തിരുവനന്തപുരം: കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ വയോധികന്റെ മൃതദേഹം കരമനയാറ്റിൽ കണ്ടെത്തിയതിന് പിന്നിൽ വൻ ദുരൂഹത. മയക്കു മരുന്ന് മാഫിയയ്ക്കെതിരെ പൊരുതിയ വ്യക്തിയാണ് മരിച്ചത്. അതിനിടെ കേസ് അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്. ആത്മഹത്യയെന്ന് വരുത്താനാണ് ശ്രമം. ആത്മഹത്യയാണെങ്കിൽ പോലും അതിന് പിന്നിൽ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനമുണ്ടെന്നാണ് സൂചന.

ആറ്റുകാൽ ക്ഷാത്രത്തിന് സമീപത്താണ് കെ എസ് പത്മകുമാർ താമസിച്ചിരുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സിലെ ജീവനക്കാരനായിരുന്ന പത്മകുമാർ വട്ടിയൂർക്കാവുകാരനാണ്. ഇവിടെ വീടുമുണ്ട്. ഈ മേഖലയിലെ മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പത്മകുമാർ നിരന്തര പോരാട്ടത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പലവിധ ഭീഷണികൾ പത്മകുമാറിനുണ്ടായിരുന്നു. വട്ടിയൂർക്കാവ് പൊലീസിലും ഫോർട്ട് പൊലീസിന് മുമ്പിലുമെല്ലാം ഈ പരാതികൾ എത്തുകയും ചെയ്തു. എന്നാൽ എല്ലാം മയക്കുമരുന്ന് മാഫിയ അട്ടിമറിക്കുകയായിരുന്നു. ഇതിനിടെയാണ് പത്മകുമാർ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.

കാണാതായപ്പോൾ തന്നെ കുടുംബം പരാതി നൽകിയിരുന്നു. കരമന മരുതൂർക്കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള മാനസിക പ്രശ്നങ്ങളൊന്നും പത്മകുമാറിനില്ല. വട്ടിയൂർക്കാവ് നെട്ടയത്താണ് പത്മകുമാറിന്റെ കുടുംബ വീട്. ഇവിടെ വീടുമുണ്ട്. ഈ വീട് വാടകയ്ക്ക് കൊടുത്തതുമായി ബന്ധപ്പെട്ടാണ് മാഫിയ ഇടപെടൽ നടക്കുന്നത്. നെട്ടയത്ത് മയക്കുമരുന്ന് കച്ചവടം സജീവമാണ്. വീടുകൾ വാടകയ്ക്കെടുത്ത് മയക്കുമരുന്ന് വിൽക്കുന്ന സംഘം ഈ മേഖലയിൽ സജീവമാണ്. എന്നാൽ പൊലീസു പോലും ഒത്താശ ചെയ്യുകയാണ് അവർക്കെന്നാണ് പരാതി.

പത്മകുമാർ മാത്രമല്ല, നെട്ടയത്തുള്ള മറ്റു ചിലരും ഈ മാഫിയയ്ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടിയൊന്നും എടുത്തില്ല. അതുകൊണ്ട് തന്നെ ആരും മാഫിയയ്ക്കെതിരെ ശബ്ദിക്കാതെയായി. അപ്പോഴും പത്മകുമാർ ഉറച്ച നിലപാടുമായി മുമ്പോട്ട് പോയി. ആറ്റുകാലിലാണ് താമസം എങ്കിലും പത്മകുമാർ പോരാട്ടം തുടർന്നു. ഇതിനിടെ പലവിധ ഭീഷണികളെത്തി. അതൊന്നും പൊലീസ് വേണ്ട വിധത്തിൽ അന്വേഷിച്ചില്ല. പത്മകുമാറിന്റെ അടുത്ത ബന്ധുക്കളും ഈ മാഫിയയുടെ ഭാഗമാണ്.

നെട്ടയത്ത പത്മകുമാറിന്റെ വീട് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഈ വീടുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നാട്ടുകാർക്കുമുണ്ട്. ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളാണ് വട്ടിയൂർക്കാവ് പൊലീസിന് മുമ്പിൽ പരാതികളായി മാറിയത്. അയൽക്കാരിൽ അവിടെ നടക്കുന്ന കാര്യങ്ങൾ ആറ്റുകാലിലുള്ള പത്മകുമാറിനെ അറിയിക്കുന്നുണ്ടെന്നാണ് മയക്കുമരുന്ന് മാഫിയയുടെ പരാതി. ഇതേ തുടർന്നു ഒരു സംഘം ആറ്റുകാലിലുള്ള വീട്ടിലെത്തി അക്രമം നടത്തി. ഭാര്യയെ അടക്കം ആക്രമിച്ചു. ഇതിൽ പത്മകുമാർ ഫോർട്ട് പൊലീസിൽ പരാതി നൽകി. നടപടികൾ ഉണ്ടായില്ല. ഇതിന് പിന്നാലെ കമ്മീഷണർക്കും പരാതി കൈമാറിയിരുന്നു.

പത്മകുമാറിന്റെ വീട്ടിൽ അക്രമം നടത്തിയവർ നെട്ടയത്തും പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കി. ഇതെല്ലാം രണ്ടു മാസത്തിനിടെ ഉണ്ടായ സംഭവങ്ങളാണ്. അതിനിടെ പത്മകുമാറിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസിന് കിട്ടിയെന്നും സൂചനകളുണ്ട്. അങ്ങനെ ആണെങ്കിൽ അതിൽ പറയുന്ന അടുത്ത ബന്ധുക്കൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കേണ്ടതാണ്. അതും ഉണ്ടാകുന്നില്ല. ഇതിന് കാരണം മയക്കു മരുന്ന് മാഫിയയുടെ സ്വാധീനമാണെന്നാണഅ സൂചന.

നല്ല മഴക്കാലത്താണ് പത്മകുമാറിന്റെ മരണം. കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടാണ് മരണമെന്ന് പോലും വാദമുണ്ട്. ഫയർഫോഴാസാണ് മൃതദേഹം ഒഴുക്കിൽ നിന്ന് കണ്ടെത്തിയതെന്നാണ് വസ്തുത. ആത്മഹത്യയല്ല സ്വാഭാവിക മരണമാണെന്ന് വരുത്താനാണ് കാലവർഷ കെടുതിയെ കുറ്റം പറയുന്നതിന് പിന്നിലെ ബുദ്ധിയെന്നും ആക്ഷേപം ശക്തമാണ്. ചില മാധ്യമങ്ങൾ ഒഴുക്കിൽപ്പെട്ട് മരിച്ച പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തിയെന്ന തരത്തിൽ വാർത്ത നൽകിയിട്ടുണ്ട്.