ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് നടി ദീപിക പദുക്കോൺ പിന്മാറിയതായി റിപ്പോർട്ടുകൾ. പത്മാവതി വിവാദങ്ങളെ തുടർന്നാണ് ദീപികയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 28ന് ഹൈദരബാദിൽ നടക്കുന്ന ഗ്ലോബൽ എന്റർപ്രണർഷിപ് പരിപാടിയിൽ നിന്നാണ് ദീപിക പിന്മാറിയത്. ദീപിക പിന്മാറിയതായി തെലുങ്കാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

പരിപാടിയിലെ ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ് എന്ന സെഷനിൽ സംസാരിക്കാമെന്നായിരുന്നു ദീപിക ഏറ്റിരുന്നത്. ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ദീപികയുടെ പുതിയ ചിത്രമായ പത്മാവതിക്കെതിരെ ബിജെപിയും ഹിന്ദുത്വ സംഘടനകളും തുടർച്ചയായി കൊലവിളികൾ നടത്തിയിരുന്നു. ദീപികയുടെ തലവെട്ടുന്നവർക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ബിജെപി നേതാവ് രംഗത്ത് വന്നിരുന്നു.

ഉത്തർപ്രദേശ്, രാജസ്ഥാൻ മുഖ്യമന്ത്രിമാരും ചിത്രത്തിനെതിരെ വിമർശനങ്ങൾ നടത്തിയിരുന്നു. സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും റിലീസ് ചെയ്താൽ തിയേറ്റർ കത്തിക്കുമെന്ന് വരെ ഇവർ ഭീഷണി മുഴക്കിയിരുന്നു. ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ കർണി സേനയും രംഗത്തെത്തി.