ന്യൂയോർക്ക്: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസോ ഒളാൻഡുമായി കൂടിക്കാഴ്ച നടത്തി. വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ആഗോളതലത്തിൽ തന്നെ പ്രസിദ്ധമായ കമ്പനികളുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്ത നരേന്ദ്ര മോദിക്ക് ഒരു താരത്തിന്റെ സ്വീകരണമാണു ലഭിക്കുന്നതെന്ന വിലയിരുത്തലാണ് പാക് ദിനപത്രമായ ദ നേഷൻ നടത്തുന്നത്.

അതേസമയം പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നതെന്നും പാക്കിസ്ഥാനിലെ ഇംഗ്ലീഷ് ദിനപത്രം കുറ്റപ്പെടുത്തി.

ലഭിച്ച സ്വീകരണവും വേദികളും താരതമ്യം ചെയ്താൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫ് ഏറെ പിന്നിലാണ്. നരേന്ദ്ര മോദി കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ്. ശത്രുകളോട് പോലും സാമർത്ഥ്യം കാണിച്ച് നേട്ടമുണ്ടാക്കാൻ കഴിവുള്ളയാണ്. ഇന്ത്യയുടെ രാഷ്ട്രീയ സൈനിക ആധിപത്യമാണ് മോദി ലക്ഷ്യം വയ്ക്കുന്നതെന്നും പത്രം വിലയിരുത്തുന്നു.

അമേരിക്കയിൽ എത്തിയപ്പോൾ വിവിധ വേദികൾ നരേന്ദ്ര മോദിക്കു മാത്രമായി ലഭിച്ചു. എന്നാൽ നവാസ് ഷെരിഫിനു യുഎന്നിലെ വേദി മാത്രമാണു കിട്ടിയതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിൻ പങ്കെടുക്കാനാണ് ഇരു രാജ്യങ്ങളുടെയും നേതാക്കൾ യുഎസിൽ എത്തിയത്.

ഇതിനിടെയാണ് മോദി വിവിധ രാഷ്ട്രത്തലവന്മാരുമായും ആഗോള കമ്പനികളുടെ സാരഥികളുമായും കൂടിക്കാഴ്ച നടത്തിയത്. അതിനിടെ, മോദിയെ പിന്തുണച്ച പാക്കിസ്ഥാനിൽ നിന്നുള്ളവരും രംഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പാക്കിസ്ഥാൻ പൗരന്മാരുടേതായുള്ള ട്വിറ്റർ- ഫേസ്‌ബുക്ക്‌ സന്ദേശങ്ങളാണ് ഇതിനു തെളിവായി പുറത്തുവിടുന്നത്.