- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളുന്തു ചാക്കുകൾ കയറ്റിയ ട്രാക്റ്ററിനെ ഒറ്റയ്ക്ക് 50 അടി താഴ്ചയിലേക്ക് മറിച്ച 'പടയപ്പ'; ഒറ്റയാനെ ഓടിച്ചു വിട്ട പഴയ രക്ഷകൻ; ലക്ഷണമൊത്ത കാട്ടുകൊമ്പൻ ശിവയേയും ഭാര്യ മുത്തുവിനേയും ബന്ദിയാക്കിയത് മണിക്കൂറുകൾ; മതിൽ തകർത്ത് വാഴ തീറ്റി; പടയപ്പ 'ശാന്തത' കൈവിടുന്നോ? മൂന്നാർ ആശങ്കയിൽ
മൂന്നാർ; പടയപ്പ സർവ്വസ്വതന്ത്രൻ. കാടാണ് വീടെങ്കിലും രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ അവൻ തോന്നുന്നിടത്തെല്ലാം കറങ്ങി നടക്കും. ഒരു കൂസലുമില്ലാതെ. ഉപദ്രവകാരിയല്ലാത്തതിനാൽ നാട്ടുകാർക്കും ഇവൻ പ്രിയപ്പെട്ടവനാണ്. പക്ഷേ അക്രമം നടത്തുന്നില്ലെങ്കിലും ഈ ആനയുടെ സാന്നിധ്യം മൂന്നാറിന് ഭീതിയാവുകയാണ്. ഭക്ഷണം കഴിക്കാനെത്തിയാൽ അത് മുഴുവൻ കഴിച്ചു തീർത്തേ മടങ്ങൂ. കഴിഞ്ഞ ദിവസം അർധരാത്രി വീട്ടുമുറ്റത്തെത്തി ദമ്പതികളെ മൂന്ന് മണിക്കൂർ ബന്ധികളാക്കി പടയപ്പ ഭക്ഷണം കഴിച്ചു.
ദിവസങ്ങളായി മൂന്നാർ ടൗൺ മേഖലയിൽ ചുറ്റിത്തിരിയുന്ന ഈ കാട്ടുകൊമ്പൻ ആന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മൂന്നാർ കോളനിയിലാണ് ഞായർ രാത്രി എത്തിയത്. 11 മണിയോടെ, ഇവിടെ താമസിക്കുന്ന ശിവയുടെ വീടിന്റെ ചുറ്റുമതിൽ തകർത്ത് മുറ്റത്തു കയറി വാഴ തിന്നാനാരംഭിച്ചു. വീട്ടുകാർ ഭയന്നു. വാഴ കഴിച്ച് സാവധാനം അവൻ മടങ്ങി.
ശിവയും ഭാര്യ മുത്തും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പിൻഭാഗം ഉയരത്തിൽ കട്ടിങ് ആയതിനാൽ മുൻവശത്തു കൂടി മാത്രമാണ് ഇവർക്കു പുറത്തിറങ്ങാൻ വഴിയുള്ളത്. ആന മുറ്റത്തു നിലയുറപ്പിച്ചതോടെ ഇരുവരും ഭയന്നുവിറച്ചു. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല. പുലർച്ചെ രണ്ടിനു സമീപവാസികൾ പന്തം കൊളുത്തിയും ഒച്ചവച്ചുമാണ് ആനയെ മുറ്റത്തു നിന്നകറ്റിയത്.
രാത്രി എട്ടേമുക്കാലിനാണ് കൊമ്പൻ കോളനിയിൽ എത്തിയത്. ഈ സമയത്തൊക്കെ റോഡിലും കടകളിലും ആളുണ്ടായിരുന്നു. മെയിൻ റോഡിലൂടെ നടന്ന പടയപ്പയെ നാട്ടുകാർ ബഹളമുണ്ടാക്കി കാടുകയറ്റി. അതിനുശേഷമാണ് 11 മണിയോടെ തിരികെയെത്തിയത്. കെഎസ്ആർടിസി ബസ് തടഞ്ഞും പഴം പച്ചക്കറി കട തകർത്തും റോഡിലിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചും രണ്ടാഴ്ചയോളമായി പടയപ്പ മൂന്നാർ ടൗണിലും ചുറ്റുവട്ടത്തും തന്നെ തുടരുകയാണ്. ഇത് നാട്ടുകാർക്കും തലവേദനയാണ്.
