തിരുവനന്തപുരം: കല്ലുവെട്ടിയും മണ്ണ് ചുമന്നും ഐപിഎസിന്റെ പടികയറിയ പൊലീസുകാരനാണ് മലയാളിയുടെ പ്രിയപ്പെട്ട കേരളാ ആംഡ് പൊലീസ് ഡിഐജി പി വിജയൻ. ഈ സ്‌നേഹം തന്നെയാണ് സിഎൻഎൻഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരത്തിന്റെ വോട്ടെടുപ്പിലും പ്രതിഫലിക്കുന്നത്. വിജയൻ ഐപിഎസിന്റ ബഹുമുഖ പ്രതിഭയ്ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തെ ഐബിഎൻ ചാനലിന്റെ 'പേഴ്‌സൺ ഓഫ് ദ ഇയർ' അവാർഡിനായി പരിഗണിക്കപ്പെട്ടതിനെ മലയാളി കാണുന്നത്. പബ്ലിക് സർവീസ് വിഭാഗത്തിൽ പ്രേക്ഷക വോട്ടിംഗിൽ ഒന്നാം സ്ഥാനത്ത് വിജയനെ എത്തിച്ചതും ഇതു തന്നെ.

അസിം പ്രേംജിയും ഇന്ത്യൻ ആർമിയും ഡോക്ടർ എം ആർ രാജഗോപാലും വോട്ടെടുപ്പിൽ വിജയന് പിന്നിലാണ്. പേഴ്‌സൺ ഓഫ് ഇയറിന്റെ വിവിധ വിഭാഗങ്ങളിലായി അമീർ ഖാനും അമിത് ഷായും പോലുള്ള വമ്പന്മാരുണ്ട്. ഇവർക്കെല്ലാം കിട്ടിയ വോട്ടുകൾ പരിശോധിച്ചാലും വിജയന് തന്നെയാണ് മുൻതൂക്കം. സിഎൻഎൻ-ഐബിഎന്നിന്റെ ജഡ്ജിങ് പാനലും ഈ വികാരം അംഗീകരിച്ചാൽ പ്രവർത്തന മികവിനുള്ള നേർ സാക്ഷ്യമായി അവാർഡ് വിജയന് ഉറപ്പിക്കാം.

വർഷാവസാനം ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന പുരസ്‌ക്കാരങ്ങളിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന അവാർഡാണ് സിഎൻഎൻഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം. ഇന്ത്യയിലെ വിവിധ മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി നൽകുന്ന പുരസ്‌ക്കാരം അർത്ഥവത്തായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മലയാളക്കരയ്ക്ക് അഭിമാനമായി മെട്രോമാൻ ഇ ശ്രീധരൻ സ്വന്തമാക്കിയിട്ടുള്ള പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം മറ്റൊരു മലയാളി കേരളക്കരയിലേക്ക് കൊണ്ടുവരുമോ എന്നാണ് ഇനി അറിയാനുള്ളത്. അവാർഡിന്റെ രാഷ്ട്രീയ വിഭാഗത്തിൽ മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരും ഈടംപിടിച്ചിട്ടുണ്ട്. പബ്ലിക് സർവീസ് വിഭാഗത്തിലെ ഡോക്ടർ എം ആർ രാജഗോപാലും മലയാളിയാണ്.

സംസ്ഥാന ഇന്റലിജൻസിൽ ഡി.ഐ.ജിയായ വിജയൻ പൊതുജനസേവകരുടെ പട്ടികയിലാണുള്ളത്. ഇന്ത്യൻ ഒഫ് ദി ഇയർ മത്സരത്തിനുള്ളത് ചില്ലറക്കാരല്ല. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ശശിതരൂർ എംപി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ഐ.സിഐസി.ഐ സിഇഒ ചന്ദാ കൊച്ചാർ, നോവലിസ്റ്റ് ചേതൻഭഗത്, അഭിനേതാക്കളായ കങ്കണാ റാവത്ത്, ഷാരൂഖ് ഖാൻ, ഫറാഖാൻ, സൽമാൻഖാൻ, അമേരിക്കയിലെ സർജൻ ജനറൽ വിവേക് മൂർത്തി എന്നിങ്ങനെ പട്ടികനീളുന്നു.

വിജയന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഔവർ റസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, ശബരിമലയിലെ പുണ്യം പൂങ്കാവനം, സ്ത്രീ സൗഹൃദ ഓട്ടോ, ഷാഡോപൊലീസ് തുടങ്ങിയ നൂതനപദ്ധതികളാണ് പരിഗണിക്കുന്നത്. വിദ്യാർത്ഥികളിൽ പൗരബോധവും നിയമബോധവും സൃഷ്ടിക്കാനായി നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ്‌കേഡറ്റ് (എസ്‌പി.സി), ലഹരിഉപയോഗത്തിലും മോഷണക്കേസുകളിലുംപെട്ട കുട്ടികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ഔവർ റസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതികളെ അമേരിക്കയിലെ ഏറ്റവുംവലിയ ആരോഗ്യസർവകലാശാലയായ ഹോപ്കിൻസ് നേരത്തേ ആദരിച്ചിരുന്നു.

രണ്ട് പദ്ധതികളുടേയും നോഡൽ ഓഫീസറായ വിജയന് പ്രത്യേക ഫെല്ലോഷിപ്പും സർവകലാശാല അനുവദിച്ചിട്ടുണ്ട്. 1999 ബാച്ച് ഐ.പി.എസുകാരനായ വിജയൻ കോഴിക്കോട് സ്വദേശിയാണ്. ആരോഗ്യവകുപ്പ് സ്‌പെഷൽ സെക്രട്ടറി ഡോ.ബീനയാണ് ഭാര്യ.