ക്രൈം ബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ട് സമർപ്പിച്ച മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി പി. വിക്രമൻ തന്നെയാണ് രണ്ടാമതും സിവിൽ സ്വഭാവമെന്നും കാണിച്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിൽ എതിർവാദമുണ്ടെങ്കിൽ 22ന് അറിയിക്കാൻ പരാതിക്കാരൻ നടുത്തൊടി സലീമിന് കോടതി നോട്ടീസ് അയച്ചു.

മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അൻവർ മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ നടുത്തൊടി സലീമിൽ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പരാതി.

തട്ടിപ്പിനിരയായ സലീമിനെ വഞ്ചിക്കാൻ പി.വി അൻവറിന് ഉദ്ദേശ്യമില്ലായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിയല്ലെന്നു വ്യക്തമാക്കിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ടേറ്റ് എസ്. രശ്മി നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളിയത്. ക്രഷറിന്റെ ഉടമസ്ഥാവകാശം പി.വി അൻവറിനാണെന്ന് തെളിയിക്കുന്നതടക്കമുള്ള ഒരു രേഖകളും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു.

എന്നാൽ ഇത്തവണ ക്രഷറും സ്ഥലവും 2.60 കോടി രൂപക്ക് കാസർഗോഡ് സ്വദേശി ഇബ്രാഹിമിൽ നിന്നും പി.വി അൻവർ വിലക്കുവാങ്ങിയതിന്റെ കരാറും പാർടണർ ഷിപ്പ് കരാറിന്റെ പകർപ്പും ക്രൈം ബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 30ന് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന് കടകവിരുദ്ധമാണ് ക്രഷർ ഉൾപ്പെടുന്ന സ്ഥലം അൻവർ വിലക്കുവാങ്ങിയെന്ന കരാർ.

ക്രഷർ സർക്കാരിൽ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുൻ ഉടമസ്ഥനായിരുന്ന ഇബ്രാഹിമിന്റെ മൊഴി. ഈ മൊഴി അടക്കം ചൂണ്ടികാട്ടിയാണ് പി.വി അൻവർ കരാറിൽ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷർ എന്ന് പറയുന്നതും ക്രഷർ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്ന് അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്‌പി വ്യക്തമാക്കിയത്.

ഒരു രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പൊട്ടിച്ച് തുർക്കുളകെ സ്റ്റോൺ ക്രഷേഴ്‌സ് എന്ന ലെറ്റർ ഹെഡിലുള്ള കരാർ 50 രൂപയുടെ മുദ്രപത്രമാക്കി റീവാലിഡേറ്റ് ചെയ്തായി കാണിച്ചിട്ടുണ്ട്. കരാറിൽ 10 ലക്ഷം രൂപ അഡ്വാൻസ് നൽകുന്നതായാണ് വ്യക്തമാക്കിയിട്ടുള്ളത്. ബാക്കി തുക കൈമാറി ക്രഷറും സ്ഥവും അടക്കം പി.വി അൻവറിന്റെ പേരിലേക്കു മാറ്റിയ ആധാരമോ മറ്റു രേഖകളോ ഒന്നും തന്നെ ക്രൈം ബ്രാഞ്ച് ഹാജരാക്കിയിട്ടില്ല. 2016, 2021 വർഷങ്ങളിൽ ൽ നിലമ്പൂരിൽ നിന്നും നിയമസഭയിലേക്കും 2019തിൽ പൊന്നാനിയിൽ നിന്നും ലോക്‌സഭയിലേക്കും മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തു വിവരങ്ങളിൽ കർണാടകയിൽ 2.60 കോടി രൂപയുടെ സ്വത്തുവിവരങ്ങൾ അൻവർ വെളിപ്പെടുത്തിയിട്ടില്ല.

സലീം അടക്കം 12 പേർ ഒപ്പു വെച്ച പാർടണർ ഷിപ്പ് ഡീഡും ക്രൈം ബ്രാഞ്ച് ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു പാർടണർ ഷിപ്പ് ഡീഡിൽ ഒപ്പുവെച്ചിട്ടില്ലെന്നും അൻവറുമായി മുദ്രപത്രത്തിൽ ഉണ്ടാക്കിയ കരാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഹാജരാക്കിയ കരാറും പാർടണർ ഷിപ്പ് ഡീഡും വ്യാജമായി നിർമ്മിച്ചതാണുമെന്ന ഗുരുതരമായ ആരോപണമാണ് സലീം ഉന്നയിക്കുന്നത്.

പാട്ടത്തിന് നൽകിയ കർണാടക സർക്കാർ ഭൂമിയിലാണ് ഇബ്രാഹി ക്രഷർ നടത്തിയിരുന്നതെന്ന് ബൽത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്ത് ഡെവലപ്പ്‌മെന്റ് ഓഫീസർ ക്രൈം ബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കർണാടക സർക്കാർ ഭൂമി എങ്ങിനെയാണ് പി.വി അൻവറിന് വിൽപ്പന നടത്താൻ കഴിയുകയെന്നുമാണ് സലീം ഉയർത്തുന്ന ചോദ്യം. ക്രഷർ തട്ടിപ്പ് സിവിൽ കേസാക്കിയുള്ള ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും സലീം വ്യക്തമാക്കി.

നേരത്തെ കേസന്വേഷിച്ച മഞ്ചേരി പൊലീസ് കേസ് സിവിൽ സ്വഭാവമെന്ന് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അത് തള്ളിക്കളഞ്ഞ് ഹൈക്കോടതിയാണ്
ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നു കാണിച്ച് പി.വി അൻവർ പുനപരിശോധനഹാർജി സമർപ്പിച്ചെങ്കിലും അതു തള്ളിയ ഹൈക്കോടതി എംഎ‍ൽഎ പ്രതിയായ ഗൗരവകരമായ സാമ്പത്തിക തട്ടിപ്പാണെന്നും വിലയിരുത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ ഉത്തരവിട്ടത്.

ഇതിനു പിന്നാലെ ക്രൈം ബ്രാഞ്ച് പി.വി അൻവറിനെ രക്ഷിക്കാൻ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ സലീം കോടതിയെ സമീപിക്കുകയും കോടതി ക്രൈം ബ്രാഞ്ച് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കുകയും ചെയ്തിരുന്നു. വഞ്ചനാകുറ്റത്തിന് ഐ.പി.സി 420 പ്രകാരം ജാമ്യമില്ലാവകുപ്പിൽ ഏഴു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അൻവറിനെതിരെ ചുമത്തിയിരുന്നത്. കേസിൽ എംഎ‍ൽഎയെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് സിവിൽ സ്വഭാവമെന്ന് രണ്ടാമതും റിപ്പോർട്ട് നൽകിയത്.