മൂന്നാറിലെ തമിഴ് തൊഴിലാളികളാണ് 'പടയപ്പ'യെന്ന ഓമനപ്പേരിൽ ഈ ആനയെ വിളിച്ചുതുടങ്ങിയത്. കാട്ടാനക്കൂട്ടങ്ങൾ ഇടുക്കിയിലെ എസ്റ്റേറ്റ് മേഖലകളിൽ ഇറങ്ങി ആക്രമണങ്ങൾ സൃഷ്ടിക്കുമ്പോൾ ആരെയും ഉപദ്രവിക്കാതെ ഭക്ഷണസാധനങ്ങൾ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുന്ന രീതിയാണ് 'പടയപ്പ'യ്ക്കുള്ളത്.
കോവിഡ് ലോക്ഡൗൺ സമയത്ത് മൂന്നാർ ടൗണിൽ സ്ഥിരം സന്ദർശകനായ ഈ കാട്ടാന മാസങ്ങൾ പിന്നിട്ടെങ്കിലും ഉൾക്കാട്ടിലേക്ക് പോകാൻ തയാറായില്ല. ആദ്യകാലങ്ങളിൽ ട്രാക്ടർ 'പടയപ്പ'യ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഖലയിൽ തമ്പടിച്ചതോടെ ആ ഭയവും ഇല്ലാതായി. പ്രായാധിക്യം മൂലം കാട്ടിൽ പോയി ആഹാരം കണ്ടെത്താൻ കഴിയാത്തതിനാൽ ജനവാസമേഖലയിലെ സമീപങ്ങളിലാണ് ഈ ആനയെ പൊതുവേ കാണാറുള്ളത്.
'പടയപ്പ'യും കാട്ടിൽനിന്നിറങ്ങിയ ഒറ്റയാനും തമ്മിൽ മുമ്പ് ഏറ്റുമുട്ടിയിരുന്നു. സ്വതവേ ശാന്തസ്വഭാവമുള്ള 'പടയപ്പ' ആ സംഭവത്തിന് ശേഷം അൽപം പ്രകോപിതനാണെന്നാണ് നാട്ടുകാർ പറയുന്നത്. കൊളുന്തു ചാക്കുകൾ കയറ്റിയ ട്രാക്റ്റർ 'പടയപ്പ' 50 അടി താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടിരുന്നു. ആന എതിരെ വരുന്നത് കണ്ട് ട്രാക്ടറിൽ ഉണ്ടായിരുന്ന രണ്ടു തൊഴിലാളികളും ഡ്രൈവറും ഇറങ്ങി ദൂരെ മാറി നിന്നതാണ് അന്ന് ആളപായം ഒഴിവാക്കിയത്.
കെ എസ് ആർ ടി സി ബസിനെ തടഞ്ഞതും മുമ്പ് ആശങ്കയായി. ഡ്രൈവറുടെ മനസാന്നിധ്യമാണ് അന്ന് അപകടം ഒഴിവാക്കിയത്. ഭക്ഷണം കഴിക്കാനെത്തി മതിൽ പൊളിപ്പും തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ പടയപ്പയെ മൂന്നാർ ഇപ്പോൾ ഭയന്ന് തുടങ്ങുകയാണ്. അബദ്ധത്തിൽ മുമ്പിപ്പെടുമ്പോൾ ഭയന്നിട്ടോ അകാരണമായി പ്രകോപിപ്പിക്കുമ്പോഴോ മാത്രമാണ് ഇവൻ പേരിനെങ്കിലും ആക്രമണകാരിയാവാറുള്ളു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ആക്രണ ചെയ്തില്ലങ്കിൽ ആൾ ശാന്ത സ്വഭാവക്കാരനാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പടയപ്പയെക്കുറിച്ച് പറയാൻ മൂന്നാർ നിവാസികൾക്ക് നൂറ് നാക്കാണ്. കക്ഷി ലക്ഷണമൊത്ത കാട്ടുകൊമ്പനാണ്. ഏതാനും വർഷങ്ങളായി ഇവൻ മൂന്നാറിലും പരിസരത്തുമായി ചുറ്റി നടക്കുന്നുണ്ട്. നടപ്പും ശരീരഭാഷയുമൊക്കെ കണ്ടിട്ട് രജനി ഫാൻസുകാർ ആരോ ആണ് ഇവന് പടയപ്പ എന്ന് പേരിട്ടതെന്നാണ് പ്രചരിച്ചിട്ടുള്ള വിവരം. പട്ടണത്തിൽക്കൂടിയുള്ള യാത്രയ്ക്കിടെ കഴിക്കാൻ എന്തെങ്കിലും കിട്ടിയാൽ കക്ഷി അകത്താക്കും. ഇതൊഴിച്ചാൽ ഇവനെക്കൊണ്ട് തങ്ങൾക്ക് യാതൊരുശല്യവുമില്ലന്നാണ് നാട്ടുകാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
മറുനാടന് മലയാളി ബ്യൂറോ