- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്പോഴെല്ലാം സ്വന്തം രാജ്യത്ത് കലാപം ഉണ്ടാകുന്നോ അപ്പോഴെല്ലാം അതിനുപിന്നിൽ ഇന്ത്യയെന്ന വാദം ഉയർത്തുന്ന പതിവ് ആവർത്തിച്ച് പാക്കിസ്ഥാൻ; പാക് ആഭ്യന്തര മന്ത്രിതന്നെ പ്രസ്താവന നടത്തിയതോടെ അതിർത്തിയിലും സുരക്ഷ ശക്തമാക്കി ഇന്ത്യ; മതനിന്ദാ നിയമം കൊണ്ടുവന്നതിനെ തുടർന്ന് തീവ്ര ഇസ്ളാംവാദി സംഘടനകൾ തുടങ്ങിയ പ്രക്ഷോഭത്തിൽ പാക് നഗരങ്ങൾ കത്തുന്നു; ചാനലുകളും സോഷ്യൽമീഡിയയും നിരോധിച്ച് പ്രതിരോധം തീർത്ത് പാക് ഭരണകൂടം
ന്യൂഡൽഹി: എപ്പോഴെല്ലാം പാക്കിസ്ഥാനിൽ ആഭ്യന്തര കലാപമോ ഭരണ അട്ടിമറിക്ക് സാധ്യതയോ ഉണ്ടാകുന്നുണ്ടോ അപ്പോഴെല്ലാം ഇന്ത്യക്കെതിരെ പ്രസ്താവനയും അതിർത്തിയിൽ സൈനിക നീക്കവുമായി എത്തിയ ചരിത്രമുള്ള അയൽക്കാരാണ് പാക്കിസ്ഥാൻ. ഇപ്പോൾ പാക്കിസ്ഥാനിൽ വലിയ ആഭ്യന്തര സംഘർഷം നടക്കുന്നതിനിടെ അതിന് പിന്നിൽ ഇന്ത്യയാണെന്ന വാദമുയർത്തി പാക് ആഭ്യന്തരമന്ത്രി രംഗത്തെത്തിയതോടെ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. പാക്കിസ്ഥാനിൽ നിയമപരിഷ്‌കരണ നീക്കമാണ് ഇപ്പോൾ കലാപത്തിലേക്ക് നീങ്ങിയതിന് അടിസ്ഥാനമായത്. മതനിന്ദാപരം ആണ് നിയമപരിഷ്‌കാരം എന്ന് ആരോപിച്ചാണ് ചില തീവ്രഇസ്‌ളാം വാദികളായ സംഘടനകളുടെ നേതൃത്വത്തിൽ കലാപം തുടങ്ങിയത്. സെപ്റ്റംബറിൽ വരുത്തിയ നിയമപരിഷ്‌കരണത്തിന് പിന്നാലെ ചെറിയതോതിൽ തുടങ്ങിയ സമരം പിന്നീട് ദേശീയപാതാ ഉപരോധത്തിലേക്കും അക്രമങ്ങളിലേക്കും നീങ്ങി രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ വലിയ കലാപമായി മാറുകയായിരുന്നു. ഇത് പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നീക്കങ്ങളൊന്നും വിലപ്പോയില്ലെന്ന് മാത്രമല്ല, വ്യാപകമായ കൊള്ളിവയ്‌പ്പിലേക്കും
ന്യൂഡൽഹി: എപ്പോഴെല്ലാം പാക്കിസ്ഥാനിൽ ആഭ്യന്തര കലാപമോ ഭരണ അട്ടിമറിക്ക് സാധ്യതയോ ഉണ്ടാകുന്നുണ്ടോ അപ്പോഴെല്ലാം ഇന്ത്യക്കെതിരെ പ്രസ്താവനയും അതിർത്തിയിൽ സൈനിക നീക്കവുമായി എത്തിയ ചരിത്രമുള്ള അയൽക്കാരാണ് പാക്കിസ്ഥാൻ. ഇപ്പോൾ പാക്കിസ്ഥാനിൽ വലിയ ആഭ്യന്തര സംഘർഷം നടക്കുന്നതിനിടെ അതിന് പിന്നിൽ ഇന്ത്യയാണെന്ന വാദമുയർത്തി പാക് ആഭ്യന്തരമന്ത്രി രംഗത്തെത്തിയതോടെ ഇന്ത്യയും അതീവ ജാഗ്രതയിലാണ്.
പാക്കിസ്ഥാനിൽ നിയമപരിഷ്‌കരണ നീക്കമാണ് ഇപ്പോൾ കലാപത്തിലേക്ക് നീങ്ങിയതിന് അടിസ്ഥാനമായത്. മതനിന്ദാപരം ആണ് നിയമപരിഷ്‌കാരം എന്ന് ആരോപിച്ചാണ് ചില തീവ്രഇസ്‌ളാം വാദികളായ സംഘടനകളുടെ നേതൃത്വത്തിൽ കലാപം തുടങ്ങിയത്. സെപ്റ്റംബറിൽ വരുത്തിയ നിയമപരിഷ്‌കരണത്തിന് പിന്നാലെ ചെറിയതോതിൽ തുടങ്ങിയ സമരം പിന്നീട് ദേശീയപാതാ ഉപരോധത്തിലേക്കും അക്രമങ്ങളിലേക്കും നീങ്ങി രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ വലിയ കലാപമായി മാറുകയായിരുന്നു.
ഇത് പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നീക്കങ്ങളൊന്നും വിലപ്പോയില്ലെന്ന് മാത്രമല്ല, വ്യാപകമായ കൊള്ളിവയ്‌പ്പിലേക്കും അക്രമങ്ങളിലേക്കും നീങ്ങുകയും മന്ത്രിയുടെ വീട് ആക്രമിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. സൈന്യം രംഗത്തിറങ്ങിയെങ്കിലും കലാപകാരികളെ നിയന്ത്രിക്കാൻ കഴിയാതെ വന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
എന്നാൽ ഈ കലാപത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ രംഗത്തെത്തിയതോടെ വിഷയം അന്താരാഷ്ട്ര തലത്തിലും ചർച്ചയായിക്കഴിഞ്ഞു. എപ്പോഴൊക്കെ പാക്കിസ്ഥാനിൽ ആഭ്യന്തര പ്രശ്‌നം ഉണ്ടാകുന്നോ അപ്പോഴെല്ലാം ഇന്ത്യയാണ് അതിന് പിന്നിൽ എന്ന് ആരോപിക്കുന്ന പാരമ്പര്യം പാക്കിസ്ഥാനുണ്ട്. അല്ലെങ്കിൽ ആഭ്യന്തര കലാപത്തിന് മറപിടിക്കാനും അതിനെ ഇന്ത്യക്കെതിരായ രോഷമാക്കി തിരിക്കാനും അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടാക്കാറുമുണ്ട്. ഇക്കുറിയും അത്തരത്തിൽ നീക്കമുണ്ടാകുമെന്ന ആശങ്കയും ഉയർന്നതോടെ പാക്കിസ്ഥാനിലെ സ്ഥിതിഗതികളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
തിരഞ്ഞെടുപ്പു ചട്ടങ്ങളിൽ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന വിവിധ രാഷ്ട്രീയ കക്ഷികൾ ഇന്ത്യയുമായി ബന്ധപ്പെട്ടതായും ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പാക് ആരോപണം. പാക് ആഭ്യന്തരമന്ത്രി അഹ്സാൻ ഇക്‌ബാൽ ആണ് ആരോപണവുമായി എത്തിയത്. ഇക്കാര്യത്തിൽ രഹസ്യ വിവരം ലഭിച്ചതായും എന്തിനാണ് സമരക്കാർ ഇന്ത്യയെ സമീപിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചതായി പാക് മാധ്യമം ഡോൺ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ പാക്കിസ്ഥാനിലുണ്ടായ കലാപം അന്തർദേശീയ തലത്തിൽ ഇന്ത്യക്ക് എതിരായി പ്രയോജനപ്പെടുത്താനാകുമോ എന്ന തന്ത്രം പയറ്റുകയാണ് പാക്കിസ്ഥാൻ എന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇപ്പോൾ പാക്കിസ്ഥാനിൽ ഉണ്ടായ കലാപത്തിന് പിന്നിൽ സധാരണക്കാരായ പ്രതിഷേധക്കാരല്ല, പിന്നിൽ ദുരൂഹതയുണ്ട്. സമരത്തിൽ ടിയർഗ്യാസ് അടക്കമുള്ള ആയുധങ്ങൾ സമരക്കാർ ഉപയോഗിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. - ഇത്തരത്തിലാണ ്പാക് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. എന്നാൽ ഇതിന് പിന്നിൽ ഒരേസമയം കലാപകാരികൾക്ക് എതിരെയും ഇന്ത്യക്ക് എതിരെയും കാര്യങ്ങൾ തിരിച്ചുവിടാനുള്ള ഗൂഢ നീക്കമാണ് ഉള്ളതെന്ന് വ്യക്തമാകുന്നതായ നിരീക്ഷണവും പുറത്തുവരുന്നു.
കലാപകാരികൾ രാജ്യവിരുദ്ധരാണെന്ന് വരുത്താനും ഇന്ത്യക്കെതിരെ പാക് ജനതയുടെ വികാരം തിരിച്ചുവിടാനുമാണ് ശ്രമം നടക്കുന്നത്. ഇത് പാക്കിസ്ഥാൻ മുമ്പും പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ്. ഇന്ത്യക്കെതിരെ ആവുമ്പോൾ എല്ലാവരിലും പാക് ദേശീയവികാരം ഉണരുമെന്നും കലാപകാരികളെ ഒറ്റപ്പെടുത്താനാവുമെന്നും ഉള്ള ദ്വിമുഖ തന്ത്രമാണിപ്പോൾ പയറ്റുന്നതെന്ന് വിലയിരുത്തലും വന്നുകഴിഞ്ഞു.
അതേസമയം ഉപരോധത്തിൽ തുടങ്ങിയ സമര പരിപാടികൾ പാക് സേനയുടെയും പൊലീസിന്റെയും ഇടപെടലോടെയാണ് കലാപത്തിലേക്ക് വഴിമാറിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി മുതലാണ് പ്രതിഷേധങ്ങൾ തുടങ്ങുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ മതവിശ്വാസം വെളിപ്പെടുത്തുന്നത് അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ കലാപത്തിലേക്ക് വഴിമാറിയതോടെ ഇസ്ലാമാബാദിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു. പ്രദേശത്ത് ഒരു സുരക്ഷാഉദ്യോഗസ്ഥൻ മരിക്കുകയും ഇരുന്നൂറിലേറെപ്പേർക്ക് പരിക്കേൽക്കകയും ചെയ്തു. മരണസംഖ്യ പത്ത് കടന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഇസ്ലാമാബാദ്- റാവൽപിണ്ടി പാത പ്രതിഷേധക്കാർ ഉപരോധിക്കുകയാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും ഉപരോധം തുടർന്ന സാഹചര്യത്തിൽ ഇസ്ലാമാബാദ് ഹൈക്കോടതി ഇടപെടുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാരെ പാതയില് നിന്നു മാറ്റണമെന്നായിരുന്നു കോടതി നിർദ്ദേശം.പക്ഷെ ഇത് പാലിക്കപ്പെട്ടില്ല. തുടർന്ന് സർക്കാറിനെതിരെ സൈന്യം ഉൾപ്പെടെ ഇറങ്ങി നടപടികൾ ശക്തമാക്കി. സർക്കാറും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷം രൂക്ഷമായതും കലാപം തുടങ്ങിയതും ഇതോടെയാണ്.
തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഷഹ്ദാരയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കലാപകാരികൾ വാഹനങ്ങൾക്കു തീയിട്ടു. നിരവധി വാഹനങ്ങൾ പലയിടത്തുമായി കത്തിക്കുകയും ചെയ്തിട്ടുണ്ട്. കലാപത്തിന്റെ മറവിൽ കൊള്ളയും കൊള്ളിവയ്പും നടക്കുന്നു. ഇതോടെ കാര്യങ്ങൾ നിയന്ത്രണംവിട്ട നിലയിലായിട്ടുണ്ട്.
സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം തടഞ്ഞു. ഇതിന് പുറമെ സമൂഹ മാധ്യമങ്ങളും നിരോധിച്ചിട്ടുണ്ട്. ഇന്റർനെറ്റ് നിയന്ത്രണങ്ങളും വന്നിട്ടുണ്ട്. കാര്യങ്ങൾ സർക്കാരിൽ നിന്ന് കൈവിട്ടുപോകുന്ന എന്ന സൂചനയാണ് പുറത്തുവരുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ലഹോർ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ലഹോറിലെ പലയിടത്തും ജനങ്ങൾക്ക്പുറത്തിറങ്ങാൻ പറ്റാത്ത നിലയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനിടെയാണ് കലാപത്തിന് പിന്നിൽ എന്ന വിചിത്രവാദവുമായി പാക്ക് സർക്കാർ രംഗത്തുവന്നിട്ടുള്ളത്.
അതേസമയം വീട്ടുതടങ്കലിൽ നിന്നു തുറന്നുവിട്ട കൊടുംഭീകരൻ ഹാഫിസ് സയീദിനെ എത്രയും പെട്ടെന്നു അറസ്റ്റുചെയ്തില്ലെങ്കിൽ ഗുരുതര ഭവിഷ്യത്തു നേരിടേണ്ടിവരുമെന്ന് പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പുമായി എത്തിയതും പാക്കിസ്ഥാന് ക്ഷീണമായിട്ടുണ്ട്. 2008ൽ നടന്ന മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഫാഫിസ് സയീദായിരുന്നു. ജനുവരി മുതൽ വീട്ടുതടങ്കലിലായിരുന്ന ഹാഫിസ് സയീദിനെ കഴിഞ്ഞ വെള്ളിയാഴ്്ച മോചിതനാക്കിയിരുന്നു.
പാക്കിസ്ഥാന്റെ ഈ നടപടി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെക്കുറിച്ച് അസ്വസ്ഥജനകമായ സന്ദേശമാണ് നല്കുന്നത്. സ്വന്തം മണ്ണിൽ ഭീകരർക്ക് അഭയം നൽകില്ലെന്ന പാക്കിസ്ഥാന്റെ വാദം നുണയാണെന്ന് തെളിയിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി. സയീദിനെ അറസ്റ്റു ചെയ്യുക തന്നെ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന. ഭീകരനെ അറസ്റ്റുചെയ്തില്ലെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിൽ പോകില്ലെന്നും അമേരിക്ക മുന്നറിയിപ്പു നൽകിയിരുന്നു.